കെപിസിസി പുനഃസംഘടനയിൽ അതൃപ്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മുൻ ഡിസിസി പ്രസിഡണ്ടും കെ.പി.സി.സി. അംഗവുമായ കാഞ്ഞങ്ങാട്ടെ സി.കെ. ശ്രീധരന്റെ പേര് വെട്ടി പുതിയ കെ.പി.സി.സി. ഭാരവാഹി ലിസ്റ്റ് പുറത്തുവിട്ടു. യുവത്വത്തിന് പ്രാധാന്യം നൽകുന്നുവെന്ന ന്യായേന സി.കെ. ശ്രീധരന്റെ പേര് വെട്ടി മാറ്റിയെങ്കിലും, പുതിയ ലിസ്റ്റിലുള്ളവരിൽ കൂടുതലും പഴയ മുഖങ്ങൾ തന്നെയാണ്.

ജില്ലയിലെ 11 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട .പി.സി.സി. അംഗങ്ങളുടെ ലിസ്റ്റിൽ പുതുമുഖങ്ങളാരും തന്നെയില്ല. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഷഷ്ഠിപൂർത്തിയും സപ്തതിയും കടന്നവരാണ്. ദളിത് വിഭാഗത്തിനും  കന്നഡ വിഭാഗത്തിനും ലിസ്റ്റിൽ ഒട്ടും പ്രാതിനിധ്യമില്ല.

ജില്ലയിൽ നിന്നുള്ള 11 കെ.പി.സി.സി. അംഗങ്ങളിൽ 2 പേർ മാത്രമാണ് വനിതകൾ. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ശാന്തമ്മ ഫിലിപ്പ്, മുൻ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണൻ എന്നിവരാണ് പുതിയ കെ.പി.സി.സി. ഭാരവാഹി ലിസ്റ്റിലുള്ളത്.

ഇവരിൽ ശാന്തമ്മ ഫിലിപ്പിനെ മുളിയാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും നോമിനേറ്റ് ചെയ്തതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ഇൗസ്റ്റ് എളേരി പഞ്ചായത്തിൽ താമസിക്കുന്ന ശാന്തമ്മ ഫിലിപ്പിനെ കർണ്ണാടക അതിർത്തി പ്രദേശമായ മുളിയാറിൽ നിന്നും നോമിനേറ്റ് ചെയ്തതിനെതിരെ മഹിളാ കോൺഗ്രസിനുള്ളിൽ അമർഷമുണ്ട്.

കന്നഡ വിഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ബാലകൃഷ്ണൻ പെരിയയെ മഞ്ചേശ്വരം ബ്ലോക്കിൽ നിന്നുള്ള കെ. പി.സി.സി. അംഗമായി തെരഞ്ഞെടുത്തതിലുള്ള  അനൗചിത്വവും പാർട്ടിയിൽ ചർച്ച വിഷയമായിട്ടുണ്ട്. യുഡിഎഫ് ജില്ലാ ചെയർമാൻ പെരിയയിലെ  ഏ. ഗോവിന്ദൻ നായർ, കെ. പി.സി.സി. സിക്രട്ടറിയായിരുന്ന എം. അസിനാർ, അഡ്വ. ഏ ഗോവിന്ദൻ നായർ എന്നിവരെയും  പൂർണ്ണമായും തഴഞ്ഞിട്ടുണ്ട്. ഏ. ഗോവിന്ദൻ നായർ യുഡിഎഫ് ജില്ലാ കൺവീനറാണ്.

ജില്ലയിൽ ചുറുചുറുക്കുള്ള യുവ നേതൃത്വ നിര കോൺഗ്രസിനുണ്ടെങ്കിലും, ഇവരെയെല്ലാം തഴഞ്ഞ് ഷഷ്ഠി പൂർത്തിയും സപ്തതിയും കഴിഞ്ഞ നേതാക്കളെയാണ് വീണ്ടും കെ.പി.സി.സി. അംഗങ്ങളായി െതരഞ്ഞെടുത്തിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രായേണ അൽപ്പമെങ്കിലും യുവത്വമുള്ളത് മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന് മാത്രമാണ്. മറ്റെല്ലാ ജില്ലകളിലും യുവാക്കൾക്ക് നല്ല പരിഗണന ലഭിച്ചപ്പോൾ കാസർകോട് ജില്ലയിൽ  മാത്രം യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ യൂത്ത് കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു.

LatestDaily

Read Previous

വക്കീലിന്റെ തലയ്ക്കടിച്ച കക്ഷി അറസ്റ്റിൽ

Read Next

ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല: എം.കെ. സ്റ്റാലിന്‍