സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: മത്സ്യ വിൽപ്പന സ്റ്റാളിലെ മലിനജലവും അവശിഷ്ടങ്ങളും റോഡരികിൽ നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാത്രി തൃക്കരിപ്പൂർ ചെറുകാനത്താണ് സംഭവം.
തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെഗേറ്റിന് സമീപത്തെ മത്സ്യസ്റ്റാളിലെ മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിക്കാനെത്തിയ കെ.എൽ 58 ആർ – 8759 നമ്പർ വാഹനവും അതിലെ തൊഴിലാളികളെയുമാണ് നാട്ടുകാർ തടഞ്ഞ് നിർത്തിയത്. ബീരിച്ചേരി മത്സ്യസ്റ്റാളിലെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിച്ചത്.
വാഹനം തടഞ്ഞതിനെത്തുടർന്ന് ചന്തേര എസ്ഐ, കെ. ലക്ഷ്മണൻ, പഞ്ചായത്തംഗം രജീഷ് ബാബു, തൃക്കരിപ്പൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരിൽ നിന്നും തൃക്കരിപ്പൂർ പഞ്ചായത്ത് പിഴ ഈടാക്കും.