പാദസരക്കള്ളന് ഇനി കവർച്ച പ്രയാസമാകും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പാദസരക്കള്ളൻ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നൗഷാദിന് ഇനി കവർച്ച പ്രയാസമാകും. ഇരു കാലുകളും പൂർണ്ണമായും തല്ലിയൊടിച്ച നിലയിൽ നാൽപ്പത്തിയൊന്നുകാരനായ നൗഷാദ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജയിൽ സെല്ലിൽ അസ്ഥി രോഗ വിദഗ്ദന്റെ ചികിത്സയിലാണ്.

നൗഷാദിന്റെ ഇരുകാൽ മുട്ടുകളും ക്രൂരമായ നിലയിൽ തല്ലിയൊടിച്ചിട്ടുണ്ട്.  കാൽ പെറുക്കി വെക്കാൻ പോലും പ്രയാസപ്പെടുന്ന നൗഷാദിനെ സപ്തംബർ 4-ന് ഞായർ പുലർച്ചെയാണ് അജാനൂർ പൂത്താലിക്കുളത്തിന് പടിഞ്ഞാറ് ഇട്ടമ്മൽ പ്രദേശത്ത് നിന്ന് ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശവാസികളാണ് പുലർകാലം 4 മണിക്ക് അടിയേറ്റ് അവശനായ നൗഷാദിനെ പോലീസിന് കൈമാറിയത്. 

ഇട്ടമ്മലിലെ കുവൈത്ത് പ്രവാസി മൊയ്തീന്റെ ഇരുനില വീട്ടിൽ പുലർകാലം 3 മണിക്ക് വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ നൗഷാദ് മൊയ്തീന്റെ പത്നി ഷക്കീലയുടെയും പതിനഞ്ചുകാരി മകൾ ഫിദയുടെയും നാലു സ്വർണ്ണപ്പാദസരങ്ങൾ കൈക്കലാക്കിയ ശേഷം വീട്ടുകാർ ഞെട്ടിയുണർന്ന നേരം രക്ഷപ്പെടാൻ ഇരുളിൽ ഓടിയപ്പോൾ,   മൊയ്തീന്റെ ഇരട്ടക്കുട്ടികളായ ആൺ മക്കൾ പിറകെ അരക്കിലോമീറ്റർ പിന്തുടർന്ന് ഓടിയാണ് റെയിൽപ്പാളത്തിനടുത്ത് കവർച്ചക്കാരനെ കീഴ്പ്പെടുത്തിയത്.

വിവരമറിഞ്ഞ് പുലർകാലം ഉണർത്തെത്തിയ നാട്ടുകാർ രോഷാകുലരായി നാഷാദിനെ  കണക്കിന് മർദ്ദിക്കുകയും ചെയ്തു. പോലീസെത്തി നൗഷാദിനെ സ്റ്റേഷനിലെത്തിച്ചയുടൻ ഇൗ ഒറ്റയാൻ കവർച്ചാക്കാരന്റെ പരിക്കുകൾ ഗുരുതരമാണെന്ന് കണ്ടെത്തുകയും, ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

നൗഷാദിനെ പരിയാരത്തു നിന്ന് ഇന്നലെ പോലീസ് ഇടപെട്ട് ഡിസ്ച്ചാർജ് ചെയ്യുകയും മജിസ്ത്രേട്ടിന് മുന്നിൽ ഹാജരാക്കിയ ശേഷം  കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് ചെയ്യുകയും ചെയ്തു. ജയിൽ അധികൃതരാണ് നൗഷാദിനെ ജില്ലാ ആശുപത്രി സെല്ലിലേക്ക് മാറ്റിയത്.

നൗഷാദിന് പരസഹായമില്ലാതെ നടക്കാനാവുന്നില്ല. പോലീസിന്റെ ആവശ്യാർത്ഥം മജിസ്ത്രേട്ട് നൗഷാദിന്റെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. മൊഴിയിൽ നൗഷാദ് തന്റെ കാൽ മുട്ടുകൾ തല്ലിയൊടിച്ചവർക്കെതിരെ മൊഴി നൽകിയാൽ, ഇൗ ഒറ്റയാൻ കവർച്ചക്കാരന്റെ പരാതിയിൽ പോലീസിന് ഒരു കേസ്സുകൂടി റജിസ്റ്റർ ചെയ്യേണ്ടി വരും.

ഇൗ കേസ്സിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പോലീസ് ചുമത്തുമോ എന്നത് നൗഷാദിന്റെ കാൽ മുട്ടിന്റെ തകർന്ന എല്ലുകളുടെ ഗുരുതരാവസ്ഥ പരിശോധിച്ചായിരിക്കും. പാലക്കാട് മുതൽ കോഴിക്കോട് വരെയുള്ള പോലീസ് സ്റ്റേഷനുകളിൽ ഇൗ പാദസരക്കവർച്ചാക്കാരന്റെ പേരിൽ പത്തോളം കവർച്ചാ കേസ്സുകൾ നിലവിലുണ്ട്.

LatestDaily

Read Previous

വീഡിയോയിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം; ഉർവശി റൗട്ടേലയ്ക്കെതിരെ സൈബർ ആക്രമണം

Read Next

ഉത്രാടത്തലേന്ന് ഇരുട്ടടി