ലഹരിക്കെതിരെ കുരിശുയുദ്ധം

സംസ്ഥാനമാകെ വേരുറപ്പിച്ച  ലഹരി മാഫിയകൾക്കെതിരെ സർക്കാരും പ്രതിപക്ഷവും ഒത്ത് ചേർന്ന് പ്രഖ്യാപിച്ച കുരിശ് യുദ്ധം ഏറെ പ്രതീക്ഷയുണർത്തുന്ന ഒന്നാണ്. ലഹരി മാഫിയയെ തുരത്തുന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർക്കാനുള്ള തീരുമാനം ഈ വർഷത്തെ മികച്ച തീരുമാനമാണെന്നതിൽ യാതൊരു സംശയവുമില്ല.

ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ച സർക്കാർ ലഹരിമാഫിയയ്ക്കെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിരമായി ലഹരിക്കേസ്സിൽപെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നതടക്കമുള്ള നടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ലഹരി മാഫിയയുടെ ചങ്ങലക്കണ്ണികൾ മുറിക്കാനുള്ള സർക്കാർ തീരുമാനം വൈകിയതാണെങ്കിലും ഉചിതം തന്നെ.

ഈ വർഷം ജനുവരി മുതൽ ആഗസ്ത് മുപ്പത് വരെയുള്ള ദിവസങ്ങളിലായി പതിനാറായിരത്തി ഇരുന്നൂറ്റി ഇരുപത്തെട്ട് ലഹരിക്കേസ്സുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പിടികൂടിയത് ഒന്നര ടണ്ണോളം കഞ്ചാവും ആറരക്കിലോയിലധികം എംഡിഎംഏയും ഇരുപത്തി മൂന്നരക്കിലോയോളം ഹാഷിഷ് ഓയിലുമാണ്. ഇത് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്ക് മാത്രമാണ്. സ്ഥിതി വിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസ്സുകളുടെ മൂന്നിരട്ടിയാണ് ഇക്കഴിഞ്ഞ എട്ട് മാസങ്ങൾക്കുള്ളിൽ റജിസ്റ്റർ ചെയ്തത്.

പോലീസും, എക്സൈസും പിടിച്ചെടുത്തതിൽ കൂടുതൽ മയക്കുമരുന്നിടപാടുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. പിടിച്ചതിലും വലുത് അളയിലുണ്ടെന്ന് സാരം. ആർക്കും എവിടെയും യഥേഷ്ടം ലഭിക്കുന്ന വസ്തുവായി മയക്കുമരുന്ന്  മാറിയിട്ടുണ്ടെന്ന യാഥാർത്ഥ്യത്തിൽ ഊന്നി നിന്ന്   വേണം ലഹരി മാഫിയയ്ക്കെതിരെയുള്ള യുദ്ധങ്ങൾക്ക് തുടക്കം കുറിക്കാൻ.

കർണ്ണാടകയിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേക്ക് സുലഭമായി എത്തിക്കൊണ്ടിരുന്ന കഞ്ചാവിന് പകരം ഇപ്പോൾ എംഡിഎംഏ എന്ന മാരക രാസലഹരി മരുന്നാണ് മയക്കുമരുന്ന് ഉപഭോക്താക്കളുടെ ഇഷ്ടവിഭവം. ഹാപ്പി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഏ യുവതലമുറയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. കുറഞ്ഞ അളവിൽ കൂടുതൽ പണം ലഭിക്കുമെന്നതിനാൽ ലഹരി മാഫിയ എംഡിഎംഏ കള്ളക്കടത്തിലാണിപ്പോൾ ശ്രദ്ധയൂന്നിയിരിക്കുന്നത്.

നിയമ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ തകർക്കാവുന്നതല്ല കേരളത്തിലെ ലഹരി മാഫിയയുടെ വലക്കണ്ണികൾ. സ്കൂൾ തലം തൊട്ട് ഇടനിലക്കാരെ നിർത്തിയും വിദ്യാർത്ഥികളെ മയക്കുമരുന്നിന്റെ വാഹകരാക്കിയും ലഹരി മാഫിയ ചിലന്തി വലകൾ നെയ്ത് കാത്തിരിക്കുന്ന സാഹചര്യത്തിൽ ലഹരി മാഫിയയ്ക്കെതിരെയുള്ള യുദ്ധം ഒന്നിൽ നിന്ന് തുടങ്ങേണ്ട സാഹചര്യമാണുള്ളത്.

ഇതിന് സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ല. ബഹുജന അടിത്തറയിലൂന്നിയ പ്രതിരോധമാണ് ലഹരി മാഫിയയെ നിയന്ത്രിക്കാനുള്ള മാർഗ്ഗം. ലഹരിക്കേസ്സുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. അവരിൽ ഇരുപത് വയസ്സിൽ താഴെയുള്ളവരുടെ എണ്ണവും കൂടുതലാണ്. മാരക ലഹരിമരുന്നുകൾക്കടിമകളായി ഉൻമാദാവസ്ഥയിലായ യുവ സമൂഹമാണ് കേരളത്തിന്റെ ഭീഷണി.

വരാനിരിക്കുന്ന കാലത്തിന്റെ പതാകവാഹകരാകേണ്ട യുവതലമുറയാണ് ലഹരിക്കടിമയായി നശിച്ചുകൊണ്ടിരിക്കുന്നതെന്ന് വിസ്മരിച്ച് കൂടാ. വാലറ്റത്തിന് തീപിച്ച ജീവിതവുമായി ഓടിക്കൊണ്ടിരിക്കുന്ന കുടുംബങ്ങൾ സ്വന്തം മക്കളെപ്പോലും ശ്രദ്ധിക്കാൻ മറന്നതിന്റെ ദുരന്തഫലമാണ് വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിന് കാരണം.

LatestDaily

Read Previous

ഗർഭിണി കിണറ്റിൽ വീണു

Read Next

ഓണക്കാലം അവധിക്കാലം സെപ്തംബറിൽ 11 ദിവസം ബാങ്ക് അവധി