ഹമീദ് ചേരക്കാടത്തിന്റെ വീടിന് കല്ലെറിഞ്ഞത് എസ്ഡിപിഐ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: തെക്കേപ്പുറത്ത് മൻസൂർ ആശുപത്രിക്ക് സമീപത്ത് റോഡരികിൽ അനധികൃതമായി ബസ്റ്റോപ്പ് സ്ഥാപിക്കാനുള്ള എസ്ഡിപിഐയുടെ നീക്കത്തെ എതിർത്തതാണ് മുൻ ഗ്രാമപഞ്ചായത്തംഗം കൂടിയായ ഹമീദ് ചേരക്കാടത്തിന്റെ വീടിന് കല്ലെറിയാൻ എസ്ഡിപിഐ പ്രവർത്തകരെ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ മൻസൂർ ആശുപത്രിക്ക് സമീപം ബസ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഉപകരണങ്ങളുമായി എത്തിയിരുന്നു.

പ്രദേശത്ത് അനധികൃതമായി ബസ്റ്റോപ്പ് സ്ഥാപിച്ചാലുണ്ടാവുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയാണ് ഹമീദ് ചേരക്കാടത്തിന്റെ നേതൃത്വത്തിൽ എതിർത്തത്. ഇതേത്തുടർന്ന് പിരിഞ്ഞു പോയ എസ്ഡിപിഐ പ്രവർത്തകർ, വെള്ളിയാഴ്ച രാത്രി 9-ന് ഹമീദ് ചേരക്കാടത്തിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ ജനാലച്ചില്ലുകൾ കുത്തിപ്പൊളിച്ചിട്ടുണ്ട്. പഞ്ചായത്ത് മുസ്്ലീം ലീഗിന്റെ ജനറൽ സിക്രട്ടറിയായ ഹമീദിന്റെ  വീടിന് നേരെ ഇരുളിന്റെ മറവിൽ കല്ലെറിഞ്ഞവർക്കെതിരെ കർശ്ശന നടപടികളെടുക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി എസ്ഡിപിഐ പ്രവർത്തകരുടെ സംഘം ഹമീദിനെ ഭീഷണിപ്പെടുത്തിയിരുന്നു. അക്രമികൾ ഇരുളിന്റെ മറവിൽ വീടിന് നേരെ അക്രമം നടത്തിയത് കാടത്തമാണെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.  പ്രദേശത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള എസ്ഡിപിഐ നീക്കം തീക്കൊള്ളി കൊണ്ട്  തല ചൊറിയലാണെന്ന് ലീഗ് നേതാക്കൾ ഓർമ്മിപ്പിച്ചു.

LatestDaily

Read Previous

ആർടി ഓഫീസുകളിൽ കാസർകോട് വിജിലൻസിന്റെ മിന്നൽ പരിശോധന

Read Next

ഹൊസ്ദുർഗ് ഹൈസ്കൂളിൽ സ്വർണ്ണ ഭാഗ്യക്കുറി