ആമ്പർ ഗ്രീസിന്റെ സൂത്രധാരൻ ഒന്നാം പ്രതി

കാഞ്ഞങ്ങാട്: ഇന്ത്യൻ മാർക്കറ്റിൽ പത്തുകോടി രൂപ വിലയുള്ള ആമ്പർ ഗ്രീസ് (തിമിംഗല ഛർദ്ദിയുടെ) സൂത്രധാരൻ ഈ കേസ്സിലെ ഒന്നാം പ്രതി കൊവ്വൽപ്പള്ളിയിലെ കെ. വി. നിഷാന്താണ്. കഴിഞ്ഞ ഒന്നരമാസക്കാലമായി ആമ്പർ ഗ്രീസ് നിഷാന്തിന്റെ കൈയ്യിലുണ്ട്. വീട്ടിലാണ് ആമ്പർ ഗ്രീസ് സൂക്ഷിച്ചതെന്ന് നിഷാന്ത് പോലീസിനോട് പറഞ്ഞു.

ഒരു മാസമായി ഈ ജൈവവൈവിധ്യ മുതൽ ഉൽപ്പന്നം മറിച്ചുവിൽക്കാൻ നിഷാന്ത് ഇടപാടുകാരെ തേടുകയാണ്. കേസ്സിൽ മൂന്നാംപ്രതി ദിവാകരൻ ഈ മരുന്ന് മറിച്ചു വിൽക്കാൻ ആളെ കണ്ടെത്താൻ നിഷാന്ത് ഏർപ്പാടാക്കിയ ഇടനിലക്കാരനാണ്. ദിവാകരൻ ഇടക്കിടെ നിഷാന്തിന്റെ കൊവ്വൽപ്പള്ളി വീട്ടിൽ വന്നുപോകാറുള്ള യുവാവാണ്.

ആമ്പർ ഗ്രീസ് നോർത്ത് കോട്ടച്ചേരിയിലെ ഗ്രീൻ ലാൻഡ് ഹോട്ടൽമുറിയിലാണ് ഇന്നലെ വ്യാപാരമുറപ്പിച്ചതാണ്. ഗ്രീസ് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് കടത്തും മുമ്പ് പോലീസ് മുറിയിൽക്കയറി. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യക്തമായ രഹസ്യവിവരത്തെ തുടർന്ന് ഈ ആമ്പർ ഗ്രീസിന്റെ പിറകിൽ തന്നെ കഴിഞ്ഞ ഒരു മാസക്കാലമായി പോലീസുണ്ട്.

ഗ്രീൻ ലാൻഡ് ഹോട്ടലിൽ ഇന്നലെ മുറി ബുക്ക് ചെയ്തത് ഇടനിലക്കാരൻ ദിവാകരനാണ്. നാട്ടിൽ കൃഷിക്കാരനാണിയാൾ. കേസ്സിൽ രണ്ടാംപ്രതി മുറിയനാവി യിലെ സിദ്ദിഖും, ഒന്നാം പ്രതി നിഷാന്തും ആമ്പർ ഗ്രീസ് വാങ്ങുമ്പോൾ പുത്തൂർ സ്വദേശിക്ക് 2 ലക്ഷം രൂപ മുൻകൂർ പണം നൽകിയതായി പുറത്തുവന്നിട്ടുണ്ട്. ബാക്കി തുക ഗ്രീസ് വിൽപ്പന നടത്തിയ ശേഷം പുത്തൂർ സ്വദേശിക്ക് നൽകാമെന്നാണ് ഇവർ തമ്മിലുള്ള വ്യാപാരക്കരാർ. തിമിംഗലങ്ങൾ കടലിൽ ഛർദ്ദിക്കുന്ന ഈ ഗ്രീസ്  രൂപത്തിലുള്ള മരുന്നിന്  സമുദ്രപരിധികളുണ്ട്.

അറബിക്കടലിന്റെ ഇന്ത്യൻ സമുദ്ര പരിധിയിൽ കടലിൽ അധിവസിക്കുന്ന തിമിംഗലങ്ങളുടെ ഡിഎൻഎ വിവരങ്ങൾ ഭാരത സർക്കാറിന്റെ കൈവശമുണ്ട്. പിടികൂടിയ ആമ്പർ ഗ്രീസിന്റെ ഡിഎൻഎ രാസപരിശോധന നടത്തിയാൽ, കാഞ്ഞങ്ങാട്ട് പിടികൂടിയ ആമ്പർ ഗ്രീസ്  ഏതു തിമിംഗലം ഛർദ്ദിച്ചതാണെന്ന് കണ്ടെത്താൻ  ശാസ്ത്രീയമായി കഴിയുമെന്നതാണ് ഈ  തിമിംഗല ഛർദ്ദി കേസ്സിൽ ഉരുത്തിരിഞ്ഞിട്ടുള്ള ഏറ്റവും പുതിയ വഴിത്തിരിവ്.

ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളുടെ സമുദ്രപരിധിയിൽ കണ്ടെടുക്കപ്പെടുന്ന തിമിംഗല ഛർദ്ദിക്ക് അതാതു രാജ്യങ്ങൾ അവകാശമുന്നയിക്കാറില്ല. ഛർദ്ദി കടലിൽ കണ്ടെടുക്കുന്ന മൽസ്യത്തൊഴിലാളികൾ ആമ്പർ ഗ്രീസ് സ്വന്തമായി വിറ്റ് പണം വാങ്ങിയാൽ അത്തരം രാജ്യങ്ങളിൽ സർക്കാർ കേസ്സെടുക്കാറില്ല.

LatestDaily

Read Previous

സിൽവർ ലൈൻ സാമൂഹികാഘാത പഠനം നിർത്തി; സർക്കാർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട്

Read Next

ഐടി പാർക്കിൽ ബാർ നടത്തിപ്പുകാർക്ക് അനുമതിയില്ല