ഹണിട്രാപ്പ് യുവതി പരാതിക്കാരനെതിരെ  പയ്യന്നൂർ പോലീസിൽ പരാതി നൽകി

നീലേശ്വരം ഹണിട്രാപ്പിൽ നിർണ്ണായക വഴിത്തിരിവ്. ഹണിട്രാപ്പിൽക്കുടുങ്ങി തട്ടിക്കൊണ്ടുപോകലിന് ഇരയായ ബസ് കോൺട്രാക്ടർ ശൈലേഷ് അമ്പാടിക്കെതിരെ ഈ കേസ്സിലെ പ്രതി നീലേശ്വരം അഴിത്തല ഹരീഷിന്റെ ഭാര്യ വിദ്യ 29 പയ്യന്നൂർ പോലീസ്സിൽ പരാതി നൽകി.

ശൈലേഷ് അമ്പാടി തന്നെ ഉപദ്രവിച്ചുവെന്നാണ് വിദ്യ പോലീസിൽ നൽകിയിട്ടുള്ള  പരാതി. തൽസമയം ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ്സിൽ മൊഴിയെടുക്കാൻ വിദ്യയെ വിളിപ്പിച്ചിട്ടില്ല. വിദ്യയുടെ സ്വന്തം വീട് പയ്യന്നൂരിലാണ്.

ഹണിട്രാപ്പ് സംഭവം പുറത്തുവന്നതിന് ശേഷം നീലേശ്വരം അഴിത്തലയിലെ ഭർതൃവീട്ടിലായിരുന്ന വിദ്യ പയ്യന്നൂരിലെ സ്വന്തം വീട്ടിലാണ് ഇപ്പോൾ താമസം. യുവതിയുടെ ഭർത്താവും പ്രമാദമായ ഈ തട്ടിക്കൊണ്ടുപോകൽ കേസ്സിൽ പ്രതിയുമായ അഴിത്തല ഹരീഷ് ഒളിവിലാണ്.

പരാതിയെത്തുടർന്ന് ഹണിട്രാപ്പിനിരയായ ശൈലേഷ് അമ്പാടിയെ ഇന്നലെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ച ശേഷം, വിളിക്കുമ്പോൾ ഹാജരാകണമെന്ന് നിർദ്ദേശിച്ച് തിരിച്ചയച്ചു. വിദ്യയുടെ പരാതിയിൽ ഇന്ന് പോലീസ് ഇൻസ്പെക്ടർ മഹേഷ്.കെ.നായർ തീരുമാനമെടുക്കും.

ചന്തേരയിൽ ശൈലേഷ് അമ്പാടിയുടെ പരാതിയിൽ കേസ്സ് നിലനിൽക്കുന്നതിനാൽ വിദ്യയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനുണ്ടെന്ന് ഇൻസ്പെക്ടർ മഹേഷ് നായർ പറഞ്ഞു.

ശൈലേഷിനെ തൃക്കരിപ്പൂർ നടക്കാവിൽ ജൂലായ് 26 ന് രാവിലെ 10-46 മണിക്ക് കാഞ്ഞങ്ങാട് നെല്ലിത്തറയിലെ മുകേഷ് അടക്കമുള്ള നാലംഗ സംഘം തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഒരു ദിവസം നീലേശ്വരം അഴിത്തലയിലെ ഭർതൃഗൃഹത്തിൽ നിന്ന് ശൈലേഷ് അമ്പാടി വിദ്യയെ കാറിൽ കൊണ്ടുപോയി പയ്യന്നൂർ ടൗണിൽ വിട്ടിരുന്നു. ഇക്കാര്യം ശൈലേഷ് അമ്പാടി തന്നെയാണ് വെളിപ്പെടുത്തിയത്.

ഈ തട്ടിക്കൊണ്ടുപോകൽ കേസ്സിൽ മുകേഷ് അറസ്റ്റിലായെങ്കിലും, കൂട്ടുപ്രതികളായ വിദ്യയുടെ ഭർത്താവ് ഹരീഷ് അടക്കമുള്ള മൂന്ന് പ്രതികൾ ഇപ്പോഴും ചന്തേര  പോലീസ് വീശിയ വലയ്ക്ക്  പുറത്താണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് മുകേഷിനെ കാഞ്ഞങ്ങാട്ട് നിന്നും കസ്റ്റഡിയിലെടുത്ത് ചന്തേര പോലീസിന് കൈമാറിയത്

LatestDaily

Read Previous

പൊതുനിരത്തിലെ കൊടികൾ നീക്കം ചെയ്തില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Read Next

ക്വട്ടേഷൻ നേതാവ് മുകേഷിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ്