ഇട്ടമ്മൽ പാദസരക്കവർച്ചയ്ക്ക് പൂച്ചക്കാട് കവർച്ചയുമായി സാമ്യം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അജാനൂർ അതിഞ്ഞാൽ പൂത്താലിക്കുളത്തിന് പടിഞ്ഞാറ്  ഇട്ടമ്മലിലെ വീട്ടിൽ നടന്ന സ്വർണ്ണപ്പാദസരക്കവർച്ചയ്ക്ക്, പള്ളിക്കര പൂച്ചക്കാട്ടെ വീട്ടിൽ രണ്ടുമാസം മുമ്പ് നടന്ന സ്വർണ്ണാഭരണക്കവർച്ചയുമായി നല്ല സാമ്യം. പൂച്ചക്കാട് വലിയ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് റെയിൽപ്പാളത്തിന് കിഴക്കുഭാഗത്തുള്ള കപ്പൽ ജീവനക്കാരന്റെ വീട്ടിലാണ് മാസങ്ങൾക്ക് മുമ്പ് പുലർകാലം  കവർച്ച നടന്നത്.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വീട്. ഇരുനില വീടിന്റെ ഒന്നാം നിലയിലുള്ള വാതിലിനോട് ചേർന്നുള്ള ചെറിയ ജാലകത്തിന്റെ കൊളുത്ത്, നേരിയ ഹാക്സോ ബ്ലേഡിട്ട് തിക്കിയിളക്കിയ ശേഷം ജാലകത്തിലൂടെ കൈ കടത്തി വാതിലിന്റെ  കുറ്റിയിളക്കിയാണ് കവർച്ചക്കാരൻ ഒന്നാം നിലയിൽ നിന്ന് താഴത്തെ  നിലയിലേക്കിറങ്ങിയത്.

വീട്ടമ്മയും, ഭർത്താവും കിടന്നുറങ്ങുകയായിരുന്ന താഴത്തെ നിലയിലുള്ള  കിടപ്പുമുറിയിൽ  അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണ്ണാഭരണങ്ങൾ അന്ന് കൊണ്ടുപോയ കവർച്ചക്കാരനെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഈ വീട്ടിൽ നിന്ന് കവർച്ചക്കാരന്റെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും, പോലീസിന്റെ പക്കൽ നിലവിലുള്ള കവർച്ചക്കാർ ആരുടെയും വിരലടയാളവുമായി ഈ വിരലടയാളങ്ങൾ യോജിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അജാനൂർ പൂത്താലിക്കുളം ഇട്ടമ്മലിലെ കുവൈത്ത് പ്രവാസി മൊയ്തീന്റെ വീട്ടിൽ സപ്തംബർ 4-ന് പുലർച്ചെ കവർച്ച നടന്നത്.

മൊയ്തീന്റെ വീടിന്റെ മുന്നിൽ ഇരുമ്പുഗെയിറ്റുണ്ടെങ്കിലും,  ഗെയിറ്റ് രാത്രിയിൽ ചാരിവെച്ചതല്ലാതെ, അകത്തു നിന്ന് പൂട്ടിട്ട് പൂട്ടിയിരുന്നില്ല. വീടിന് നാലുപാടും ചുറ്റുമതിലുമുണ്ട്. തെക്കോട്ട് ടാർ റോഡിലേക്ക് മുഖമുള്ള ഈ വീടിന്റെ മുൻ വാതിലിനോട് ചേർന്നുള്ള ചെറിയ ജാലകത്തിന്റെ കൊളുത്ത്  പുറത്തുനിന്ന് നീക്കാനും, കള്ളൻ നൗഷാദ് ഹാക്സോ ബ്ലേഡ് ഉപയോഗിച്ചതിനുള്ള പോറലുകൾ വീടിന്റെ  മരവാതിലിൽ കാണുന്നുണ്ട്.

ഇട്ടമ്മൽ കവർച്ചയ്ക്ക് വീടിന്റെ താഴത്തെ നിലയിലുള്ള വാതിലിന്റെ കൊളുത്തു നീക്കി അകത്തുകടന്ന കവർച്ചാരീതി വെച്ചു നോക്കുമ്പോൾ, പൂച്ചക്കാട് കവർച്ചാരീതിയുമായി ഇട്ടമ്മൽ കവർച്ചയ്ക്ക് ഏറെ സാമ്യം കാണുന്നു. രാത്രിയിൽ ട്രെയിനിറങ്ങി പാളത്തിലൂടെ നടന്ന് പാളത്തിനടുത്ത് കാണുന്ന വീടുകൾ തിരഞ്ഞെടുത്ത് കവർച്ച നടത്തുന്ന രീതിയാണ് ഇട്ടമ്മലിൽ കുടുങ്ങിയ കള്ളൻ നൗഷാദിന്റേത്.

ഇട്ടമ്മലിലുള്ള വീട്  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് പാളത്തിന് പടിഞ്ഞാറു ഭാഗത്താണെങ്കിൽ, പൂച്ചക്കാട് കവർച്ച നടന്ന വീട് ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൃത്യം ഒരു കി.മീറ്റർ തെക്കുമാറി  പാളത്തിന്  കിഴക്കുഭാഗത്താണ്. ഇരുവീടുകളിലും കവർച്ച നടന്നത്  പുലർച്ചെ ഒന്നിനും മൂന്നു മണിക്കും മദ്ധ്യേയാണ്.

പൂച്ചക്കാട്ട് കവർച്ച നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നുവെങ്കിലും, ഇട്ടമ്മലിൽ ഞായർ പുലർകാലം മഴ തോർന്നിരുന്നു. ഇട്ടമ്മലിൽ ഇരുകൈകളിലും കവർച്ചക്കാരൻ നൗഷാദ് റബ്ബർ കൈയ്യുറ ധരിച്ചിരുന്നു. വീട്ടമ്മ ഷെക്കീലയുടെയും, മകൾ പതിനഞ്ചുകാരി വിദ്യാർത്ഥിനി ഫിദയുടെയും മുറിച്ചെടുത്ത സ്വർണ്ണപാദസരങ്ങൾ പിടിയിലായ കള്ളൻ നൗഷാദിന്റെ റബ്ബർ കൈയ്യുറയ്ക്കകത്ത് നിന്നാണ് കണ്ടെത്തിയത്. പാദസരങ്ങൾ പിന്നീട് തെളിവായി കോടതിയിൽ ഹാജരാക്കാൻ പോലീസ് ഏറ്റുവാങ്ങി.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദിനെ രണ്ടുനാൾക്കകം ഹോസ്ദുർഗ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ഈ സ്വർണ്ണപാദസരക്കവർച്ചയുടെ ചുരുളുകൾ നിവരും. ബേക്കൽ പോലീസ് നൗഷാദിനെ ചോദ്യം ചെയ്യുന്നതോടെ  പൂച്ചക്കാട് സ്വർണ്ണാഭരണ കവർച്ചയ്ക്ക് നൗഷാദിനുള്ള ബന്ധവും മറനീക്കി പുറത്തു വരാനിടയുണ്ട്.

LatestDaily

Read Previous

റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്ന സര്‍ക്കാരുകള്‍ പരിഹാര നടപടി സ്വീകരിക്കണം;സുപ്രീംകോടതി

Read Next

ഇന്ത്യയും ബംഗ്ലാദേശും 7 ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു