കാറോടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കാറോടിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായ ടാക്സി ഡ്രൈവർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക്  പുതിയകോട്ടയിലാണ് കാറോടിച്ച് കൊണ്ടിരിക്കെ കൂളിയങ്കാലിലെ അബ്ദുല്ലയ്ക്ക് 69, ഹൃദയാഘാതമുണ്ടായത്.  പെട്ടെന്ന് റോഡിൽ നിന്നുപോയ കാറിന് പിറകെയുണ്ടായിരുന്ന വാഹനങ്ങൾ തുടർച്ചയായി ഹോൺ മുഴക്കിയിട്ടും കാർ മുന്നോട്ട് നീങ്ങാത്തതിനെത്തുടർന്ന് ഇറങ്ങി നോക്കിയപ്പോഴാണ്,  വണ്ടി ഓടിച്ചയാൾ സ്റ്റിയറിംഗിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

പിറകിലുള്ള കാറിലുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചു. ദീർഘകാലം ഖത്തറിലായിരുന്ന അബ്ദുല്ല പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം കോട്ടച്ചേരി ടാക്സി സ്റ്റാന്റിൽ ടാക്സി ഓടിക്കുകയായിരുന്നു. ഡ്രൈവർ അബ്ദുല്ല എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം നല്ലൊരു കർഷകൻ കൂടിയാണ്. അബ്ദുല്ലയുടെ ഭൗതിക ശരീരം ഇന്നലെ രാത്രി കൂളിയങ്കാൽ ജുമാ മസ്ജിദ് കബറിടത്തിൽ മറവ് ചെയ്തു.

വൈകിട്ട് ആറങ്ങാടിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നഗരത്തിലെ ടാക്സി ഉടമകളും ഡ്രൈവർമാരുമുൾപ്പെടെ നാനാതുറകളിലുള്ളവരെത്തി ആദരാഞ്ജലികളർപ്പിച്ചു. ഭാര്യ: ഖദീജ, മക്കൾ: നിസാർ, ജംഷീദ്, നസീർ, ഷംസീർ, മരുമക്കൾ: ഫൗസിയ, സുഹൈല, ഖർദത്ത്, ഹനീഫ. സഹോദരങ്ങൾ: അബ്ദുൽഖാദർ, പരേതനായ യൂസാഫ്, പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻകുട്ടി, മാതാവ്: സാറുമ്മ

Read Previous

ബംഗാളി യുവതി ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി

Read Next

നവതരംഗ സിനിമകളുടെ തമ്പുരാൻ ​ഗൊദാർദ്‌ അന്തരിച്ചു