പാളം കടക്കാന്‍ പെടാപ്പാട്;  രക്ഷിതാക്കള്‍ ആശങ്കയില്‍

കാഞ്ഞങ്ങാട്: കുഞ്ഞുമക്കള്‍ കൂട്ടത്തോടെ റെയില്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ഒരു പ്രദേശം മുഴുവന്‍ ആശങ്കയിലാണ്.  ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാല്‍ നൂറ്റാണ്ടിലേറെയായി നാടാകെ ആശങ്കയിലാണ്. കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ദിവസവും മുറിച്ചുകടക്കുന്നത് ഇരട്ട റെയില്‍ പാളങ്ങളാണ്. സൗത്ത് സ്‌ക്കൂളിന്റെ പടിഞ്ഞാറ് ഭാഗം നൂറ് മീറ്റര്‍ അകലെയാണ് റെയില്‍പാളം.

കല്ലൂരാവി, മുറിയനാവി, പുഞ്ചാവി, ബാവ നഗര്‍, ഞാണിക്കടവ് ഉള്‍പ്പെടെ തീരദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇക്കരെയുള്ള സൗത്ത് സ്‌കൂളിലെത്തേണ്ടത് കല്ലൂരാവി കണ്ടത്തിലുള്ള രണ്ട് റെയില്‍പാളങ്ങള്‍ മുറിച്ചുകടന്നാണ്. ചെറിയ കുട്ടികള്‍ക്കും പാളങ്ങള്‍ മുറിച്ചുകടന്നു വേണം സ്‌ക്കൂളിലെത്താന്‍ കുട്ടികള്‍ സ്‌ക്കൂളിലേക്ക് പോകുമ്പോഴും വൈകീട്ട് തിരിച്ചു വരേണ്ട സമയത്തും രക്ഷിതാക്കളുടെ മനസില്‍ തീയാണ്.

റെയില്‍ പാളങ്ങള്‍ വൈദ്യുതീകരിച്ചതോടെ വണ്ടി കളുടെ ശബ്ദം കുറവായതും കുട്ടികളില്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആശങ്കപ്പെടുന്നു. രക്ഷിതാക്കളില്‍ പലരും കുട്ടികളെ പതിവായി പാളം മുറിച്ചുകടത്താനെത്തും. വൈകീട്ട് വീട്ടിലേക്ക് കൊണ്ട് പോകാനും സ്‌കൂളിലെത്തേണ്ട അവസ്ഥ. രണ്ട് അധ്യാപകര്‍ മാറി, മാറി പാളത്തില്‍ കാവല്‍ നിന്ന് രാവിലെയും വൈകീട്ടും യാത്രയാക്കുന്നുണ്ട്.

ഇത് ഇനിയും എത്ര കാലം തുടരണമെന്നതാണ് ചോദ്യം മുതിര്‍ന്നവരായ നിരവധി പേര്‍ കുട്ടികള്‍ മുറിച്ചുകടക്കുന്ന പാളത്തില്‍ വണ്ടി തട്ടി മരിച്ചിട്ടുണ്ട്. കല്ലൂരാവിയിലെ വീട്ടമ്മ ഒരു വര്‍ഷം മുമ്പാണ് ഇവിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 

ഇതിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കാഞ്ഞങ്ങാട് നഗരസഭയെ സമീപിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാഞ്ഞങ്ങാട് സൗത്ത് സ്‌ക്കൂളില്‍ ഈ കുട്ടികളെ ശ്രദ്ധിക്കാന്‍ പാളത്തിന് സമീപത്തായി സി.സി.ടി.വി ക്യാമറ വെച്ച് കുട്ടികളെ ശ്രദ്ധിക്കുന്നുണ്ട്.

LatestDaily

Read Previous

സിപിഐ ജില്ലാ സിക്രട്ടറിയുടെ മാതാവ് ശ്രീമതി അന്തരിച്ചു

Read Next

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി യു.യു.ലളിത് നിയമിതനായി