ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : അധികാരം നിലനിർത്താൻ മതപരമായ ധ്രുവീകരണം നടത്തുന്ന ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ആർ.എസ്.പി കേന്ദ്രസെക്രട്ടറിയേറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട് വെച്ച രാമക്ഷേത്രം യാഥാർത്ഥ്യമായിക്കഴിഞ്ഞു. അടുത്തത് ഏക സിവിൽ കോഡാണെന്ന് ആർ.എസ്.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രേമചന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം കടുത്ത ഭീഷണിയും വെല്ലുവിളിയും നേരിടുകയാണ്. കോൺഗ്രസുൾപ്പടെ മതേതര പാർട്ടികൽ യോജിച്ച് നിന്നാൽ മാത്രമെ ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാവുകയുള്ളൂ. എന്നാൽ ഇടത് പാർട്ടികൾക്ക് ഈ സാമൂഹ്യ യാഥാർത്ഥ്യം തിരിച്ചറിയാൻ ഇനിയുമായിട്ടില്ല. ഇത് ഏറെ ആപൽക്കരവും രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമാണ്. പ്രതിപക്ഷത്തെ അനൈക്യമാണ് ബിജെപിയുടെ ശക്തി.
എതിർക്കുന്നവരെ മുഴുവൻ ഉന്മൂലനം ചെയ്യുകയെന്ന ബിജെപി സമീപനം തന്നെയാണ് കേരളത്തിൽ ഇടത് പക്ഷ സർക്കാറും നടപ്പിലാക്കുന്നത്. ഇടത് പാർട്ടികൾക്ക് മാത്രമായി ബിജെപിയെ നിലക്ക് നിർത്താനാവില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഇടത് പാർട്ടികൾ തയ്യാറാവണം.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടെ കാർബൺ പതിപ്പാണ് കേരളത്തിലെ പിണറായി സർക്കാർ. അധോലോക ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുകയാണ് കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായി വിജയനും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.
സ്വർണ്ണ ഇടപാടും നോട്ട് കച്ചവടവും മയക്കുമരുന്നു കള്ളക്കടത്തും നടത്തുന്ന അധോലോക സംഘങ്ങൾ പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ തഴച്ചു വളരുകയാണ്. കുടുംബക്കാർക്കും പാർട്ടിക്കാർക്കും മാത്രമാണ് കേരളത്തിൽ തൊഴിലവസരങ്ങൾ ലഭിക്കുന്നത്. അവിശുദ്ധവും അലിഖിതവുമായ അജണ്ടയാണ് പിണറായി സർക്കാറിന്റേതെന്നും മോദി എന്ത് ചെയ്യുന്നുവോ അത് തന്നെയാണ് പിണറായി വിജയനും ചെയ്യുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരീഷ്. ബി. നമ്പ്യാർ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇടമനശ്ശേരി സുരേന്ദ്രൻ, കെ. ജയകുമാർ, ബി. ബാലകൃഷ്ണൻ നമ്പ്യാർ, കരിവെള്ളൂർ വിജയൻ, കെ.എ. ഷാലു, സി. രാമചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലയിലുള്ളവരെ ആദരിച്ചു.