ആമ്പർ ഗ്രീസ് കൃത്രിമം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പത്തുകോടി രൂപ വില മതിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട്ടെ കെ.വി. നിഷാന്തിൽ നിന്നും മാടമ്പില്ലത്ത് സിദ്ദിഖിൽ നിന്നും രണ്ടുലക്ഷം രൂപ മുൻകൂർ വാങ്ങി കൈമാറിയ  തിമിംഗല ഛർദ്ദി ആമ്പർ ഗ്രീസ് യഥാർത്ഥ ആമ്പർ ഗ്രീസല്ലെന്ന് സൂചന.

ആമ്പർ ഗ്രീസിന്റെ  മാതൃകയിലുണ്ടാക്കിയ കൃത്രിമ ആമ്പർ ഗ്രീസാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയതെന്നാണ് രഹസ്യ വിവരം. നോർത്ത് കോട്ടച്ചേരിയിലെ ഗ്രീൻലാന്റ് ലോഡ്ജിൽ നിന്നാണ് പത്തുകിലോ ആമ്പർ ഗ്രീസ് ആഗസ്ത് 28-ന് ഞായറാഴ്ച്ച രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

പത്തുകിലോ ഉണ്ടായിരുന്ന ആമ്പർ ഗ്രീസിന് കിലോയ്ക്ക് ഒരു കോടി രൂപ വില കണക്കാക്കിയാണ് നിഷാന്തിനും സിദ്ദിഖിനും കർണ്ണാടക പുത്തൂർ ബോസ് ഗ്രീസ് കൈമാറിയത്. ഇരുവരും പുത്തൂർ ബോസിന് ഈ കച്ചവടത്തിൽ 2 ലക്ഷം രൂപ റൊക്കം പണം മുൻകൂർ നൽകിയിരുന്നു. നിഷാന്തും സിദ്ദിഖും വാങ്ങിയ ആമ്പർ ഗ്രീസ് മറ്റൊരാൾക്ക് മറിച്ചു വിൽക്കാനുള്ള  നീക്കത്തിനിടയിലാണ് നിഷാന്തടക്കമുള്ള മൂന്ന് പ്രതികൾ ലോഡ്ജിൽ പോലീസ് പിടിയിലായത്.

പിടികൂടിയത് പത്തുകോടി രൂപയുടെ ആമ്പർ ഗ്രീസ് ആണെന്ന വിശ്വാസത്തിലാണ് മലയാളത്തിലേയും ഇംഗ്ലീഷിലേയും മുഖ്യധാരാ മാധ്യമങ്ങൾ ഗ്രീസ് വാർത്തയും പ്രതികളുടെ പടവും വൻ പ്രാധാന്യത്തോടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.

മലയാളത്തിലെ ഒരു ചാനലും ആമ്പർ ഗ്രീസ് വാർത്ത തൽസമയം വിളംബരം ചെയ്തിരുന്നു. ഇപ്പോൾ വനംവകുപ്പ് ഏറ്റെടുത്ത ആമ്പർ ഗ്രീസ് കേസ്സിന്റെ പ്രാരംഭ അന്വേഷണത്തിലാണ് പോലീസ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദി യഥാർത്ഥ ആമ്പർ ഗ്രീസല്ലെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ആമ്പർ ഗ്രീസ് കർണ്ണാടക പുത്തൂരിലെ ബോസിനോട് വാങ്ങിയ നിഷാന്തും സിദ്ദിഖും കബളിപ്പിക്കപ്പെട്ടതായി കണ്ടെത്തി. 

പോലീസ് പിടികൂടിയ അന്നുതന്നെ  ആമ്പർഗ്രീസിന്റെ സാമ്പിൾ  രാസപരിശോധനയ്ക്ക് സർക്കാർ ലാബിലേക്കയച്ചിരുന്നു. പ്രാഥമിക പരിശോധനയിലാണ് തിമിംഗല ഛർദ്ദി യഥാർത്ഥ ഗ്രീസ്സല്ലെന്ന് സൂചന ലഭിച്ചത്.  കേസ്സിലെ മൂന്ന് പ്രതികളെയും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ടിന്റെ ചുമതലയുള്ള രണ്ടാം കോടതി മജിസ്ത്രേട്ട് ഡൊണാൾഡ് സെക്യൂറ  ഇന്ന് വനംവകുപ്പിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകൊടുത്തു.

LatestDaily

Read Previous

കെ-റെയില്‍ സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം

Read Next

ഓണത്തിരക്കിൽ പോലീസ് ഇറങ്ങും