ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുമ്പെങ്ങുമില്ലാത്തവിധം സ്വർണ്ണ ക്കടത്ത്- കുഴൽപ്പണ മാഫിയകളും മയക്കുമരുന്ന് വിൽപ്പന സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. കള്ളക്കടത്ത് – കുഴൽപ്പണ മേഖലയിലെ ഒറ്റുകാരെയും കൂട്ടിക്കൊടുപ്പുകാരെയും, കണ്ടെത്താൻ മനുഷ്യ ജീവൻ കൊത്തിക്കീറുന്ന ക്രൂരമായ ശിക്ഷാമുറകളാണ് മാഫിയകൾ നടപ്പിലാക്കുന്നത്.
മാഫിയകൾ തട്ടിക്കൊണ്ട് പോവുന്ന ഒറ്റുകാരെന്നാരോപിക്കപ്പെടുന്നവരെ ശരീരമാസകലം ബ്ലേഡ്കൊണ്ട് മുറിവുണ്ടാക്കി മുളക്പൊടി വിതറുക, ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കുക, കെട്ടിത്തൂക്കി മർദ്ദിക്കുക, കൈകൾ പിറകിൽ കെട്ടി വെള്ളത്തിൽ മുക്കുക, കൈകാലുകൾ തല്ലിയൊടിക്കുക. ഷോക്കടിപ്പിക്കുക തുടങ്ങിയ പ്രാകൃതവും അതിനീചവുമായ മർദ്ദനമുറകളാണ് ഇവർ പ്രയോഗിക്കുന്നത്.
ദേഹത്ത് ചോര പൊട്ടിയൊഴുകിയാൽ പോലും വിട്ടയക്കുകയോ മരുന്നും ഭക്ഷണവും നൽകുകയോ ചെയ്യാതെ രക്ഷപ്പെടാതിരിക്കാൻ രാസവസ്തുക്കളുപയോഗിച്ച് ബോധം കെടുത്തുക തുടങ്ങിയ ശിക്ഷാ രീതികളാണ് കള്ളക്കടത്ത് കുഴൽപ്പണ മാഫിയകൾ നടപ്പിലാക്കുന്നത്. സ്വർണ്ണക്കടത്തുകാർ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച കോഴിക്കോട് പേരാമ്പ്രയിലെ ഇർഷാദ് കൊല്ലപ്പെട്ടതോടെയാണ് കള്ളക്കടത്ത് ലോകത്തെ ക്രൂരതകൾ നാട്ടിൽ ചർച്ചയാവുന്നത്.
ആലപ്പുഴയിലെ ജ്വല്ലറി കവർച്ച അന്വേഷിക്കുന്ന പോലീസാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പത്തംഗസംഘമാണ് 2015 ഫെബ്രുവരിയിൽ ഓമശ്ശേരി പുത്തൂർ സ്വദേശിയെ സഹോദരിയുടെ വീട്ടിൽ നിന്നും വലിച്ചിഴച്ച് ഇന്നോവ കാറിൽ കൊണ്ടുപോയത്. കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടുകയും, കൈകൾ ബന്ധിക്കുകയും തുണി ഉപയോഗിച്ച് വായിൽ തിരുകിക്കയറ്റുകയും ചെയ്ത ശേഷമാണ് കൊടുവള്ളി പൂനൂർ പുഴയോരത്തെത്തിച്ച് വിവസ്ത്രനാക്കി കൈകൾ മരത്തിൽ കെട്ടി മർദ്ദിച്ചത്.
സൂചി വെച്ച് മയക്കിയ ശേഷം വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയായിരുന്നു മാഫിയകൾ ചെയ്തത്. തുടർന്ന് കുന്ദമംഗലത്തെയും പാറോപ്പടിയിലെയും വീടുകളിലെത്തിച്ച് പട്ടിണിക്കിട്ട് ദിവസങ്ങളോളം മർദ്ദിച്ച് അവസാനം മഞ്ചേരിയിലെ ഒരു ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് മരിക്കുമെന്നെത്തിയ അവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മാഫിയ സംഘം രക്ഷപ്പെടുകയായിരുന്നു.
ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും, വർഷങ്ങൾ കഴിഞ്ഞിട്ടും കിഡ്നിയുൾപ്പെടെ തകരാറിലായ നിലയിലാണുള്ളത്. കർണ്ണാടകയിൽ ഒന്നരക്കോടിയുടെ കുഴൽപ്പണം കവർന്നതായി ആരോപിച്ചായിരുന്നു 2016 ആഗസ്തിൽ ലോറി ജീവനക്കാരനായിരുന്ന താമരശ്ശേരി സ്വദേശിയെ രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
കർണ്ണാടകയിലെ ഒരു റിസോർട്ടിലെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി കാൽവെള്ളയിലടിച്ച് മുറിവേൽപ്പിച്ചശേഷം മുളക് പൊടി വിതറുകയും ദേഹമാസകലം ബ്ലേഡ് കൊണ്ട് വരയുകയും ചെയ്തു. ഒടുക്കം ആള് മാറിപ്പോയെന്ന് തിരിച്ചറിഞ്ഞപ്പോൾ പോലീസിനെ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി വിട്ടയക്കുകയാണുണ്ടായത്.
2011 ജൂലൈയിൽ കൊയിലാണ്ടി ഊരള്ളൂർ സ്വദേശിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ മാഫിയസംഘം ക്രൂരമായി മർദ്ദിച്ച ശേഷം കൈയും കാലും ഒടിച്ചശേഷം മാവൂർ പ്രദേശത്ത് റോഡരികിൽ തള്ളുകയായിരുന്നു.
2011 ആഗസ്തിൽ തട്ടിക്കൊണ്ട്പോയ മുത്താണി സ്വദേശിയെയും ക്രൂരമായി മർദ്ദിച്ച് കൈകാലുകൾ ഒടിച്ചശേഷം വിട്ടയച്ചു. ഇത്തരം ക്രൂരകൃത്യങ്ങളിലൂടെയാണ് ഒറ്റുകാരെയും കള്ളക്കടത്ത് സ്വർണ്ണം ലക്ഷ്യസ്ഥാനത്തെത്തിക്കാത്തവരെയും മാഫിയകൾ കൈകാര്യം ചെയ്യുന്നത്. പുറത്തറിഞ്ഞാൽ അപായപ്പെടുമെന്നതിനാൽ പലരും പുറത്തറിയിക്കാതെ കഴിഞ്ഞുകൂടുകയാണ്.