പ്ലസ്ടു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ പിടിഏ പ്രസിഡണ്ട് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാലിക്കടവ് : പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിടിഏ പ്രസിഡണ്ടിനെ ഇന്ന് പുലർച്ചെ ചന്തേര പോലീസ് ജില്ലാതിർത്തിയായ ആണൂരിൽ പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടന്ന വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂൾ പിടിഏ പ്രസിഡണ്ടും, സിപിഎം പിലിക്കോട് ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സിക്രട്ടറിയുമായിരുന്ന ടി. ടി. ബാലചന്ദ്രനാണ് 53, അദ്ദേഹം പിടിഏ പ്രസിഡണ്ടായ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് വിവാദ നായകനായത്. സംഭവത്തിൽ ചന്തേര  പോലീസ് കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ബാലചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു.

ബാലചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നാടകീയമായ അറസ്റ്റ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച രണ്ട് സ്പെഷ്യൽ ടീമുകൾ ബാലചന്ദ്രന് വേണ്ടി തെരച്ചിൽ നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ടെലിഫോൺ സംഭാഷണങ്ങളുടെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ 6 മണിക്ക് കണ്ണൂർ-കാസർകോട് ജില്ലാതിർത്തിയിൽ ദേശീയപാതയിൽ ആണൂരിലുള്ള ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും കാറിനകത്ത് നിന്നാണ് ബാലചന്ദ്രനെ  ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും  പിടികൂടിയത്.

ബാലചന്ദ്രനെതിരെ ചന്തേര പോലീസ് മാനഭംഗക്കേസ് റജിസ്റ്റർ ചെയ്തതോടെ സിപിഎം നേതൃത്വം അദ്ദേഹത്തെ ബ്രാഞ്ച് സിക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.  പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്സും ആരോപിച്ചിരുന്നു.

പിടിയിലായ ടി.ടി. ബാലചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇദ്ദേഹത്തെ പിടികൂടിയ സംഘത്തിൽ ചന്തേര ഏഎസ്ഐ, മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ, സുരേശൻ.എൻ.എം., സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു.

LatestDaily

Read Previous

ഇത് ഇന്ത്യയാണ്, ഹിന്ദ്യയല്ല: എം.കെ. സ്റ്റാലിന്‍

Read Next

എൻ സി പി യിൽ കലാപം തെറ്റായ പ്രചരണം