ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: പിസ്റ്റളിൽ ഉപയോഗിക്കുന്ന തിരയുമായി പോലീസ് പിടികൂടിയ പ്രതിയെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയ സംഭവത്തിൽ മഞ്ചേശ്വരം പോലീസ് 4 പേർക്കെതിരെ കേസ്സെടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 6 മണിക്ക് ഉപ്പള മജലിലാണ് ഓട്ടോയിൽ തോക്കിലുപയോഗിക്കുന്ന തിരയുമായെത്തിയ യുവാവിനെ മഞ്ചേശ്വരം എസ്ഐ അൻസാറും, സംഘവും പിടികൂടിയത്. മജലിലെ ഷെയ്ഖ് അഹമ്മദിന്റെ മകൻ അയാസിനെയാണ് മഞ്ചേശ്വരം പോലീസ് വെടി തിരകളുമായി പിടികൂടിയത്.
അയാസ് പിടിയിലായതോടെ സഹോദരൻ മുഹമ്മദ് റിയാസാണ് 40, എസ്ഐയെയും സംഘത്തെയും തടഞ്ഞു നിർത്തി അയാസിനോട് രക്ഷപ്പെടാനാവശ്യപ്പെട്ടത്. അയാസിന്റെ സംഘത്തിൽപ്പെട്ട ഉപ്പള കോടിബയൽ സീനത്ത് കോട്ടേജിലെ മുഹമ്മദ് റയീസ് 25, മജലിലെ യൂസഫിന്റെ മകൻ മുഹമ്മദ് ഹനീഫ് 40, ഒന്നാം പ്രതി അയാസിന്റെ സഹോദരൻ മുഹമ്മദ് റിയാസ് എന്നിവരെ പോലീസ് കൈയ്യോടെ പിടികൂടി.
പ്രതികൾക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആംഡ് ആക്ട് പ്രകാരവുമാണ് കേസ്സെടുത്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ 14 സി 8154 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.