നേതാവിന്റെ മുഖത്തടിച്ച കോൺ. മണ്ഡലം പ്രസിഡണ്ടിന്റെ സ്ഥാനം തെറിച്ചു

സ്വന്തം ലേഖകൻ

കാലിക്കടവ്: മുതിർന്ന ഡിസിസി എക്സിക്യൂട്ടീവ് അംഗത്തെ പാർട്ടി നേതാക്കൾക്ക് മുന്നിൽ മുഖത്തടിച്ച പിലിക്കോട്  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിനെ തൽസ്ഥാനത്ത് നിന്നും നീക്കി. കഴിഞ്ഞ ദിവസം കാലിക്കടവിലെ ഹോട്ടൽമുറിയിൽ നടന്ന കോൺഗ്രസ് യോഗത്തിനിടെയാണ് ഡിസിസി എക്സിക്യൂട്ടിവംഗത്തിന് അപ്രതീക്ഷിതമായി മുഖത്തിടിയേറ്റത്.

കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ കാലിക്കടവിൽ വിളിച്ചുചേർത്ത പാർട്ടി യോഗത്തിന്റെ പ്രധാന അജണ്ടകൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസിമിതിയും പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും തമ്മിലുള്ള ഭിന്നത എന്നിവയായിരുന്നു.

മലപ്പുറം നിലമ്പൂരിലെത്തുന്ന രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പിലിക്കോട് മണ്ഡലത്തിൽ നിന്നുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തുന്നതിന് പുറമെ വർഷങ്ങളായി ഇരു തട്ടിൽ നിൽക്കുന്ന പിലിക്കോട് സഹകരണ ബാങ്ക് ഭരണസമിതിയെയും പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെയും ഒന്നിപ്പിക്കുകയെന്ന   ലക്ഷ്യവുമുണ്ടായിരുന്നു.

അനുരഞ്ജന ചർച്ചകൾ നടക്കുന്നതിനിടെയാണ് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, പഞ്ചായത്തംഗവുമായ കെ. നവീൻബാബു, 61കാരനായ കോൺഗ്രസ് ഡിസിസി എക്സിക്യൂട്ടീവ് അംഗം ഏ.വി. കുഞ്ഞികൃഷ്ണന്റെ മുഖത്ത് അപ്രതീക്ഷിതമായി അടിച്ചത്. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അപ്രതീക്ഷിത ആക്രമണം.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ നവീൻ ബാബുവിനെ പിലിക്കോട് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയതായി ഡിസിസി പ്രസിഡണ്ട് അറിയിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണന് താൽക്കാലിക ചുമതല നൽകിയതായും  പി.കെ. ഫൈസൽ അറിയിച്ചു.

കെപിസിസി ആഹ്വാനം ചെയ്ത സമര പരിപാടികൾ സംഘടിപ്പിക്കുന്നതിലും പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ ചലനാത്മകമാക്കുന്നതിലും നവീൻബാബു പരാജയപ്പെട്ടതിനാലാണ് സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് ഡിസിസി വിശദീകരിക്കപ്പെടുന്നതെങ്കിലും, പ്രധാന കാരണം മുതിർന്ന നേതാവിനെ പരസ്യമായി മുഖത്തടിച്ചത് തന്നെയാണ്.

പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. അതേസമയം, തന്റെ മുഖത്തടിച്ച നവീൻ ബാബുവിനെതിരെ ഏ.വി. കുഞ്ഞികൃഷ്ണൻ കെപിസിസി നേതൃത്വത്തിന് പരാതി നൽകുമെന്ന് പറഞ്ഞു.

LatestDaily

Read Previous

ലഹരി സ്റ്റാമ്പും കഞ്ചാവും പിടികൂടി

Read Next

തായിനേരിയില്‍ നിർത്തിയിട്ട സ്‌കൂട്ടർ തീവെച്ചു നശിപ്പിച്ചു