കാൽക്കോടിയുടെ ബഹ്റിൻ പണമിടപാട്; യുവതിയെ പാർട്ടി കൈവിട്ടു; പോലീസും

സ്ത്രീ വീടിന് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബഹ്റൈനിൽ നടന്ന കാൽക്കോടി രൂപയുടെ പണമിടപാട് തർക്കത്തിൽ ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്ന സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി, ചേർത്തലയിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ പ്രവാസി സ്ത്രീയെയും സഹോദരനെയും കൈവിട്ടു. ഒരാഴ്ച മുമ്പാണ് ചേർത്തല സ്വദേശിനി ഷിനിയും 35, സ്വന്തം സഹോദരൻ അരുണും 26, കാഞ്ഞങ്ങാട്ടെത്തിയത്.

ഷിനി കഴിഞ്ഞ 20 വർഷക്കാലമായി ബഹ്റിനിലാണ്. സഹോദരൻ അരുൺ പത്തു വർഷക്കാലമായി ചേച്ചി ഷിനിയോടൊപ്പം ബഹ്റിനിലുണ്ട്. ഇവരുടെ കുടുംബ സുഹൃത്തായി ബഹ്റിനിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ പൈരടുക്കം നാരായണൻ എന്ന ഷെയ്ക്ക് നാരായണൻ ഷിനിയോട് 21 ലക്ഷം  രൂപ കടമായി വാങ്ങി തിരിച്ചു കൊടുക്കാതെ ബഹ്റിനിൽ നിന്ന് നാട്ടിലേക്ക് മുങ്ങിയെന്നാണ് ഷിനിയുടെയും സഹോദരൻ ഇരുപത്തിയാറുകാരനായ അരുണിന്റെയും പരാതി.

ഒരാഴ്ച മുമ്പ് ചേർത്തലയിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ഷിനിയും സഹോദരനും ഹോട്ടലിൽ വാടക മുറിയെടുത്ത് താമസിച്ചു വരികയാണ്. ഇവർ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയ ശേഷം മാവുങ്കാൽ പൈരടുക്കത്തുള്ള ഷെയ്ക്ക് നാരായണന്റെ വീട്ടിലെത്തിെയങ്കിലും, നാരായണൻ വീട്ടിലുണ്ടായിരുന്നില്ല.

ഇവർ പിന്നീട് സിപിഎം കാഞ്ഞങ്ങാട് ഏരിയാ സിക്രട്ടറിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചതിനാൽ, പാർട്ടി നേതൃത്വം ഈ  പണമിടപാട് തർക്കത്തിൽ ഇടപെട്ടുവെങ്കിലും, പണം വാങ്ങിയെന്ന് പറയുന്ന ഷെയ്ഖ് നാരായണന് വേണ്ടി നാരായണന്റെ അടുത്ത സുഹൃത്തായ നെല്ലിക്കാട് സ്വദേശിയായ മുൻ നഗരസഭ കൗൺസിലർ ഈ വിഷയത്തിൽ ഇടപെട്ട് സംസാരിച്ചുവെങ്കിലും, ആദ്യം പണം കൊടുക്കാമെന്നും, 9 മാസത്തെ സാവകാശം  വേണമെന്നും, ആവശ്യപ്പെട്ട ഷെയ്ഖ് പിന്നീട് ഈ ഒത്തുതീർപ്പിൽ നിന്ന് പൂർണ്ണമായി പിൻമാറുകയും ചെയ്തു.

ഷിനി 7 ലക്ഷം രൂപ നൽകിയതിനുള്ള ഡിജിറ്റൽ ബാങ്ക് ട്രാൻസ്ഫർ രേഖ ഷിനിയുടെ കൈയ്യിലുണ്ട്. ഇതിൽ 5 ലക്ഷം രൂപ ഷെയ്ഖ് നാരായണന്റെ നിർദ്ദേശാനുസരണം നെല്ലിക്കാട് സ്വദേശിനിയായ സിന്ധു സി.വി. എന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഷിനി പണം ട്രാൻസ്ഫർ ചെയ്തുകൊടുത്തിട്ടുള്ളത്. ശേഷിച്ച 4 ലക്ഷം രൂപ അതിയാമ്പൂര് സ്വദേശി പി. അർജുൻരാജിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിട്ടുള്ളത്.

മറ്റൊരു 2 ലക്ഷം രൂപ നെല്ലിക്കാട്ടെ പ്രീത നാരായണന്റെ പേരിലും കൈമാറ്റം ചെയ്തു കൊടുത്തതിനുള്ള തെളിവുകൾ ഷിനിയുടെ കൈയ്യിലുണ്ട്. 2021 ഡിസംബർ 15 നാണ് ഈ പണമത്രയും മൂവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുത്തിട്ടുള്ളത്. മറ്റൊരു 4500 ദിനാർ (7 ലക്ഷം ഇന്ത്യൻ രൂപ) നാരായണന് റൊക്കം പണമായി ബഹ്റിനിൽ നൽകിയതായും ഷിനി പറയുന്നു. പണം സ്വന്തം ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ചവരെല്ലാം ഷെയ്ഖ് നാരായണന്റെ ബന്ധുക്കളാണ്.

പണമിടപാടിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പോലീസ് ചേർത്തല കുടുംബത്തിന്റെ അപേക്ഷ ആദ്യം തന്നെ നിരസിച്ചിരുന്നു. പിന്നീട് പാർട്ടി നേതൃത്വവും ഇവർക്ക് മുന്നിൽ കൈമലർത്തിയതിനാൽ, ഷിനിയും സഹോദരനും ഷെയ്ഖ് നാരായണന്റെ പൈരടുക്കത്തുള്ള വീട്ടിന് മുന്നിൽ ഇന്ന് കുത്തിയിരിപ്പ്  തുടങ്ങി.

LatestDaily

Read Previous

എല്ലാ രാജ്യക്കാര്‍ക്കുമുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ ആരംഭിച്ച് ഖത്തർ

Read Next

സംസ്ഥാനത്ത് റോഡ്സ് വിഭാഗത്തിൽ വിജിലൻസ് പരിശോധന