പാകമാകാത്ത കണ്ണടകൾ

ലിംഗ സമത്വത്തെക്കുറിച്ച് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന പരാമർശങ്ങൾ കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് പറയേണ്ടിവരും.സ്ത്രീപുരുഷ സമത്വമെന്നത് മഹാ അപരാധമായി വാദിക്കുന്ന നേതാക്കൻമാർ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇനിയും ബസ് കയറാത്തവരാണ്.

ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ പരിഗണന വേണമെന്ന ആശയത്തെ എതിർക്കുന്നവർ സ്ത്രീകൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്ന ആണധികാര മുഷ്ക്കിന്റെ പതാക വാഹകരാണെന്ന് നിസ്സംശയം പറയാം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതബോധങ്ങൾക്ക് ചേരാത്ത വിധത്തിലുള്ള സോഡാക്കുപ്പി കണ്ണടകൾ കൊണ്ടാണ് ഇത്തരത്തിലുള്ളവർ ജീവിതത്തെ വായിച്ചെടുക്കുന്നതെന്നതാണ് അത്ഭുതം.

മറക്കുടക്കുള്ളിലും മുഖമറയ്ക്കുള്ളിലും സ്ത്രീകൾ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇരുണ്ട നൂറ്റാണ്ടിൽ നിന്നും ജീവിതം വളരെ ദൂരം മുന്നേറി കഴിഞ്ഞ കാര്യം ഇനിയും തിരിച്ചറിയാത്തവരാണ് ലിംഗ സമത്വചർച്ചകളെ പല്ലും നഖവുമുപയോഗിച്ച് എതിർത്തുകൊണ്ടിരിക്കുന്നത്.

ക്ലാസ് മുറികളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാൽ ഇടിഞ്ഞുപോകുന്ന സംസ്ക്കാരമാണ് കേരളത്തിലുള്ളതെന്ന വില കുറഞ്ഞ ചിന്തകൾ സമകാലീന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് പോലുമുണ്ടെന്നത് ലജ്ജാകരമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയാൽ കുട്ടികൾ പീഡിപ്പിക്കപ്പെടുമെന്ന തരം താണ പ്രസ്താവനകളും ഇതിനിടയിൽ മുഴങ്ങി കേൾക്കുന്നുണ്ട്.

മനുസ്മൃതിയിൽ  രചിക്കപ്പെട്ട നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന സ്ത്രീ വിരുദ്ധ സന്ദേശത്തിന്റെ മറു രൂപമാണ് ലിംഗ സമത്വത്തിനെതിരെയുള്ള വാളോങ്ങലുകൾ. ട്രാൻസ് ജെന്ററുകൾക്കടക്കം തുല്യനീതിയും സമത്വവും വിഭാവനം ചെയ്യുന്ന നവകാലത്ത് ലിംഗസമത്വത്തെ എതിർക്കുന്നവർ സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണ്ടതില്ലെന്ന പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.

സ്ത്രീ സമൂഹത്തിന്റെ അഭിപ്രായമാരായാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾ അവരെ സമൂഹത്തിൽ പരിഹാസ്യരാക്കുക തന്നെ ചെയ്യും. ലിംഗ സമത്വത്തെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീ സമൂഹത്തെക്കൂടി ഉൾപ്പെടുത്തുകയോ അഭിപ്രായമാരായുകയോ ചെയ്യാതെ നേതാക്കൾ നടത്തുന്ന അഭിപ്രായങ്ങൾ അഹങ്കാരത്തിൽ നിന്നുണ്ടാകുന്നവയാണ്.

സ്ത്രീകളുടെ സ്വാതന്ത്ര്യം നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന പുരുഷാധികാര ഹുങ്കിന്റെ ഉത്പന്നമാണ് ലിംഗ സമത്വചർച്ചകൾക്കെതിരെയുള്ള അഭിപ്രായങ്ങൾ. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ വെറും ജൽപനങ്ങളായി മാത്രമേ പരിഷ്കൃത സമൂഹം സ്വീകരിക്കുകയുള്ളു.

പോയ നൂറ്റാണ്ടുകളിലെ മത ബോധത്തിന്റെ കട്ടിക്കണ്ണടകളിലുടെയാണ് ചില രാഷ്ട്രീയ സംഘടനകൾ ജീവിതത്തെ വായിച്ചെടുക്കുന്നത്. വിരൽത്തുമ്പത്തെ ഹൈടെക്ക് ജീവിതമാസ്വദിക്കുന്നവർ തന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീ ജീവിതത്തിന് പാകമാകാത്ത കുപ്പായങ്ങൾ തയ്ക്കുന്നതെന്നാണ് തമാശ. സ്ത്രീകൾ ഇത്രയ്ക്കൊക്കെ സ്വാതന്ത്ര്യമനുഭവിച്ചാൽ മതിയെന്ന് കല്ലേപ്പിളർക്കുന്ന കൽപന പുറപ്പെടുവിക്കാൻ ആരാണ് ഇവർക്ക്  അവകാശം നൽകിയത്.

കല്ലുകൾ കൂട്ടിയുരസി തീയുണ്ടാക്കിയ ശിലായുഗത്തിൽ നിന്നും ജീവിത സാഹചര്യങ്ങൾ മുന്നേറുകയും എവറസ്റ്റ് മുതൽ ബഹിരാകാശത്ത് വരെ സ്ത്രീകളുടെ പാദസ്പർശമേൽക്കുകയും ചെയ്തിട്ടും ലിംഗസമത്വത്തെ എതിർക്കുന്നവർക്ക് ഇനിയും നേരം വെളുത്തിട്ടില്ലെന്ന് വേണം കരുതാൻ.

LatestDaily

Read Previous

സാമൂഹ്യയാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ ഇടതു പാർട്ടികൾക്ക് കഴിയുന്നില്ല : എൻ.കെ.പ്രേമചന്ദ്രൻ എം.പി

Read Next

സൊമാറ്റോ; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും