ബീഡിതൊഴിലാളിയിൽ നിന്ന് സമ്പന്നതയുടെ മടിത്തട്ടിൽ

കാഞ്ഞങാട്  : സാധാരണ ബീഡിതൊഴിലാളിയിൽ നിന്ന് സ്വപ്രയത്നവും കഠിനാധ്വാനവും കൈമുതലാക്കി സമ്പന്നതയുടെ മടിത്തട്ടിലേക്കുയർന്ന് വന്ന നേതാവും പൗരമുഖ്യനുമാണ് ഇന്ന് പുലർച്ചെ അന്തരിച്ച അതിഞ്ഞാലിലെ  കെ.വി. അബ്ദുറഹിമാൻ ഹാജി. 1970 ൽ കാഞ്ഞങ്ങാട്ട് നടന്ന അവിഭക്ത  കണ്ണൂർ ജില്ലാ മുസ്ലീം ലീഗിന്റെ സമ്മേളന സംഘാടകരിൽ ഒരാളായിരുന്ന കെ.വി. അബ്ദുറഹിമാൻ ഹാജി അക്കാലത്ത് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിലറായിരുന്നു.

മുസ്ലിം ലീഗിന്റെ കാഞ്ഞങ്ങാട്ടെ ആദ്യകാല നേതാക്കളായ പി.കെ. യൂസഫ്, എ.പി. അബ്ദുല്ല, കെ. എം. കുഞ്ഞാമു എന്നിവർക്കൊപ്പം ലീഗ് സംഘടനാ രംഗത്തുണ്ടായ കെ.വി. 1970 ലെ ജില്ലാ സമ്മേളനത്തിന് ശേഷമാണ് മുംബൈയിൽ നിന്ന് കപ്പലിൽ യാത്ര ചെയ്ത് കുവൈത്തിലെത്തിയത്.  കുവൈത്തിലെത്തിയ ആദ്യ ഘട്ടത്തിൽ   തൊഴിലാളിയായിരുന്നുവെങ്കിലും, പിന്നീട് വ്യാപാര രംഗത്ത് ഉയർന്നു വരികയായിരുന്നു.

കുവൈത്ത് കാഞ്ഞങ്ങാട് സാധുസംരക്ഷണ സമിതിയുടെ നേതൃനിരയിൽ  ശ്രദ്ധേയനായിരുന്ന  ഹാജി മുസ്ലിം ലീഗിന്റെ പോഷകഘടകമായ കെ.എം.സി.സി കുവൈത്തിൽ കെട്ടിപ്പടുക്കുന്നതിലും  നിർണ്ണായക പങ്കുവഹിച്ചു. കുവൈത്ത് സാധുസംരക്ഷണത്തിന്റേയും കാഞ്ഞങ്ങാട് വിജ്ഞാന വേദിയുടെയും നേതൃത്വത്തിൽ നടത്തിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ.വി. യുടെ  സജീവ പങ്കാളിത്തമുണ്ടായിരുന്നു.

പുതിയകോട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന കെ.വി. കാസർകോട് നഗരത്തിൽ പെട്രോൾ പമ്പ് സ്ഥാപിച്ചു. അതിഞ്ഞാലിലും പുറത്തും നിരവധി കെട്ടി സമുച്ചയങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രവാസ ജീവിതം  അവസാനിപ്പിച്ച് കാഞ്ഞങ്ങാട്ടെത്തിയ ശേഷം കേരള പ്രവാസി ലീഗിന്റെ രൂപീകരണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും   പങ്കുവഹിക്കുകയും  മുസ്ലിം   ലീഗിന്റെ പ്രവർത്തനത്തിനൊപ്പം നാട്ടിലെ മത സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ  പ്രവർത്തനങ്ങളിലും സജീവമാവുകയും ചെയ്തു.

Read Previous

കെ. വി. അബ്ദുറഹിമാൻ ഹാജി അന്തരിച്ചു കബറടക്കം ഇന്ന് വൈകുന്നേരം 4-ന്

Read Next

നിരർത്ഥകമായ സ്വാതന്ത്ര്യം