വ്യാപാരികൾ കടക്കെണിയിൽ; ബ്ളേഡുകൾ പിടിമുറുക്കുന്നു 

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കോവിഡ് കാലത്തെ  പ്രതിസന്ധികൾ തരണം ചെയ്ത്  വ്യാപാര മേഖല വീണ്ടും സജീവമാവുമ്പോൾ നല്ലൊരു ശതമാനം വ്യാപാരികൾ കടക്കെണിയിലാണ്. മറ്റു വിഭാഗങ്ങൾക്ക് സർക്കാർ പലവിധ സഹായങ്ങൾ നൽകിയപ്പോൾ ഏറ്റവും വലിയ അവഗണനയും പ്രയാസങ്ങളും നേരിടേണ്ടി വന്ന വിഭാഗമാണ് വ്യാപാരികൾ. നേരത്തെ   ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കച്ചവടം നടത്തിപ്പോന്നവർ വായ്പകൾ തിരിച്ചടക്കാൻ കഴിയാതെ വലിയ പ്രയാസങ്ങളാണ് നേരിട്ടത്.

പ്രതിസന്ധിക്കാലത്ത് പിടിച്ച് നിൽക്കാൻ കഴിയാതെ പൂട്ടിപ്പോയ വ്യാപാരികളുമുണ്ട്. വലിയ കച്ചവട സ്ഥാപനങ്ങളും ജൂവലറികളും ഹൈപ്പർമാർക്കറ്റുകളും  വിപണിയെ സജീവമാക്കുമ്പോഴും  പരമ്പരാഗതമായി വ്യാപാര രംഗത്തുള്ള പലരും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരുന്നു. ഇടത്തരം വ്യാപാരികളാണ് ഏറ്റവും വലിയ പ്രയാസങ്ങൾ നേരിടുന്നത്. കച്ചവട രംഗത്ത് പിടിച്ച് നിൽക്കാൻ പ്രയാസപ്പെടുന്നവർ ബ്ളേഡുകാരുടെ പിടിയിലേക്കാണ് വഴുതി വീഴുന്നത്.

ബ്ളേഡ് മുതലാളി മാരിൽ നിന്ന് കൊള്ളപ്പലിശയ്ക്ക് കടം വാങ്ങുന്നവർക്ക് ദിവസേന കച്ചവടത്തിൽ കിട്ടുന്ന സംഖ്യ ബ്ളേഡുകാർക്ക് കൊടുക്കാൻ മാത്രമേ തികയുന്നുള്ളൂ. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുന്ന കച്ചവടക്കാരാണ് ബ്ളേഡുകാരെ സമീപിക്കുന്നത്. സീസൺ സമയത്ത് കിട്ടുന്ന കച്ചവടം നഷ്ടപ്പെടാതിരിക്കാനാണ് ബ്ളേഡുകാരിൽ നിന്ന് കടമെടുത്ത് കച്ചവടം നടത്തുന്നത്. ഒരു ലക്ഷം രൂപ ബ്ളേഡ് മുതലാളിമാരിൽ നിന്ന് കടം വാങ്ങുന്ന കച്ചവടക്കാരന് പലിശ കഴിച്ച് 86,000 രൂപയോളമാണ് കയ്യിൽ കിട്ടുന്നത്. കയ്യിൽ പണം കിട്ടുന്ന ദിവസം മുതൽ ദിവസേന ആയിരം രൂപ വീതം ഒരു ലക്ഷം രൂപ തീർത്തടച്ചാൽ മാത്രമെ കടം തീരുകയുള്ളു.

ഇപ്രകാരം ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെയും അതിൽ കൂടുതലും ബ്ളേഡ് മുതലാളിമാരിൽ  നിന്ന് കടം വാങ്ങി കച്ചവടം ചെയ്യുന്നവരിൽ പലർക്കും കൃത്യമായി തിരിച്ചടക്കാനുള്ള വരുമാനം കിട്ടുന്നില്ല.  പണം തിരിച്ചടക്കാത്തവർക്ക് പലതരത്തിലുള്ള ഭീഷണിയും നേരിടേണ്ടി വരുന്നു. ഇപ്രകാരം കടക്കെണിയിലായി ബുദ്ധിമുട്ടുന്ന നിരവധി വ്യാപാരികൾ നഗരത്തിലുണ്ട്.

LatestDaily

Read Previous

മടിക്കൈ കമ്മാരൻ സ്മാരക മന്ദിരത്തിന്  സമൂഹവിരുദ്ധരുടെ ആക്രമണം

Read Next

ബലാത്സംഗക്കേസ് പരാതിക്കാരിയുടെ ഭർത്താവിനെതിരെ പോക്സോ