പാതയിൽ  ആളെക്കൊല്ലരുത്

കേരളത്തിൽ ദേശീയപാതയിലുടനീളം ചുങ്കപ്പിരിവിന്റെ പേരിൽ വാഹനയാത്രക്കാരെ കൊള്ളയടിക്കുന്ന ദേശീയപാതാ അതോറിറ്റി റോഡിന്റെ ഗുണനിലവാരത്തിൽ ഒട്ടും ശ്രദ്ധ പുലർത്തുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ദേശീയപാതയിലെ കുഴികളിൽ വീണുണ്ടാകുന്ന അപകട മരണങ്ങൾ.

ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയടക്കമുള്ള ചുങ്കപ്പിരിവ് കേന്ദ്രങ്ങൾ വാഹനയാത്രക്കാരോട് ചമ്പൽകൊള്ളക്കാരെപ്പോലെ പെരുമാറിയാണ് കഴുത്തിന് കുത്തിപ്പിടിച്ച് ചുങ്കം പിരിക്കുന്നത്. റോഡിന്റെ നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ ചുങ്കം പിരിച്ചെടുത്തിട്ടും, ദേശീയപാതാ അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയിൽ ടോൾ കൊള്ള തുടർന്നുകൊണ്ടിരിക്കുകയാണ്.

കൊച്ചി ഇടപ്പള്ളി മുതൽ ആരംഭിക്കുന്ന ദേശീയപാത അറുപത്തിയാറിൽ പല ജില്ലകളിലും വഴിയേക്കാൾ കുഴികളാണുള്ളതെങ്കിലും, യാതൊരു ഉളുപ്പുമില്ലാതെയാണ് ദേശീയപാതാ അതോറിറ്റി യാത്രക്കാരിൽ നിന്നും ചുങ്കപ്പിരിവ് നടത്തുന്നത്. ദേശീയപാതയെന്ന പേരിലറിയപ്പെടുന്ന നരകക്കുഴികൾക്ക് ടോൾ കൊടുക്കേണ്ട ഗതികേടിലാണ് കേരളീയർ.വാഹനയാത്രക്കാരെ കാലപുരിക്കയക്കാൻ കാലനോട് ക്വട്ടേഷൻ വാങ്ങിയ തരത്തിലാണ് ദേശീയപാതാ അതോറിറ്റിയുടെ സമീപനം.

യാത്രക്കാരോട് ടോൾ കൈനീട്ടി വാങ്ങാൻ യാതൊരു ലജ്ജയുമില്ലാത്ത ദേശീയപാതാ അതോറിറ്റി വാഹനയാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്നതിൽ തീർത്തും പരാജയമാണെന്നതിന്റെ തെളിവാണ് ദേശീയപാതയിലെ അപകടമരണങ്ങൾ. ദേശീയപാതയിലെ മരണക്കുഴികൾക്കുപോലും ചുങ്കം പിരിക്കുന്ന  ദേശീയപാതാ അതോറിറ്റിയുടെ നിലപാട് തീർത്തും ലജ്ജാകരമാണ്.

ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണം നിർമ്മാണത്തിലെ അപാകവും അശാസ്ത്രീയതയുമാണെന്നതിൽ യാതൊരു തർക്കവുമില്ല. സംസ്ഥാനത്തുടനീളം ദേശീയപാത തകർന്ന് താറുമാറായിട്ടും കരാരുകാർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തയ്യാറായിട്ടുമില്ല. കേരളത്തോട് പ്രതികാരം തീർക്കുന്ന മട്ടിലാണ് ദേശീയപാതാ അതോറിറ്റിയുടെ നിലപാട്.

ദേശീയപാതയുടെ മേൽനോട്ടച്ചുമതല കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിക്കായതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ കൂടുതലൊന്നും ചെയ്യാനുമില്ല. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ റോഡ് ഗതാഗതത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ദേശീയപാതയായതിനാൽ കേരള ജനതയ്ക്ക് അനുഭവിക്കാൻ തന്നെയാണ് വിധി. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾക്ക് കാരണം പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്.

കാളവണ്ടികൾക്ക് പോലും സഞ്ചരിക്കാൻ യോഗ്യമല്ലാത്ത തരത്തിൽ ഗർത്തങ്ങളുള്ള ദേശീയപാതയിൽ ഇരട്ടി സമയമെടുത്താണ് യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. ഓരോ ദിവസവും സ്വന്തം വീടുകളിൽ നിന്നും വാഹനങ്ങളുമായി ദേശീയപാതയിൽ പ്രവേശിക്കുന്നവർ കുടുംബത്തിന്റെ പ്രാർത്ഥനകൾ കൊണ്ട് മാത്രമാണ് സുരക്ഷിതരായി തിരിച്ചെത്തുന്നത്.

ടോൾ പ്ലാസകളിൽ നിന്നും ദിവസവും ടോൾ പിരിച്ചെടുക്കുന്നുണ്ടെങ്കിലും റോഡ് നവീകരണത്തിന് ചില്ലിക്കാശ് ചെലവാക്കാതെ ദേശീയപാതാ അതോറിറ്റി വാഹന യാത്രക്കാരുടെ കഷ്ടപ്പാട് കണ്ട് രസിക്കുകയാണെന്ന് വേണം കരുതാൻ. കേരളത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്കിനും സമയ നഷ്ടത്തിനും പരിഹാരമെന്ന നിലയിൽ സർക്കാർ ആവിഷ്ക്കരിച്ച സിൽവർലൈൻ പദ്ധതിയെ തുരങ്കം വെക്കാൻ ഉത്സാഹപൂർവ്വം രാജ്യതലസ്ഥാനത്തേക്ക് വണ്ടി കയറിയ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ദേശീയപാതയിലെ ദുർഘടാവസ്ഥയെക്കുറിച്ച് വായ് തുറന്നിട്ടില്ലെന്ന് വേണം കരുതാൻ.

കേന്ദ്രമന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ യാത്രകൾ  വായുമാർഗ്ഗമായതിനാൽ ദേശീയപാതയുടെ ദയനീയാവസ്ഥയെക്കുറിച്ച് മിണ്ടുന്നില്ല. മനുഷ്യന്റെ ജീവനെടുക്കുന്ന ദേശീയ ഗർത്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള വഴികളെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകളാണ് ഇനിയുണ്ടാകേണ്ടത്.ദേശീയപാത എന്ന പേരിന് പകരം ദേശീയകുഴി എന്ന വിശേഷണമാണ് കേരളത്തിലെ ദേശീയപാതയ്ക്ക് അനുയോജ്യം.

ഡീസൽ, പെട്രോൾ വിലവർദ്ധനവ് വഴി ലഭിക്കുന്ന ലാഭം ദേശീയപാതാ  നിർമ്മാണത്തിന് കൂടി ഉപയോഗിക്കുമെന്ന കേന്ദ്ര സർക്കാറിന്റെ അവകാശവാദത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ദേശീയപാതയിലെ കുഴികൾ പേരിനെങ്കിലും ടാർ ചെയ്യാൻ ദേശീയപാതാ അതോറിറ്റി തയ്യാറാകണം.

LatestDaily

Read Previous

സംസ്ഥാനപാതയിൽ ചതിക്കുഴികൾ

Read Next

പിതാവിനെ മർദ്ദിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു