ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മതരഹിതരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ സംവരണം നൽകുന്ന കാര്യത്തിൽ നയ രൂപീകരണം നടത്തണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നൽകിയ നിർദ്ദേശം ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. ഭരണഘടനാവകാശങ്ങൾ പലതും ലംഘിക്കപ്പെടുന്ന കാലത്ത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് ഹൈക്കോടതി നിർദ്ദേശം.
മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവരും പ്രോത്സാഹനമർഹിക്കുന്നുണ്ടെന്നാണ് കോടതി നിലപാട്. ഒരു മതത്തിലും ചേരില്ലെന്നത് വ്യക്തി സ്വാതന്ത്ര്യത്തിലധിഷ്ഠിതമാണെന്നും, മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവർ പാരിതോഷികമർഹിക്കുന്നുണ്ടെന്നുമുള്ള കോടതി നിലപാട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേർന്നത് തന്നെ.
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണ പരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായി ജീവിക്കുന്ന വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ശ്രദ്ധാർഹമായ നിരീക്ഷണമുണ്ടായിരിക്കുന്നത്. മതങ്ങൾ നിർമ്മിച്ച വിലക്കുകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് പുതുതലമുറ പുരോഗമനാശയങ്ങളുമായി മുന്നോട്ട് പോകുന്ന കാലമാണിത്. മാറുന്ന കാലത്തിനൊപ്പിച്ച് നീതിയെ വ്യാഖ്യാനിക്കുകയെന്ന കർത്തവ്യമാണ് ഹൈക്കോടതി മതരഹിതർക്കനുകൂലമായ നിർദ്ദേശത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ.
സ്വന്തം മാതാപിതാക്കളുടെ മതചര്യകൾ പാലിക്കാൻ ശൈശവം മുതൽ നിർബ്ബന്ധിതരായിത്തീരുന്ന തലമുറ മതങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുറ്റമല്ല മറിച്ച് മതങ്ങളുടേത് മാത്രമാണ്. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടത് മത മേധാവികളാണ്. ലോകചരിത്രത്തിൽ ഇതപര്യന്തം പുറത്തിറങ്ങിയിട്ടുള്ള മതഗ്രന്ഥങ്ങളെല്ലാം ജീവിത മൂല്യങ്ങളെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. മതപുരോഹിതൻമാരും മതമേധാവികളും തൊണ്ട കീറി പ്രസംഗിച്ചിട്ടും ജനസമൂഹത്തെ ഇന്നേവരെ നന്നാക്കിയെടുക്കാനും കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് പുതുതലമുറ മതഗ്രന്ഥങ്ങളിലെ അലംഘ്യ ശാസനകളെ ചോദ്യം ചെയ്യുന്നത്. മാനവരാശിയുടെ മുന്നോട്ടുള്ള പുരോഗതിയിൽ കാൽക്കഴഞ്ചിന്റെ സംഭാവനപോലും നൽകാത്തവയാണ് ലോകത്താകമാനമുള്ള മതങ്ങൾ. മതചിന്തകളും മതബോധവും അണുബോംബുകളേക്കാൾ ആപത്ക്കരമായ സാഹചര്യത്തിൽ പുത്തൻതലമുറ മതരഹിത സമൂഹത്തെ സ്വപ്നം കാണുന്നതിൽ അവരെ കുറ്റം പറയാനാകില്ല.
ഉള്ളിൽ ക്രൗര്യത്തിന്റെ കത്തിരാകുകയും തരം കിട്ടിയാൽ അന്യമതസ്ഥനായ അയൽക്കാരന്റെ പള്ളയ്ക്ക് കത്തി കയറ്റുകയും ചെയ്യുന്ന ഇന്ത്യൻ സാഹചര്യത്തിൽ പുതുതലമുറ മതരഹിത വാഴ്്വ് സ്വപ്നം കാണുന്നതിൽ തെറ്റൊന്നുമില്ല. മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശത്തോടൊപ്പം വിശ്വസിക്കാതിരിക്കാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന ഇന്ത്യൻ പൗരന് നൽകുന്നുണ്ട്. യാഥാസ്ഥിതിക ചിന്തകൾ കാലത്തിന്റെ രഥ വേഗത്തിൽ തേഞ്ഞില്ലാതാകുന്നതിന്റെ ഫലമാണ് മതരഹിത കാഴ്ചപ്പാടുള്ളവരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവ്.
അത്തരമാൾക്കാരും ഇന്ത്യൻ പൗരൻമാരാണെന്ന ബോധ്യത്തിൽ നിന്നാണ് കേരള ഹൈക്കോടതിയുടെ മതരഹിതർക്കനുകൂലമായ നിലപാടുണ്ടായിരിക്കുന്നത്. മതരഹിതരായി ജീവിക്കുന്നത് ക്രിമിനൽ കുറ്റമൊന്നുമല്ലാത്ത സാഹചര്യത്തിൽ അത്തരമാൾക്കാർക്കും സർക്കാർ ആനുകൂല്യങ്ങൾക്കർഹതയുണ്ട്. മത രഹിതർക്ക് സംവരണം നൽകാൻ നയ രൂപീകരണം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശം മാറുന്ന കാലത്തിന്റെ ചുവരെഴുത്ത് കൂടിയാണ്.