മന്ത്രി വീണയ്ക്ക് സ്നേഹപൂർവ്വം

കേരളത്തിന്റെ അതിർത്തി ദേശത്ത് താങ്കൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ടല്ലോ-?. ഇവിടെ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷക്കാലം പൂട്ടുതുറക്കാതെ കിടക്കുന്ന ഒര് ധർമ്മാശുപത്രി അനാഥമായിക്കിടക്കുന്ന കാര്യം താങ്കൾ അറിയാതിരിക്കില്ല.

”അമ്മയും കുഞ്ഞും ” ആശുപത്രി എന്നാണ് ഇൗ സർക്കാർ ആതുരാലയത്തെ ഞങ്ങൾ പാവങ്ങൾ എളുപ്പത്തിന് വേണ്ടി വിളിക്കുന്നത്.  ആദ്യ പിണറായി സർക്കാരിന്റെ ആരോഗ്യവകുപ്പ്, സർക്കാർ ഖജനാവിൽ നിന്ന് എട്ടുകോടി രൂപ ചിലവഴിച്ച് നഗര ഹൃദയത്തിൽ പണിതിട്ട ആതുരാലയം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും തുറന്നുകൊടുക്കാൻ ആരാണ് തടസ്സം.

ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രി, നിർമ്മാണവും ഉദ്ഘാടനവും നടത്തിയ ഇൗ ആതുരാലയം കഴിഞ്ഞ ഒന്നരവർഷക്കാലമായി നഗരത്തിൽ തുരുമ്പിക്കുകയാണെന്ന് താങ്കൾ അറിയാതെയുണ്ടോ-?. സർക്കാർ കാര്യങ്ങളെല്ലാം മുറപോലെ ആണെന്ന പതിവു പല്ലവി മാറ്റി എഴുതാനാണല്ലോ താങ്കളെപ്പോലുള്ള ഒരു വനിതയെ തന്നെ കേരളത്തിന്റെ ആരോഗ്യ മേഖല ഭരിക്കാൻ അധികാരമേൽപ്പിച്ചു നൽകിയത്.

എന്നിട്ടിപ്പോൾ ചികിത്സ കൈയ്യെത്തും ദൂരത്ത് കിടക്കുന്ന ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ താങ്കൾ കാണിക്കുന്ന അമാന്തത്തിന്റെ പിന്നാമ്പുറങ്ങൾ എന്താണ്? അമ്മയും കുഞ്ഞും ആശുപത്രി തുറന്ന് നിർദ്ധനരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ നൽകാൻ സംസ്ഥാനത്തിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധാലുവെന്ന് തോന്നുന്ന താങ്കൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല.

വൈദ്യുതി വന്നില്ല, ലിഫ്റ്റ് പ്രവർത്തനക്ഷമമല്ല എന്നൊക്കെ ഈ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണമേറ്റെടുത്ത എഞ്ചിനീയറും സഹപ്രവർത്തകരും വെറുതെ പറഞ്ഞ് തടിതപ്പുന്ന കാര്യത്തിന്റെ പിൻവാതിലിൽ ഒന്ന് മുട്ടിനോക്കാനെങ്കിലും, താങ്കൾ ജില്ലാ മെഡിക്കൽ ഓഫീസറെ വിളിച്ചിട്ടുണ്ടോ-? കനത്ത മഴയിലും വെയിലിലും മൂക സാക്ഷിയായി നിൽക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് പിന്നിൽ ഒരു ഹിഡൻ അജണ്ഡ അതിരഹസ്യമായി പ്രവർത്തിക്കുന്നുണ്ട്.

അത് താങ്കളുടെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണെന്ന് താങ്കൾ അറിയാതെ പോകരുത്.കുട്ടി മരണപ്പെട്ടശേഷം ഡോക്ടർ വന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ഒരു മുൻ മാധ്യമ പ്രവർത്തക കൂടിയായ അങ്ങയോട് പ്രത്യേകം പറയേണ്ടതുണ്ടോ-? ഈ സർക്കാർ ആതുരാലയം തുറന്നുകൊടുക്കാൻ ഇനി നാട്ടിൽ എതു സംഘടനയാണ് സമരം ചെയ്യാൻ ബാക്കിയുള്ളത് എന്ന് ബഹുമാന്യ മന്ത്രി ഒന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും.

യുഡിഎഫ് അല്ല എൽഡിഎഫ് എന്ന് ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചുകൊടുത്തതുകൊണ്ടാണല്ലോ അതേ പിണറായി സർക്കാറിനെ ജനങ്ങൾ വീണ്ടും കേരളത്തിൽ അധികാരത്തിലേറ്റിയത്. ഇപ്പോൾ, രണ്ടാം പിണറായി സർക്കാർ കനത്ത പരാജയമെന്ന് പറയാൻ ഇത്തരം ചില അവിശുദ്ധ നീക്കങ്ങൾക്ക് വഴി തുറക്കുന്നതിന് പിന്നിലുള്ള കളികൾ ആരോഗ്യമന്ത്രി തിരിച്ചറിയണം.

സർക്കാർ എട്ടുകോടി രൂപ മുടക്കി പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പണി തീർത്ത കെട്ടിടം പൂർത്തിയായ ശേഷം ഒന്നാം പിണറായി സർക്കാറിന്റെ ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചുപോയിട്ട് ഒന്നര വർഷമായിട്ടും,  ഈ ആശുപത്രിയുടെ ഗെയിറ്റ് ഇപ്പോഴും പൂട്ടിക്കിടക്കുന്നുവെന്ന സത്യം സംസ്ഥാന ആരോഗ്യമന്ത്രിയായ താങ്കൾക്കും ഇടതുസർക്കാറിനും കടുത്ത നാണക്കേടാണ്.

കാഞ്ഞങ്ങാട് എംഎൽഏ, ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ ഈ ആശുപത്രി എപ്പോൾ തുറക്കുമെന്ന് അങ്ങയോട് രേഖാമൂലം ചോദിച്ചപ്പോൾ പതിവുരീതിയിൽ തയ്യാറാക്കിയ ” ഉടൻ തുറക്കും” എന്ന മറുപടി താങ്കൾ നൽകിയിട്ട് മാസം രണ്ടുകഴിഞ്ഞുവല്ലോ-?

വേണ്ട-! ഇനി ഈ ആശുപത്രി തുറക്കണ്ട! രണ്ടാം പിണറായി സർക്കാർ അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കി താഴെ ഇറങ്ങുന്നതുവരെ  കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി താങ്കൾ തുറക്കരുത്. ആയതിന് മുഖ്യകാരണക്കാരി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജാണെന്ന് നെഞ്ചുറപ്പുള്ളവർ വിളിച്ചുപറയട്ടെ.

ബ്രിട്ടീഷ് ആധിപത്യത്തോട് പോരാടി വിജയം വരിച്ച സ്വാതന്ത്ര്യത്തിന്റ 76-ാം വാർഷികം രാജ്യം കൊണ്ടാടുമ്പോൾ,  കേരളത്തിന്റെ ആരോഗ്യമേഖലയിൽ ചികിത്സാ രംഗത്ത് ഒരിക്കലും തുറക്കാത്ത സർക്കാർ ആതുരാലയമായി കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി അങ്ങനെ തന്നെ നിൽക്കട്ടെ.

LatestDaily

Read Previous

ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി കോടതിയിൽ

Read Next

മന്ത്രിസഭയിലേക്ക് ഇടത് പാര്‍ട്ടികളെ ക്ഷണിച്ച് നിതീഷ് കുമാർ