ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിക സേനായാനം രാഷ്ട്രത്തിന് സമർപ്പിച്ചതിന്റെ കീർത്തി ആസേതുഹിമാചലം കടന്ന് ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് പരക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്.പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ച ഐഎൻ എസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പലിന്റെ നിർമ്മാണം പൂർണ്ണമായും നടന്നത് കേരളത്തിലാണെന്നതാണ് അഭിമാനാർഹമായ നേട്ടം.
സ്വന്തമായി വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കരുത്തുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ വളർന്നതിന് പിന്നിൽ കേരളീയരുടെയും വിയർപ്പിന്റെ ഉപ്പ് കലർന്നിട്ടുണ്ട്. കൊച്ചിയിൽ നിർമ്മിക്കപ്പെട്ട ഐഎൻഎസ് വിക്രാന്ത് എന്ന പടക്കപ്പൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.കൊച്ചി കപ്പൽശാലയിലാണ് നാവികസേനാ വിമാന വാഹിനിക്കപ്പലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് തദ്ദേശീയമായി ഒരു പടക്കപ്പൽ ആധുനിക സജ്ജീകരണങ്ങളോടെ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
ഓരോ ഭാരതീയനും അഭിമാന ഗർവ്വോടെ തലയുയർത്തി നിൽക്കാൻ പാകത്തിലാണ് പ്രധാന മന്ത്രി പടക്കപ്പൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യകപ്പൽശാലയായി കൊച്ചി കപ്പൽശാല മാറികഴിഞ്ഞതോടെ കേരളത്തിനും ഇത് അഭിമാന നിമിഷമാണെന്നതിൽ തർക്കമില്ല.
കേരളത്തിലെ തൊഴിലാളി സംഘടനകൾ ഒന്നും ചെയ്യാനനുവദിക്കില്ലെന്ന അയഥാർത്ഥ പൊതുബോധത്തെ തിരുത്താൻ കൊച്ചി കപ്പൽശാലയിലെ പടക്കപ്പൽ നിർമ്മാണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. പടക്കപ്പൽ നിർമ്മാണത്തിന് പിന്നിൽ കേരളത്തിലെ എല്ലാ തൊഴിലാളി സംഘടനകളിലുമുൾപ്പെട്ട തൊഴിലാളികൾ പങ്കാളികളായിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.
ട്രേഡ് യൂണിയൻ രംഗത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് തൊഴിലാളികളെ സാമൂഹ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിപ്പിച്ച് വരുന്ന സാഹചര്യത്തിൽ പടക്കപ്പൽ നിർമ്മാണം ഇതൊക്കെ തിരുത്തിയെഴുതുക തന്നെ ചെയ്യും. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യപടക്കപ്പൽ എന്നതിലുപരി തൊഴിലാളികളുടെ അധ്വാനശക്തിയുടെ കൊടിയടയാളം കൂടിയാണ്.
ഓരോ ഇന്ത്യക്കാരനിലും രാഷ്ട്രസ്നേഹവും അഭിമാനവുമുയർത്തുന്ന ഐഎൻഎസ് വിക്രാന്തിന്റെ സഫലീകരണത്തിന് പിന്നിൽ കേരളീയരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും. കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കുന്ന ഹബ്ബായി കേരളത്തെ മാറ്റുമെന്ന കൊച്ചി കപ്പൽ ശാല സിഎംഡിയുടെ പ്രഖ്യാപനം തന്നെ കേരളത്തിലെ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കുമുള്ള അംഗീകാരം തന്നെയാണ്.
കൊച്ചി വെല്ലിങ്ങ്ടൺ ഐലന്റിൽ തൊള്ളായിരം കോടി രൂപ നിക്ഷേപത്തിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം തുടങ്ങാനുള്ള നീക്കവും കപ്പൽശാലാ അധികൃതർ ആരംഭിച്ചിട്ടുണ്ട്. പതിനാലായിരം തൊഴിലാളികളുടെ അധ്വാനം ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിന് പിന്നിലുണ്ട്. തൊഴിലാളികൾ ഭൂരിഭാഗവും കേരളീയരുമാണ്. ട്രേഡ് യൂണിയനുകളുടെ കൊടിയുടെ നിറമോ മുദ്രാവാക്യമോ നോക്കാതെ ഒറ്റക്കെട്ടായി നിന്നാണ് കപ്പൽശാല തൊഴിലാളികൾ പടക്കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ത്യയും ഇന്ത്യൻ സൈന്യവും അഭിമാനത്തിന്റെ കൈലാസ ശൃംഗങ്ങളേറി നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ കീഴറ്റത്ത് കിടക്കുന്ന ചെറു സംസ്ഥാനമായ കേരളത്തിനും അഭിമാനിക്കാവുന്നതാണ്.