റോഡിൽ കുഴിയുണ്ട്; സൂക്ഷിക്കുക

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാസർകോട് – കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ കൊവ്വൽപ്പള്ളിക്കും അലാമിപ്പള്ളിക്കുമിടയിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കനത്ത മഴയെത്തുടർന്നാണ് റോഡിലെ കലുങ്കിന്റെ ഒത്ത നടുക്ക് പാതാളക്കുഴി രൂപപ്പെട്ടത്. വാഹന യാത്രക്കാരുടെ ജീവനെടുക്കുന്ന ചതിക്കുഴി നടുനിരത്തിൽ രൂപപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. നിലവിൽ പുതിയ കുഴി രൂപപ്പെട്ടതിന് സമീപത്ത് നേരത്തെയുണ്ടായിരുന്ന കുഴി താൽക്കാലികമായി അടച്ചതിന് പിന്നാലെയാണ് റോഡിന് നടുവിൽ വീണ്ടും കുഴി വീണത്.

മഴ പെയ്യുന്ന സമയത്ത് വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ കുഴി വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. നടുറോഡിലെ കുഴിയിൽ ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറ്റവും കൂടുതൽ ഭീഷണിയുണ്ടാക്കുന്നത്. വാഹനങ്ങൾ അറിയാതെ കുഴിയിൽ വീണാൽ അപകടം ഉറപ്പാണ്. റോഡിലെ കുഴിയുടെ സമീപം ബോർഡ് സ്ഥാപിച്ച് പോലീസ്  തലയൂരിയതോടെ കുഴിയിൽ വീഴാതെ ജീവൻ രക്ഷിക്കേണ്ട ബാധ്യത വാഹനയാത്രക്കാരുടേത് മാത്രമായി.

കാസർകോട് പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ അവസാനിക്കുന്ന   കെഎസ്ടിപി റോഡിൽ പലയിടത്തും കുഴികൾ വീണിട്ടുണ്ട്. മഴവെള്ളം ഒലിച്ചുപോകാനുള്ള ഓവുചാൽ സംവിധാനമില്ലാതെയാണ് കെഎസ്ടിപി റോഡ് നിർമ്മിച്ചത്. ഇത് മൂലം കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും സ്ഥിരമായി മഴവെള്ളക്കെട്ടുകളാണ്. കെഎസ്ടിപി റോഡിന്റെ പരിപാലനച്ചുമതല സംസ്ഥാന സർക്കാരിനാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ചർച്ചയ്ക്ക് തീരുമാനം

Read Next

പൊതുസ്ഥലത്ത് മാലിന്യംനാട്ടുകാർ തടഞ്ഞു