പാദസരക്കള്ളന്റെ മൊഴി ന്യായാധിപൻ രേഖപ്പെടുത്തി

മൊയ്തീനും മക്കളും ഇരുകാലുകളും തല്ലിയൊടിച്ചുവെന്ന് നൗഷാദിന്റെ മൊഴി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പാദസരക്കള്ളൻ ചെർപ്പുളശ്ശേരി  നൗഷാദിന്റെ 34, മൊഴി ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ജില്ലാ ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ഇട്ടമ്മൽ മൊയ്തീനും മക്കളും ഇരുകാലുകളും തല്ലിയൊടിച്ചുവെന്ന് നൗഷാദിന്റെ മൊഴി. അജാനൂർ ഇട്ടമ്മലിലെ കുവൈത്ത് പ്രവാസി മൊയ്തീന്റെ വീട്ടിൽ സപ്തംബർ 4-ന് ഞായർ പുലർകാലം 3 മണിക്ക് മൊയ്തീന്റെ ഭാര്യ ഷക്കീലയുടെയും,  മകൾ ഒമ്പതാംതരം വിദ്യാർത്ഥിനി ഫിദയുടെയും സ്വർണ്ണ പാദസരങ്ങൾ അറുത്തുമുറിച്ച് കൈക്കലാക്കി ഓടി രക്ഷപ്പെട്ട നൗഷാദിനെ അപ്പോൾ തന്നെ പിന്തുടർന്ന്  മൊയ്തീന്റെ ഇരട്ടകളായ മക്കൾ ഹസ്സൻ ജെയ്ഷയും,  ഹസ്സൻ ജിഹാനും പൂത്താലിക്കുളത്തിന് പടിഞ്ഞാറുഭാഗത്തുള്ള റോഡിൽ പിടികൂടിയിരുന്നു.

പാദസരക്കള്ളനെ പുലർച്ചെ 4 മണിയോടെ ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ കള്ളൻ നൗഷാദിന്റെ ഇരുകാൽമുട്ടുകളും അടിച്ചുപൊളിച്ച നിലയിലായിരുന്നു. കാൽമുട്ടുകൾ തകർന്ന നിലയിൽ നൗഷാദിന് നേരാംവിധം എഴുന്നേറ്റു നിൽക്കാൻപോലും കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ഗുരുതരാവസ്ഥ മുന്നിൽക്കണ്ട് നൗഷാദിനെ അന്നുതന്നെ പോലീസ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദ്ദേശിച്ചതിനാൽ പരിയാരത്തുനിന്ന്  നൗഷാദിനെ ന്യായാധിപനെത്തി റിമാന്റ് ചെയ്യുകയും, കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് തടവിലാക്കുകയും ചെയ്തു. ജയിലധികൃതരാണ് നൗഷാദിനെ ജില്ലാ ആശുപത്രിയിലെ ജയിൽ സെല്ലിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത.്

ഇരുകാലുകൾക്കും ബാന്റേജ് കെട്ടി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ സെല്ലിൽ കിടക്കുന്ന നൗഷാദിന്റെ മൊഴി കഴിഞ്ഞ ദിവസമാണ് ന്യായാധിപൻ നേരിട്ടെത്തി രേഖപ്പെടുത്തിയത്. തന്റെ കാൽമുട്ടുകൾ അടിച്ചുതകർത്തത് മൊയ്തീനും രണ്ടു മക്കളുമാണെന്ന് നൗഷാദ് ന്യായാധിപന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ ബലത്തിൽ വീട്ടുടമ ഇട്ടമ്മൽ മൊയ്തിന്റേയും ഇരട്ടകുട്ടികളുടേയും പേരിൽ നൗഷാദിന്റെ കാൽ തല്ലിയൊടിച്ചുവെന്നതിന് ജാമ്യമില്ലാ കേസ്സ് റജിസ്റ്റർ ചെയ്യാൻ കോടതി പോലീസിന് നിർദ്ദേശം നൽകുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ഇരു കാൽമുട്ടുകൾക്ക് താഴെ പാടെ എല്ലുകൾ തകർന്നുപോയതിനാൽ വേദന സഹിക്കാനാവാതെ നൗഷാദ് സദാസമയവും ഞരങ്ങിക്കൊണ്ടാണ് ജില്ലാ ആശുപത്രി ജയിൽ സെല്ലിൽ കഴിഞ്ഞുവരുന്നത്. പാദസരക്കള്ളനെ സഹായിക്കാൻ മലപ്പുറത്ത് നിന്നെത്തിയ ഒരാൾ നൗഷാദിനൊപ്പം സെല്ലിലുണ്ട്. ഓണാവധിക്ക് ശേഷം കോടതി 12-ന് തിങ്കളാഴ്ച തുറക്കും.

മൊയ്തീന്റെ വീടിനകത്ത് കയറി ഭാര്യയുടെയും മകളുടെയും രണ്ടരലക്ഷം രൂപ വിലപിടിപ്പുള്ള സ്വർണ്ണപാദസരങ്ങൾ കവർച്ച ചെയ്തുവെന്നതിന് നൗഷാദിന്റെ പേരിൽ മൊയ്തീന്റെ മകന്റെ പരാതിയിൽ ഒരു കേസ് ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ  ചെയ്തിട്ടുണ്ട്. ഈ കേസ്സിലാണ് നൗഷാദിനെ  പോലീസ് അറസ്റ്റ് ചെയ്ത്   കോടതി റിമാൻഡ് ചെയ്തത്. ജില്ലാ ജയിൽ സെല്ലിൽ പരസഹായമില്ലാതെ നൗഷാദിന് ശുചിമുറിയിൽ പോകാൻ പോലും കഴിയുന്നില്ല.

LatestDaily

Read Previous

സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം; തടസമായി ഇഡി കേസ്

Read Next

ഹണിട്രാപ്പ് കേസ് പോലീസ് പൂട്ടിവെച്ചു