ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ചർച്ചയ്ക്ക് തീരുമാനം

സ്വന്തം ലേഖകൻ

കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരും തട്ടിപ്പ് കേസ്സിലെ പ്രതികളും തമ്മിൽ ചർച്ച നടത്തും. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതികളായ ടി.കെ. പൂക്കോയയും എം.സി. ഖമറുദ്ദീനും പങ്കെടുക്കുമെന്നാണ് സൂചന.

മധ്യസ്ഥ ചർച്ചയിൽ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പ്രതിനിധി ജമാൽ പറമ്പത്തും പങ്കെടുക്കും. ഇന്നലെ ജമാൽ പറമ്പത്തിന്റെ നേതൃത്വത്തിൽ ടി.കെ. പൂക്കോയയുടെ വീട്ടിലേക്കും എം.സി. ഖമറുദ്ദീന്റെ വീട്ടിലേക്കും നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ നിയമനടപടികൾ അനന്തമായി നീളുകയാണ്. ലീഗ് നേതാക്കളുടെ തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് വഴിയാധാരമായവർ പോലീസിൽ പ്രതീക്ഷ നശിച്ചതിനെത്തുടർന്നാണ് ഇന്നലെ വീണ്ടും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനം നടക്കുന്ന വിവരം മണത്തറിഞ്ഞ ടി.കെ. പൂക്കോയയും എം.സി. ഖമറുദ്ദീനും ഇന്നലെ സ്വന്തം വീടുകളിൽ നിന്നും മുങ്ങിയിരുന്നു.

ചന്തേര പോലീസ് വിളിച്ചു ചേർത്ത മധ്യസ്ഥ ചർച്ചയിൽ ടി.കെ. പൂക്കോയയും, എം.സി. ഖമറുദ്ദീനും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെങ്കിലും അവസാന നിമിഷം ഇരുവരും കാല് മാറുമോയെന്ന് തട്ടിപ്പിനിരയായവർക്ക് ആശങ്കയുണ്ട്. നാളെയാണ് മധ്യസ്ഥ ചർച്ച തീരുമാനിച്ചിരുന്നതെങ്കിലും ജില്ലാ പോലീസ് മേധാവ് ഡോ. വൈഭവ് സക്സേന നാളെ ചന്തേര പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തുന്നതിനാൽ ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

LatestDaily

Read Previous

വൈറലായി സച്ചിന്‍ ദേവ്-ആര്യ വിവാഹ ക്ഷണക്കത്ത്

Read Next

റോഡിൽ കുഴിയുണ്ട്; സൂക്ഷിക്കുക