സ്വർണ്ണവ്യാപാരിയെ കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിൽ ഒരാൾ കൂടി റിമാൻഡിൽ

സ്വന്തം ലേഖകൻ

അമ്പലത്തറ: ഇരിയയിൽ സ്വർണ്ണവ്യാപാരിയെ ഇടിച്ചു വീഴ്ത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ ഒരു പ്രതി കൂടി റിമാൻഡിലായതോടെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അഞ്ച് പേരും ജയിലിലായി. ഒന്നര മാസം മുമ്പ് രാത്രിയാണ് ചുള്ളിക്കരയിലെ ജ്വല്ലറിയുടമയായ ഇരിയയിലെ ബാലചന്ദ്രനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി അപായപ്പെടുത്തി കവർച്ച ചെയ്യാൻ ശ്രമിച്ചത്.

ഇരിയ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തായിരുന്നു ആക്രമണം. ബാലചന്ദ്രൻ സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ച് അദ്ദേഹത്തെ അപായപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം. അതുവഴി വാഹനങ്ങൾ കടന്നുവന്നതോടെ അക്രമി സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തിലെ രണ്ട് പ്രതികളെ തൊട്ടടുത്ത ദിവസം തന്നെ അന്നത്തെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന്റെ സൂത്രധാരനായ ഒടയഞ്ചാൽ പാട്ടില്ലത്ത് റസാഖ് എന്ന സ്രാക്കുട്ടി റസാഖിനെയാണ് 55, അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദനും സംഘവും ഇന്നലെ പിടികൂടിയത്. റസാഖിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം തവണ ഇയാൾ കേസ്സിലെ മറ്റ് പ്രതികളുമായി സംഭാഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ തന്റെ ഷെയർ ആവശ്യപ്പെട്ട് റസാഖ് അക്രമി സംഘത്തിലെ ഒരാളെ വിളിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ജ്വല്ലറിയുടമ ബാലചന്ദ്രന്റെ നീക്കങ്ങൾ മറ്റുള്ളവരെ യഥാസമയം അറിയിച്ചിരുന്നതും റസാഖായിരുന്നു. റസാഖിനെതിരെ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽക്കേസ്സുകളുള്ളതായി അമ്പലത്തറ ഐ.പി, ടി.കെ. മുകുന്ദൻ അറിയിച്ചു.

LatestDaily

Read Previous

ഓണക്കാലം അവധിക്കാലം സെപ്തംബറിൽ 11 ദിവസം ബാങ്ക് അവധി

Read Next

മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി