കോടിയേരി പാർട്ടി പദവി ഒഴിയും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: സിപിഎം സംസ്ഥാന സിക്രട്ടറി കൊടിയേരി ബാലകൃഷ്ണന് അനാരോഗ്യത്തെ തുടർന്ന് പാർട്ടി വിശ്രമം അനുവദിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നാളെയും മറ്റന്നാളുമായി ചേരുന്ന സിപിഎം സംസ്ഥാനക്കമ്മിറ്റി യോഗത്തെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.

മകൻ ബിനീഷ് കോടിയേരിക്കെതിരെയുണ്ടായ കേസ്സുകളും അനാരോഗ്യവും മൂലം പാർട്ടിയിൽ നിന്ന് ദീർഘകാലം അവധിയെടുത്ത് മാറി നിന്ന കൊടിയേരി മകൻ ജയിൽ മോചിതനായതോടെയാണ് വീണ്ടും സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുത്തത്. അടുത്ത കാലത്തായി കൊടിയേരിയെ അനാരോഗ്യം അലട്ടുന്നതിനാൽ, അദ്ദേഹം പാർട്ടി സിക്രട്ടറി പദവി സ്ഥാനത്തു നിന്നും മാറി നിൽക്കാൻ നേതൃത്വത്തോട് അനുമതി ചോദിച്ചിരുന്നതായി സൂചനയുണ്ട്.

സിപിഎം അഖിലേന്ത്യാ സിക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവർ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രസ്തുത യോഗത്തിൽ കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സിക്രട്ടറി പദവിയിൽ നിന്നും വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.

സിപിഎം സംസ്ഥാന  സിക്രട്ടറി പദവി ദീർഘകാലമായി കണ്ണൂർ നേതാക്കളുടെ കൈയ്യിലാണ്. കോടിയേരി ബാലകൃഷ്ണൻ സിക്രട്ടറി പദമൊഴിഞ്ഞാൽ അടുത്ത സിക്രട്ടറി ആരാണെന്ന ചർച്ചയും സിപിഎമ്മിൽ സജീവമായിട്ടുണ്ട്. നിലവിൽ എൽഡിഎഫ് കൺവീനർ സ്ഥാനം വഹിക്കുന്ന ഇ.പി. ജയരാജന് സംസ്ഥാന സിക്രട്ടറി സ്ഥാനം നൽകിയേക്കുമെന്നാണ് സൂചനകൾ. മുൻ മന്ത്രി ഏ.കെ. ബാലന് ഇടതുമുന്നണി കൺവീനർ സ്ഥാനം നൽകാനുള്ള സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്. ഇ.പി. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും മാറ്റി പാർട്ടി സംസ്ഥാന കമ്മിറ്റി സിക്രട്ടറിയായി നിയോഗിച്ചാൽ, നേരത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനം വഹിച്ചിട്ടുള്ള ഏ.കെ. ബാലനെ മുന്നണി കൺവീനറാക്കാനാണ് സാധ്യത.

കണ്ണൂർ ലോബി കൈയ്യടക്കി വെച്ച സിപിഎം സംസ്ഥാന സിക്രട്ടറി സ്ഥാനത്തിന് തെക്കൻ ലേബി അവകാശവാദമുന്നയിച്ചേക്കുമെന്നും സംശയമുണ്ട്. പക്ഷേ, പാർട്ടിയിൽ സർവ്വാധിപത്യമുള്ള പിണറായി വിജയൻ ഇതിന് വഴങ്ങില്ലെന്നും, രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മന്ത്രിപദം രാജിവെച്ച സജി ചെറിയാന്  ഇടതുമുന്നണി കൺവീനർ സ്ഥാനം നൽകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വി.എസ് അച്യുതാനന്ദൻ സംസ്ഥാന സിക്രട്ടറി പദം ഒഴിഞ്ഞ ശേഷം കണ്ണൂർ നേതാക്കളാണ് സംസ്ഥാന സിക്രട്ടറി പദം അലങ്കരിക്കുന്നത്.

സൗമ്യ സ്വഭാവക്കാരനായ കോടിയേരി ബാലകൃഷ്ണന് ശേഷം സിപിഎം സംസ്ഥാന സിക്രട്ടറി പദവി ആരാണ് വഹിക്കുകയെന്ന ചോദ്യത്തിന്റെ ഉത്തരം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഗവർണ്ണറും സർക്കാരും തമ്മിൽ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും ചർച്ചയുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ സഭാ വികാരികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മറ്റൊരു വിമോചന സമരമാകുമോയെന്ന സന്ദേഹവും സിപിഎമ്മിനുണ്ട്. ഇതേക്കുറിച്ചും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയുണ്ടാകും.

LatestDaily

Read Previous

കരീം ചന്തേര എൻസിപി. ജില്ലാ പ്രസിഡണ്ട്

Read Next

എല്‍ഡിഎഫില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്ന് പി.സി ചാക്കോ