ആമ്പർഗ്രീസിന് 2 ലക്ഷം മുടക്കിയത് യഥാർത്ഥ ഗ്രീസാണെന്ന് കരുതി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പോലീസ് പിടികൂടിയ പത്തു കിലോ ആമ്പർ ഗ്രീസ് കർണ്ണാടക സ്വദേശിയിൽ നിന്ന് വാങ്ങിയ കെ.വി. നിഷാന്തും, മാടമ്പില്ലത്ത് സിദ്ദിഖും രണ്ടു ലക്ഷം രൂപ മുൻകൂർ നൽകിയത് ഏറ്റുവാങ്ങിയ ഗ്രീസ് ഒറിജിനൽ ഗ്രീസാണെന്ന് കരുതിയാണ്. ഒരു കിലോ ആമ്പർഗ്രീസിന് ഒരു കോടി രൂപ വില ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുത്തൂർ സ്വദേശി പത്തു കിലോ വ്യാജ ആമ്പർ ഗ്രീസ് നിഷാന്തിനും സിദ്ദിഖിനും കൈമാറി രണ്ടു ലക്ഷം മുൻകൂർ പണം വാങ്ങി കബളിപ്പിച്ചത്.

പിടിക്കപ്പെട്ട ഗ്രീസ് ഒരു മാസക്കാലം വീട്ടിൽ സൂക്ഷിച്ചത് കെ.വി. നിഷാന്താണ്. പിന്നീട് ഗ്രീസ് മറിച്ചു വിൽക്കാൻ സുഹൃത്ത് കൊട്ടോടി മാവില പി. ദിവാകരനെ ഒപ്പം ചേർത്തു നിർത്തുകയായിരുന്നു. ഗ്രീസ് നിഷാന്തിന്റെ കൈയ്യിലുണ്ടെന്ന രഹസ്യ വിവരം ഒരു മാസം മുമ്പു തന്നെ പോലീസിന് കിട്ടിയിരുന്നു. ആമ്പർഗ്രീസ് കൈമാറാനുള്ള ഒന്ന് രണ്ട് സന്ദർഭങ്ങളിൽ പോലീസ് പ്രതികൾക്ക് വേണ്ടി കെണിയൊരുക്കിയെങ്കിലും, വീശിയ വലയുടെ കണ്ണികൾ പൊട്ടിച്ച് പ്രതികൾ  പല സന്ദർഭങ്ങളിലും  രക്ഷപ്പെടുകയായിരുന്നു.

ആമ്പർഗ്രീസ് നിഷാന്തിനും സിദ്ദിഖിനും കൈമാറി രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ പുത്തൂർ സ്വദേശി തന്നെയാണോ പിന്നീട് ഇവരെ കുടുക്കാൻ പോലീസിന് രഹസ്യവിവരം നൽകിയതെന്നാണ് പുതിയ സംശയം. ഏതായാലും രാസപരിശോധനാഫലം കൃത്യമായി ലഭിച്ചാൽ ഈ കൃത്രിമ ആമ്പർഗ്രീസ് തട്ടിപ്പ് വ്യാപാരത്തിന്റെ ഉള്ളറകൾ വ്യക്തമായി പുറത്തുവരും.

LatestDaily

Read Previous

ഉത്രാടത്തലേന്ന് ഇരുട്ടടി

Read Next

വിദ്യാർത്ഥിനിയെ ചുംബിച്ച സിപിഎം ബ്രാഞ്ച് സിക്രട്ടറിയെ സ്ഥാനഭ്രഷ്ടനാക്കി