മന്ത്രി വീണാ ജോർജിനെതിരെ കാസർകോട്ട് കരിങ്കൊടി

കാസർകോട്: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ യൂത്ത് ലീഗ് പ്രവർത്തർ കരിങ്കൊടി വീശി. മൊഗ്രാൽ യൂനാനി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിന് പോവുകയായിരുന്ന ആരോഗ്യമന്ത്രിക്ക് നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശിയത്. കാസർകോടിനോടുള്ള ആരോഗ്യ വകുപ്പിന്റെ  അവഗണനയിൽ പ്രതിഷേധിച്ചാണ് യൂത്ത്  ലീഗ് പ്രതിഷേധം.

ആശുപത്രി ഉദ്ഘാടനം ചെയ്യാൻ എത്തുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.  അകമ്പടി പോലീസ് ഇവരെ പിടിച്ചുനീക്കി മന്ത്രിക്ക് പോകാനുള്ള വഴിയൊരുക്കി. യൂത്ത്  ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ അടക്കം ആറുപ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്തു.  ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അശ്ഫാഖ്‌ തുരുത്തി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

മന്ത്രിക്ക് വെള്ളിയാഴ്ച കാസർകോട് ജില്ലയിൽ തിരക്കിട്ട ഉദ്ഘാടന പരിപാടികളാണുള്ളത്. ഉക്കിനടുക്ക കാസർകോട് ഗവ. മെഡികൽ കോളജ് ഹോസ്‌റ്റൽ ശിലാസ്ഥാപനം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ്എൻസിയു പീഡിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം, തൈക്കടപ്പുറം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം തുടങ്ങിയവയാണ് ജില്ലയില്‍ മന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ.

LatestDaily

Read Previous

കുണ്ടംകുഴി യുവാവ് ജയിലിൽ, വിവാഹത്തിന് തയ്യാറല്ല,

Read Next

വാടക വീടിനും ജി.എസ്.ടി ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രം