ഉത്രാടത്തലേന്ന് ഇരുട്ടടി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ഉത്രാടത്തലേന്ന് വൈദ്യുതി വകുപ്പിന്റെ വക ഇരുട്ടടി. ഇന്നലെ രാത്രി ഏഴ് മുതൽ ഇന്ന് രാവിലെ വരെ പല തവണകളായി വൈദ്യുതി നിലച്ചു. ഉത്രാടത്തലേന്നായ ഇന്നലെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവോരങ്ങളിലും നല്ല തിരക്കായിരുന്നു. പൊടി പൊടിക്കുന്ന വ്യാപാരം നടക്കുന്നതിനിടെ രാത്രി ഏഴിന് വൈദ്യുതി നിലച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും, അൽപ്പസമയത്തിനകം വീണ്ടും നിലച്ചു.

ഇപ്രകാരം അർദ്ധരാത്രി വരെ വൈദ്യുതി പോവുകയും, വരികയും ചെയ്തു. ഇന്ന് കാലത്തും ഇതു തന്നെയാണ് സ്ഥിതി. മലപ്പുറംഅരീക്കോട് നിന്ന് കണ്ണൂർ വഴി കാഞ്ഞിരോട്ടേക്കുള്ള രണ്ട് 220 കെ.വി. ലൈനുകളും തകരാറിലായതാണ് കാസർകോട്ടേക്കുള്ള വൈദ്യുതി നിലക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.

അരീക്കോട് സബ് സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകളാണ് തകരാറിലായത്. പ്രശ്ന പരിഹാരത്തിന് മണിക്കൂറുകളെടുക്കുമെന്നാണ് ഇന്നലെ രാത്രി അധികൃതർ അറിയിച്ചത്. കുറ്റ്യാടി 110 കെ.വിയിൽ നിന്ന് വൈദ്യുതി മാറ്റിയെടുക്കാനുള്ള ശ്രമവും ഫലിച്ചില്ല. കാസർകോട് ജില്ലയ്ക്ക് പുറമെ കണ്ണൂരിലെ ഏതാനും ഭാഗങ്ങളിലും വൈദ്യുതി നിലച്ചു. നല്ല കച്ചവടത്തിരക്കിനിടയിൽ വൈദ്യുതി നിലച്ചത് വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായി.

Read Previous

പാദസരക്കള്ളന് ഇനി കവർച്ച പ്രയാസമാകും

Read Next

ആമ്പർഗ്രീസിന് 2 ലക്ഷം മുടക്കിയത് യഥാർത്ഥ ഗ്രീസാണെന്ന് കരുതി