ഫ്ലാറ്റ് കൊലപാതകപ്രതികൾക്കെതിരെ കാസർകോട്ട് മയക്കുമരുന്ന് കേസ്

കാസർകോട്  : എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പൊതിഞ്ഞുകെട്ടി ഒളിപ്പിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന കൊയിലാണ്ടി സ്വദേശികളെ പിടികൂടിയ  മഞ്ചേശ്വരം പോലീസിന് പ്രതികളുടെ പക്കൽ നിന്നും ലഭിച്ചത് 1.560 കിലോ കഞ്ചാവും, 104 ഗ്രാം ഹാഷിഷും, 5.20 ഗ്രാം എം.ഡി.എം.ഏയും.

മലപ്പുറം വണ്ടൂരിലെ സജീവ് കൃഷ്ണയെ കൊലപ്പെടുത്തി കാക്കനാട്ടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ  ഒളിപ്പിച്ച സംഭവത്തിൽ എറണാകുളം ഇൻഫോ പാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് ഇന്നലെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങലിലെ കുന്നുമ്മൽ വിജയന്റെ മകൻ കെ. അശ്വന്ത് 26, ഇരിങ്ങൽ അയിനിക്കാട് കോറേരിക്കണ്ടി ഹൗസിൽ അബ്ദുറസാഖിന്റെ മകൻ കെ.കെ. അർഷാദ് 28 എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. കർണ്ണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയെയാണ് ഇരുവരും പോലീസ് പിടിയിലായത്.

മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഇരുവർക്കുമെതിരെ കാസർകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കോടതി നടപടികൾക്ക് ശേഷം ഇരുവരെയും കാക്കനാട് ഇൻഫോ പാർക്ക് പോലീസിന് കൈമാറും. പിടിയിലായ അർഷാദ് ജ്വല്ലറി കവർച്ചാക്കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

ഉണ്ണി ആറിന്റെ കഥാസമാഹാരത്തിന്റെ മുഖചിത്രം ചർച്ചയാകുന്നു

Read Next

‘സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം’