പണമിടപാട്: ചേർത്തല കുടുംബം  തിരിച്ചുപോയി; വീണ്ടും വരും

ഷെയ്ഖ് നാരായണൻ രംഗത്തു വന്നില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബഹ്റൈനിൽ നടന്ന കാൽക്കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തലയിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ യുവതി ഷിനിയും 36, സഹോദരൻ അരുണും 27 ഇന്ന് നാട്ടിലേക്ക് തിരിച്ചുപോയി. ബഹ്റിനിൽ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന കാഞ്ഞങ്ങാട് പൈരടുക്കത്തെ ഷെയ്ഖ് നാരായണന്റെ വീടിന് മുന്നിൽ ഇന്നലെ ഷിനി കുത്തിയിരുന്നിരുന്നു.

2022 ജൂണിൽ ഷിനിയും സഹോദരനും ഷെയ്ഖ് നാരായണനെ തേടി കാഞ്ഞങ്ങാട്ടെത്തിയിരുന്നു. അന്ന് നാരായണൻ പൈരടുക്കത്തെ വീട്ടിലുണ്ടായിരുന്നു. അന്ന് ഷിനിക്ക് കൊടുക്കാനുള്ള പണം തന്നു തീർക്കാമെന്ന് നാരായണൻ സമ്മതിച്ചതാണ്. ഇപ്പോൾ ആഗസ്തിൽ അഞ്ചു നാൾ മുമ്പ് നാരായണനെ തേടി ഷിനിയും കുടുംബവും വീണ്ടും വീട്ടിലെത്തിയപ്പോൾ നാരായണൻ ഇന്ത്യയ്ക്ക് പുറത്താണെന്നാണ് വീട്ടുകാർ വെളിപ്പെടുത്തിയതെങ്കിലും, നാരായണൻ നാട്ടിൽ തന്നെ ഏതോ രഹസ്യകേന്ദ്രത്തിൽ ഒളിച്ചു പാർക്കുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.

ബഹ്റിനിൽ നാരായണൻ ആവശ്യപ്പെട്ടതനുസരിച്ചാണ് നെല്ലിക്കാട് സ്വദേശിനി സി.വി. സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഷിനി 5 ലക്ഷം രൂപ അയച്ചു കൊടുത്തത്. 4 ലക്ഷം രൂപ അതിയാമ്പൂരിലെ പി. അർജുൻ രാജിന്റെ 20, ബാങ്ക് അക്കൗണ്ടിലേക്കും 2 ലക്ഷം രൂപ നെല്ലിക്കാട്ടെ പ്രീത നാരായണന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഓൺലൈൻ ട്രാൻസ്ഫർ വഴി അയച്ചതിനുള്ള തെളിവുകൾ ഷിനിയുടെ കൈയ്യിലുണ്ട്.

ഇരുപതുകാരനായ പി. അർജുൻ രാജിന്റെ അക്കൗണ്ടിലേക്ക് എന്തിനാണ് ഷെയ്ഖ് നാരായണൻ 4 ലക്ഷം രൂപ അയപ്പിച്ചതെന്ന കാര്യം ദുരൂഹത ഉയർത്തുന്നു. ഇന്നലെ ഹൊസ്ദുർഗ് പിങ്ക് പോലീസ് ഷിനിയുടെ സഹായത്തിനെത്തിയിരുന്നു. പൈരടുക്കത്ത് ഷെയ്ഖ് നാരായണന്റെ വീട്ടുമുറ്റത്ത് കുത്തിയിരിക്കാൻ ഷിനി ഈ വീട്ടിലെത്തിയ വിവരമറിഞ്ഞ് പിങ്ക് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

ഷെയ്ഖ് നാരായണന്റെ നിർദ്ദേശാനുസരണം ബഹ്റിനിൽ നിന്ന് ഷിനി ലക്ഷങ്ങൾ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തു കൊടുത്ത കാഞ്ഞങ്ങാട് സ്വദേശിനികളായ സിന്ധുവിനും പ്രീത നാരായണനും ഷെയ്ഖ് നാരായണൻ കൊടുക്കാനുള്ള പണമാണ് ഷിനിയെക്കൊണ്ട് ഇരുവരുടെയും അക്കൗണ്ടുകളിലേക്ക്  ബഹ്റിനിൽ നിന്ന്  ട്രാൻസ്ഫർ ചെയ്യിപ്പിച്ചതെന്ന് ഇപ്പോൾ പുറത്തുവന്നു.

4 ലക്ഷം രൂപ അക്കൗണ്ടിൽ കൈപ്പറ്റിയ അർജുൻരാജിന്റെ   അതിയാമ്പൂരിലെ വീട്ടിലും ഇന്നലെ ഷിനി നേരിട്ടെത്തിയിരുന്നു. ഇരുസ്ത്രീകളുടെയും വീട്ടുവിലാസവും, ഇവർ താമസിച്ചു വരുന്ന ഭൂമിയുടെ സർവ്വെ നമ്പരും മറ്റു വിവരങ്ങളും ഷിനിയും സഹോദരൻ അരുണും ശേഖരിച്ചിട്ടുണ്ട്. നാട്ടിലെത്തി മൂന്നാൾക്കാരുടെ പേരിലും സിവിൽ നിയമ നടപടികൾ സ്വീകരിക്കാനാണ്  ഈ കുടുംബത്തിന്റെ അടുത്ത നീക്കം.

ഷിനി ഷെയ്ഖ് നാരായണന്റെ വീട്ടിലെത്തിയ വിവരമറിഞ്ഞ് ഇവരുടെ ബന്ധുവായ കാഞ്ഞങ്ങാട്ടെ ഒരു ബിഎംഎസ് ചുമട്ടുതൊഴിലാളി തൽസമയം വീട്ടിലെത്തി ഷിനിയേയും ഇവർക്കൊപ്പം വീട്ടിലെത്തിയ ബല്ല വില്ലേജ് ഓഫീസറെയും ചെറുതായി ഭീഷണിപ്പെടുത്തിയെങ്കിലും, ഭീഷണി സംബന്ധിച്ച്  ഷിനി  പോലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല.

LatestDaily

Read Previous

ചിറ്റാരിക്കാൽ പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാളി റിമാന്റിൽ

Read Next

ഉണ്ണി ആറിന്റെ കഥാസമാഹാരത്തിന്റെ മുഖചിത്രം ചർച്ചയാകുന്നു