ചെറുവത്തൂരിൽ മീൻലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം

ചെറുവത്തൂർ: മീനുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും,  പറശ്ശിനിക്കടവിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ച് യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരുതി കാറിലുണ്ടായിരുന്ന മറ്റു മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 6-15 ന് ദേശീയ പാതയിൽ മട്ട്ളായി ശിവക്ഷേത്രത്തിന് മുന്നിലാണ് അപകടം.

കാറിലുണ്ടായിരുന്ന മടക്കര ഓർക്കുളം സ്വദേശി രാജിത് 35, തൽക്ഷണം മരിച്ചു.  മടക്കരയിൽ ലൈവ് മീഡിയ നടത്തുന്ന രാജിത്  പരേതനായ കെ.പി. രാധാകൃഷ്ണന്റെ മകനാണ്. ഭാര്യ നിഷ പൊടോതുരുത്തി സ്വദേശിനി. കാറിലുണ്ടായിരുന്ന രാജിതിന്റെ സുഹൃത്തുക്കളായ അഖിൽ 30, ചിഞ്ചു 32, ജിത്തു 33, എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജിതിന്റെ കാറിലാണ്  നാലുപേരും പറശ്ശിനി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ  ദർശനത്തിന് പോയത്. ദർശനം കഴിഞ്ഞ് പറശ്ശിനിയിൽ താമസിച്ച നാലുപേരും  ഇന്ന് പുലർച്ചെ കാറിൽ ചെറുവത്തൂരിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. പുലർച്ചെ അപകടം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു. കാലത്ത് റോഡ് വിജനമായതിനാൽ മീൻ ലോറി നല്ല വേഗതയിലുമായിരുന്നു. കാറിനകത്ത് കുടുങ്ങിപ്പോയനാലു യുവാക്കളെയും നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. രാജിത് അപ്പോഴേയ്ക്കും മരണത്തെ പുൽകിയിരുന്നു.

പരിക്കേറ്റ മറ്റു മൂന്ന് പേരെയും ചെറുവത്തൂരിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. മരണ വിവരമറിഞ്ഞ് കാലത്ത് തന്നെ ചെറുവത്തൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ അപകട സ്ഥലത്തേക്കും ആശുപത്രിയിലേക്കും ഒഴുകിയെത്തി. അപടമുണ്ടാക്കിയ സായ്കൃപ ലോറി ഡ്രൈവറുടെ പേരിൽ ചന്തേര പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

മൽപെ കടൽത്തീരത്ത് നിന്നും മീനുമായി കൊച്ചിയിലേക്ക് പോകുകയായിരുന്നു ഈ മീൻ വണ്ടി. മീൻവണ്ടിയുടെ ഡ്രൈവർ ലോറിയുപേക്ഷിച്ച് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അഖിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ജിതിൻ, സിജു എന്നിവർ പരിയാരം മെഡിക്കൽ കോളേജിലാണ്.

LatestDaily

Read Previous

തലശ്ശേരിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

Read Next

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’