ലഹരി മാഫിയയ്ക്കെതിരെ പടന്നക്കാട് ജമാഅത്ത്

കാഞ്ഞങ്ങാട് : പടന്നക്കാട്ടെ  ലഹരി മാഫിയയെ നിയന്ത്രിക്കാൻ ശക്തമായ  നിലപാടുമായി ജമാഅത്ത്  കമ്മിറ്റി രംഗത്ത്. പടന്നക്കാട് അൻസാറുൽ ഇസ്്ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരി മാഫിയയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. അടുത്തകാലത്ത് പടന്നക്കാട് നിന്നും പല തവണ ലഹരിമരുന്ന് പിടികൂടിയിരുന്നു.

യുവാക്കളെയാണ് ഹോസ്ദുർഗ്ഗ് പോലീസ് ലഹരി മരുന്നുമായി പിടികൂടിയത്. ഇവരിൽ പടന്നക്കാട് ജമാഅത്ത് കമ്മിറ്റി മഹല്ലിൽപ്പെട്ടവരുമുണ്ടായിരുന്നു. കേസിൽ പിടിയിലാകുന്നത് ജമാഅത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.

ഇതേത്തുടർന്നാണ് ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് ജമാഅത്ത് കമ്മിറ്റി രംഗത്തെത്തിയത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാകുന്ന മഹല്ല് നിവാസികളെ സാമൂഹികമായി ഒറ്റപ്പെടുത്താനാണ് ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം.

മയക്കുമരുന്ന് കേസിൽപ്പെടുന്നവരുടെയോ കുടുംബാംഗങ്ങളുടെയോ വിവാഹച്ചടങ്ങുകൾക്ക് മഹൽ കമ്മിറ്റിയുടെ പിന്തുണയുണ്ടാവില്ലെന്നാണ് പടന്നക്കാട് ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. 580 കുടുംബങ്ങളാണ് പടന്നക്കാട് അൻസാറുൽ ജമാഅത്ത് കമ്മിറ്റിയുടെ പരിധിയിലുള്ളത്.

ജമാഅത്ത് നിവാസികളായ യുവാക്കൾക്കിടയിൽ പെരുകിവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താനുള്ള ഒരുക്കത്തിലാണ് ജമാഅത്ത് കമ്മിറ്റി. ഇതിനായി പോലീസിന്റെ സഹായമടക്കം തേടാനും ലക്ഷ്യമുണ്ട്. ലഹരിക്കേസുകളിലുൾപ്പെട്ടനരുടെ പ്രാഥമികാംഗത്വം റദ്ദാക്കാനും, ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ലഹരി മരുന്ന് മാഫിയയെ നിയന്ത്രിക്കാൻ ജമാഅത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കിയിട്ടുണ്ട്.

LatestDaily

Read Previous

പടന്നക്കാട് മുസ്ലിം ജമാഅത്തിന് അഭിനന്ദനവുമായി പോലീസ്

Read Next

ഫാഷൻ ഗോൾഡ് വഞ്ചിതർ : ലീഗ് നേതാക്കളുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു