ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുടക്കിയത് രണ്ടു ലക്ഷം ∙ കാഞ്ഞങ്ങാട്ടുകാർക്ക് ഗ്രീസ് വിറ്റ പുത്തൂർ ബോസിന്റെ ഫോൺ സ്വിച്ച് ഓഫിൽ
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് പോലീസ് പിടികൂടിയ ആമ്പർ ഗ്രീസ് തിമിംഗല ഛർദ്ദി വ്യാജ ഗ്രീസാണെങ്കിൽ ഇതുസംബന്ധിച്ച ജാമ്യമില്ലാക്കേസ്സ് കോടതിയിൽ നിലനിൽക്കില്ല. കാസർകോട് ക്രൈം ഡിറ്റാച്ച്െമന്റ് ഡിവൈഎസ്പി, അബ്ദുൾ റഹിം എന്നിവരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ. പി. ഷൈനാണ് ലോഡ്ജിൽ നിന്ന് പത്തുകിലോ ആമ്പർഗ്രീസുമായി മൂന്ന് പ്രതികളെ കൈയ്യോടെ പിടികൂടിയത്.
ജൈവ വൈവിധ്യ നിയമവും, വന്യജീവി സംരക്ഷണ നിയമവും ചുമത്തി അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളും ഇപ്പോൾ റിമാന്റ് തടവിലാണ്. നഗരത്തിലെ ഗ്രീൻലാൻഡ് ലോഡ്ജിൽ നിന്ന് ആഗസ്ത് 28-ന് ഞായറാഴ്ചയാണ് പത്തുകോടി വിലമതിക്കുമെന്ന് പോലീസ് വെളിപ്പെടുത്തിയ ആമ്പർഗ്രീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ ബലത്തിലാണ് കാഞ്ഞങ്ങാട്ട് ഗ്രീസ് പിടികൂടിയത്. പോലീസ് ഇൗ കേസ്സ് പിടികൂടിയതിന് പിറ്റേന്ന് തന്നെ വനംവകുപ്പിന് കൈമാറുകയും ആമ്പർഗ്രീസിന്റെ സാമ്പിൾ സർക്കാർ രാസപരിശോധനാ ലബോറട്ടിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
ലാബിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് പിടികൂടപ്പെട്ട തിമിംഗല ഛർദ്ദി വ്യാജമായി നിർമ്മിച്ച ആമ്പർഗ്രീസാണെന്ന് കണ്ടെത്തിയത്. ഗ്രീസ് പൂർണ്ണമായും വ്യാജമാണെന്ന് വിദഗ്ദ പരിശോധനയിൽ തെളിഞ്ഞാൽ, അഖിലേന്ത്യാ തലത്തിൽ വാർത്താ പ്രാധാന്യം ലഭിച്ച ഇൗ ആമ്പർഗ്രീസ് കേസ്സ് കോടതിയിൽ നിലനിൽക്കില്ല.
പോലീസ് ചെയ്ത പണി പാടെ പാളിയ നിലയിലുമെത്തിച്ചേരും.ദക്ഷിണ കർണ്ണാടകയിലെ പുത്തൂരിൽ നിന്നാണ് പിടിക്കപ്പെട്ട ആമ്പർഗ്രീസ് അതിരഹസ്യമായി കാഞ്ഞങ്ങാട്ടെത്തിയത്. ആമ്പർഗ്രീസ് കേസ്സിൽ പ്രതികളായ കെ.വി. നിഷാന്ത്, മാടമ്പില്ലത്ത് സിദ്ദിഖ് എന്നിവർ വാങ്ങിയ പത്തുകിലോ ഗ്രീസിന് പത്തുകോടി രൂപ വില കിട്ടുമെന്ന് മോഹിപ്പിച്ചാണ് പുത്തൂർ സ്വദേശി കാഞ്ഞങ്ങാട്ടുകാർക്ക് ഗ്രീസ് കൈമാറിയത്.
മോഹക്കച്ചവടത്തിൽ കോടികൾ മറിഞ്ഞുകിട്ടുമെന്ന് കണക്ക് കൂട്ടി നിഷാന്തും സിദ്ദിഖും, രണ്ട് ലക്ഷം രൂപ പുത്തൂർ ബോസിന് മുൻകൂർ തുക നൽകുകയും ചെയ്തിരുന്നു. ഇരുവരും കൈപ്പറ്റിയ പത്തുകിലോ ഗ്രീസ് മൂന്നാം പ്രതി കൊട്ടോടി മാവില വീട്ടിൽ പി. ദിവാകരൻ ഇടനിലക്കാരനായി മറ്റൊരാൾക്ക് മറിച്ചു വിൽക്കാനുള്ള നീക്കത്തിനിടയിലാണ് തിമിംഗല ഛർദ്ദിയുമായി മൂന്ന് പ്രതികളും പോലീസ് പിടിയിലായത്.
ആമ്പർ ഗ്രീസിന് പത്തുകോടി രൂപ വിലകിട്ടുമെന്ന് പറഞ്ഞ് പുത്തൂർ ബോസ് നിഷാന്തിനേയും, സിദ്ദിഖിനേയും കബളിപ്പിക്കുകയായിരുന്നുവെന്ന് കരുതുന്നു. തത്സമയം, ഇരുവരും ആമ്പർഗ്രീസ് സ്വീകരിച്ച പുത്തൂർ സ്വദേശിയുടെ പേരും ഫോൺ നമ്പരും കേസ്സിലെ പ്രതി നിഷാന്ത് വനം വകുപ്പിന് നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ നിഷാന്തിനേയും സിദ്ദിഖിനേയും ഇന്നലെ ചോദ്യം ചെയ്തു.
പുത്തൂർ സ്വദേശിയെ വനം വകുപ്പുദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ഫോൺ സ്വിച്ചോഫിലാണ്. ഇതോടെ പുത്തൂർ സ്വദേശി മോഹ വിലയ്ക്ക് വിറ്റ തിമിംഗല ഛർദ്ദി വെറും തട്ടിപ്പു വ്യാപാരമാണെന്ന് സൂചന ലഭിച്ചു. കേസ്സിൽ നിഷാന്തും സിദ്ദിഖും കബളിപ്പിക്കപ്പെട്ട നിരപരാധികളാകാനുള്ള സാധ്യതകൾ തെളിഞ്ഞുകാണുന്നു. ഇൗ മോഹക്കച്ചവടത്തിൽ ഇവർക്ക് നഷ്ടപ്പെട്ടത് പുത്തൂർ സ്വദേശിക്ക് മുൻകൂർ നൽകിയ രണ്ടുലക്ഷം രൂപയാണ്.