ജില്ലയെ ശുദ്ധമാക്കാൻ പോലീസ് മേധാവി: മയക്കുമരുന്ന് കേസ്സുകളിൽ റെക്കോർഡ്

കാഞ്ഞങ്ങാട്: ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ ജില്ലാ പോലീസ് പിടിമുറുക്കിയതോടെ ജില്ലയിൽ ലഹരിക്കേസ്സുകളിൽ റെക്കോർഡ് വർദ്ധന. എട്ട് മാസത്തിനുള്ളിൽ മുന്നൂറോളം ലഹരിക്കേസ്സുകളാണ് ജില്ലയിലെ വിവിധ പോലീസ് സബ് ഡിവിഷനുകളിലായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജില്ലയിൽ സ്വതന്ത്രമായി കയറൂരി വിട്ട നിലയിൽ പ്രവർത്തിച്ചിരുന്ന ലഹരി മാഫിയാ സംഘങ്ങൾക്ക് മൂക്കു കയറിടാൻ തുടക്കം കുറിച്ചത് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ചുമതലയേറ്റത് മുതലാണ്. അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ ലഹരി മഫിയയ്ക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ ലഹരി മാഫിയയെ ഒതുക്കാൻ ക്ലീൻ കാസർകോട് പദ്ധതിക്കും ജില്ലാ പോലീസ് മേധാവി ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ദിനംപ്രതി കേസുകളെടുക്കുന്നുണ്ട്. ജില്ലയിലെ മിക്കവാറും പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കേസ്സുകൾ ദിവസവും റജിസ്റ്റർ ചെയ്യുന്നുണ്ട്. അതിർത്തി കടന്ന് ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ രാത്രികാല പരിശോധനയും സ്ഥിരമായി നടക്കുന്നുണ്ട്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ എണ്ണയിട്ട യന്ത്രം പോലെയാണ് ജില്ലയിലെ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിന് ജില്ലാ പോലീസ് മേധാവിയുടെ  സൂക്ഷ്മമായ മേൽനോട്ടവുമുണ്ട്.

രാത്രികാല വാഹന പരിശോധന ശക്തമാക്കിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായി എംഡിഎംഏ രാസലഹരിമരുന്ന്  പിടികൂടിയിരുന്നു. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നീലേശ്വരം പള്ളിക്കരയിൽ കാറിനകത്ത് കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഏ പിടികൂടിയിരുന്നു. പടന്നക്കാട്ട് അടുത്തടുത്ത ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി.കെ. ഷൈൻ എംഡിഎംഏ പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബേക്കൽ ഐപി, യുപി വിപിൻ ചെർക്കപ്പാറയിലെ കോളനിയിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാസർകോട് ഡിവൈഎസ്പി, വി.വി. മനോജിന്റെ നേതൃത്വത്തിൽ കുമ്പളയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മലപ്പുറം വെങ്ങര സ്വദേശിയായ നൗഷാദിനെ 12 ഗ്രാം എംഡിഎംഏയുമായി പിടികൂടിയത് രണ്ട് ദിവസം മുമ്പാണ്.

മയക്കുമരുന്നിനെതിരെ പരിശോധന കർശനമാക്കിയതോടെ വാഹനങ്ങൾ വഴി റോഡ് മാർഗ്ഗമുള്ള ലഹരിക്കടത്തിന് നേരിയ കുറവുണ്ടായെന്നാണ് സൂചനകൾ. കേരള, കർണ്ണാടക അതിർത്തികളിലെ ഊടുവഴികളിലൂടെ ജില്ലയിലേക്ക് മയക്കുമരുന്ന് കടത്ത് തുടരുന്നുണ്ട്.

പോലീസിന്റെ കണ്ണു വെട്ടിച്ച് നടക്കുന്ന ലഹരിക്കടത്ത് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് സേനയിലെ അംഗബലക്കുറവാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിൽ ജില്ലയിലെ എക്സൈസ് സംവിധാനം പൂർണ്ണ പരാജയമാണ്.

കർണ്ണാടക അതിർത്തി കടന്ന് കർണ്ണാടക നിർമ്മിത വിദേശ മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് യഥേഷ്ടം ഒഴുകുന്നുണ്ടെങ്കിലും, എക്സൈസ് ഉദ്യോഗസ്ഥർ ഇതൊന്നും കണ്ട മട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

LatestDaily

Read Previous

നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?

Read Next

വിദ്യാർത്ഥികളുടെ ബസ് ചാർജ് ഇളവ് പരിശോധിക്കാൻ സമിതി രൂപീകരിച്ചു