പോലീസിന്റെ ജാഗ്രതയിൽ 4 ജീവനുകൾ രക്ഷപ്പെട്ടു 

മേല്‍പ്പറമ്പ്: കുട്ടികളെയും കൊണ്ട് കടലില്‍ ചാടാനുള്ള അമ്മയുടെ ശ്രമം പോലീസ് തടഞ്ഞതോടെ രക്ഷപ്പെട്ടത് നാല് ജീവനുകള്‍. കഴിഞ്ഞ ദിവസമാണ് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീ ആത്മഹത്യ ചെയ്യാനായി മൂന്ന് കുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയത്.

വീട്ടിലുണ്ടായിരുന്ന സഹോദരി ഇത് മനസിലാക്കുകയും ഉടന്‍ തന്നെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേന്ദ്രനും രാമചന്ദ്രനും അന്വേഷണം നടത്തിയപ്പോള്‍ യുവതി മക്കളെയും കൊണ്ട് ഓട്ടോയില്‍ കയറി പോയെന്ന് വിവരം ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ പോലീസ് വിളിക്കുകയും യുവതിയും കുട്ടികളും എവിടെയാണ് ഇറങ്ങിയതെന്നന്വേഷിക്കുകയും ചെയ്തു. ചെമ്പരിക്ക കടുക്ക കല്ലിന് സമീപത്താണ് ഇവര്‍ ഇറങ്ങിയതെന്ന് ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി.

ഇക്കാര്യം കീഴൂരിലുള്ള പോലീസ് ഔട്ട് പോസ്റ്റില്‍ അറിയിച്ചു. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ് പല്ലത്ത്, ടോണി ജോര്‍ജ് തുടങ്ങിയവര്‍ തിരച്ചിലാരംഭിച്ചു. പോലീസ് വാഹനം ചെമ്പരിക്കയിലെത്തിയപ്പോള്‍ സ്ത്രീ മൂന്ന് മക്കളെയും കൊണ്ട് കടലില്‍ ചാടാന്‍ കല്ലിന് മുകളില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. പോലീസും ഹരിതകര്‍മ്മസേനാംഗങ്ങളും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തുകയും ജീപ്പില്‍ കയറ്റി മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം അയക്കുകയും ചെയ്തു.

Read Previous

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സിക്രട്ടറി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

Read Next

ഭര്‍തൃമതിയുടെ ആത്മഹത്യയിൽ അന്വേഷണം