ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
അജാനൂർ: പുലർകാലം 3 മണിക്ക് വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മാതാവിന്റെയും സഹോദരിയുടെയും സ്വർണ്ണപ്പാദസരങ്ങൾ മുറിച്ചെടുത്ത പാലക്കാടൻ കള്ളൻ നൗഷാദിനെ പിന്തുടർന്ന് പിടികൂടാൻ ധീരത കാണിച്ചത് ഇരട്ടകളായ ആൺകുട്ടികൾ. അജാനൂർ അതിഞ്ഞാൽ പൂത്താലിക്കുളത്തിന് പടിഞ്ഞാറ് ഇട്ടമ്മലിൽ താമസിക്കുന്ന കുവൈത്ത് പ്രവാസി മൊയ്തീന്റേയും പള്ളിക്കര മഠത്തിൽ സ്വദേശിനി ഷക്കീലയുടെയും ഇരട്ടക്കുട്ടികളായ ഹസ്സൻ ജെയ്ഷും 21, ഹസ്സൻ ജിഹാനുമാണ് 21, സപ്തംബർ 4-ന് ഞായർ പുലർച്ചെ 3 മണിക്ക് കുടുംബം താമസിക്കുന്ന ഇരുനില വീട്ടിൽക്കയറിയ പാലക്കാട് സ്വദേശി നൗഷാദിനെ 42, അരക്കിലോമീറ്റർ ദൂരം നിരത്തിലൂടെ ഓടിച്ച് പിടികൂടിയത്.
ഒമ്പതാം തരത്തിൽ പഠിക്കുന്ന മകൾ ഫിദ കിടന്നുറങ്ങിയ മുറിയിലാണ് നൗഷാദ് ആദ്യം കയറിയത്. ഫിദയുടെ രണ്ട് സ്വർണ്ണപ്പാദസരങ്ങൾ ആദ്യം തന്നെ കള്ളൻ മുറിച്ച് കൈക്കലാക്കിയ ശേഷമാണ് തൊട്ടടുത്ത് മാതാവ് ഷക്കീലയും ഭർത്താവ് മൊയ്തീനും കിടന്നുറങ്ങിയ മുറിയിലെത്തി ഷക്കീലയുടെ പാദസരങ്ങൾ കട്ടർ കൊണ്ട് മുറിച്ചത്. കട്ടർ കാലിൽക്കൊണ്ട ഷക്കീല ഞെട്ടിയുണർന്നപ്പോൾ കള്ളനെക്കണ്ട് നടുങ്ങി ബഹളം വെച്ചു.
ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ ഹസ്സൻ ജെയ്ഷും, ഹസ്സൻ ജിഹാനും ബഹളം കേട്ട് ഉറക്കമുണർന്ന് താഴേയ്ക്ക് ഇറങ്ങി വന്നപ്പോൾ, നല്ല ഉരുക്കുമുഷ്ടിയുള്ള ബനിയനും ട്രൗസറും ഷൂസും ധരിച്ച തല മുണ്ഡനം ചെയ്ത കള്ളൻ പുറത്തേക്കോടുന്നതും കണ്ടു. പിന്നാലെ ഇരുവരും റോഡിലേക്കോടി, പിറകെ പിതാവ് മൊയ്തീനും ഓടി. റെയിൽപ്പാളം ലക്ഷ്യമാക്കി കള്ളൻ ഓടിയ വഴിയിൽ അരക്കിലോമീറ്റർ പിന്തുടർന്നാണ് ഇരട്ടകൾ നൗഷാദിനെ പിടികൂടി കീഴ്പ്പെടുത്തിയത്.
അപ്പോഴേയ്ക്ക് പരിസരവാസികളുമെത്തി. നൗഷാദിന്റെ കൈകൾ ബന്ധിച്ചു നിർത്തിയ ശേഷം പോലീസിനെ വിളിച്ചു. പോലീസെത്തി പുലർച്ചെ കവർച്ചക്കാരനെ സ്റ്റേഷനിലെത്തിച്ചു. നൗഷാദിന്റെ നെറ്റിയിലും, ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതിനാൽ, പോലീസ് ഇയാളെ ഞായർ രാവിലെ തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി.
നൗഷാദിന്റെ കൈയ്യിൽ കമ്പിപ്പാരയും നേരിയ ഉളിയുമുണ്ടായിരുന്നു. കാലിൽ കള്ളൻ തൊട്ടപ്പോൾ ഉറക്കത്തിൽ ഭർത്താവായിരിക്കുമെന്ന് ആദ്യം കരുതിയെന്ന് വീട്ടമ്മ ഷക്കീല ലേറ്റസ്റ്റിനോട് പറഞ്ഞു. കള്ളനെ നേരിൽക്കണ്ട പതിനഞ്ചുകാരി ഫിദ ഇന്നലെയും ഇന്നും പേടിപ്പനിയിൽ കിടപ്പിലാണ്.