വനംവകുപ്പ് പിടികൂടിയ നായാട്ട് സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : തോക്കുമായി പിടിയിലായ നായാട്ടു സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിലെ മരുതോം സെക്ഷനിൽ ബിരിക്കുളം വരഞ്ഞൂരിൽ നിന്നാണ്  ഇന്നലെ മൂന്നംഗ നായാട്ട് സംഘത്തെ രണ്ട് തോക്കുകളുമായി വനം വകുപ്പ് പിടികൂടിയത്. കാസർകോട് നിന്നെത്തിയ വനം വകുപ്പ് ഫ്ലൈയിങ്ങ് സ്ക്വാഡാണ് ഇന്നലെ വൈകുന്നേരം 5.30  മണിക്ക് വരഞ്ഞൂരിൽ നായാട്ട് സംഘത്തെ പിടികൂടിയത്.

ജില്ലയിൽ വന്യ മൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തുന്ന നായാട്ടു സംഘങ്ങൾ സജീവ മായതിനെത്തുടർന്നാണ് വനം വകുപ്പിന്റെ പരിശോധന നടന്നത്. ബിരിക്കുളം കാട്ടിപ്പൊയിലിലെ വേങ്ങയിൽ പത്മനാഭൻ, ബാബുരാജ്, ബാലചന്ദ്രൻ എന്നിവരെയാണ് വനം വകുപ്പ് ഫ്ലൈയിങ്ങ് സ്ക്വാഡ് തോക്കുകളുമായി പിടികൂടിയത്. രണ്ട് തോക്കുകളാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇവയിൽ ഒന്ന് കള്ളത്തോക്കാണ്. 5 തിരകളും പിടിച്ചെടുത്തിട്ടുണ്ട്.

ഫ്ലൈയിങ്ങ് സ്ക്വാഡ് പിടികൂടിയ നായാട്ട് സംഘത്തെ വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർക്ക് കൈമാറി. ഫ്ലൈയിങ്ങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. ശ്രീധരൻ, എം. ഹരി, ഡ്രൈവർ പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ്   വരഞ്ഞൂരിൽ നായാട്ടുസംഘത്തെ പിടികൂടിയത്.

നായാട്ടുസംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. പിടിയിലായ പ്രതികളെ തൊണ്ടിമുതൽ സഹിതം ഇന്ന് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിനാണ് തുടർ നടപടികളുടെ ചുമതല.

LatestDaily

Read Previous

സാമ്പത്തിക ബാധ്യത: വ്യാപാരിയും ഭാര്യയും അപ്രത്യക്ഷരായി

Read Next

ചിട്ടിപ്പണം നല്‍കിയില്ല; ചിട്ടി ഏജന്റ്  തൂങ്ങിമരിച്ചു