തൊഴിലുറപ്പിൽ പണിയെടുക്കാതെ കൂലി തട്ടിയെടുത്തു

നീലേശ്വരം: കിനാനൂർ – കരിന്തളം പഞ്ചായത്ത് 15-ാം വാർഡിൽ മുതുകുറ്റി – പാലിലോട്ടി റോഡിന്റെ സോളിങ്ങ് ജോലിയുമായി  ബന്ധപ്പെട്ട് അനർഹർ കയറിപ്പറ്റിയെന്ന പരാതിയിൽ തൊഴിലുറപ്പ് മേറ്റിനെതിരെ ശിക്ഷാ നടപടി. കോൺഗ്രസ് നേതാവായ ഉമേശൻ വേളൂർ പഞ്ചായത്തംഗമായ 15-ാം വാർഡിലാണ് തൊഴിലുറപ്പ് മസ്റ്റർ റോളിൽ ഒമ്പതു കോൺഗ്രസ് പ്രവർത്തകർ കയറിപ്പറ്റിയത്.

ഇവരിൽ കരിന്തളത്തെ വ്യാപാരിയും ഉൾപ്പെടും. സ്ഥിരമായി തൊഴിലുറപ്പ് ജോലിയെടുക്കുന്നവരെ അവഗണിച്ചാണ് മസ്റ്റർ റോളിൽ 9 അനർഹരെ തിരുകിക്കയറ്റിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനർഹരെ തൊഴിലുറപ്പ് മസ്റ്റർ റോളിൽ തിരുകിക്കയറ്റിയതെന്നാണ് ആരോപണം.

ഇതിനെതിരെ കരിന്തളത്തെ തൊഴിലുറപ്പ് തൊഴിലാളി പി.വി. രാമചന്ദ്രൻ പഞ്ചായത്ത് അസിസ്റ്റന്റ് സിക്രട്ടറിക്ക് രണ്ട് തവണ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെയാണ്  മുതുകുറ്റി – പാലിലോട്ട് നിർമ്മാണ പ്രവൃത്തിയുടെ തൊഴിലുറപ്പ് മേറ്റായ ലൈല മോഹനെ ഓഗസ്റ്റ് 31 വരെ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

ജോലി ചെയ്യാത്ത 9 പേരുടെ ഒപ്പ് റദ്ദാക്കിയതായി പഞ്ചായത്ത് സിക്രട്ടറി പി.വി. രാമചന്ദ്രന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് മസ്റ്റർ റോളിൽ ഒപ്പിട്ട കരിന്തളത്തെ വ്യാപാരി പണിയൊന്നും എടുത്തില്ലെങ്കിലും 6 പണിയെടുത്തതായി എഴുതി വെച്ചിരുന്നു.

കാഞ്ഞങ്ങാട്ടെ ബാറ്ററി ഷോപ്പിൽ ജോലിയെടുക്കുന്ന 3 സ്ത്രീകളുടെ പേരും  ഈ ലിസ്റ്റിലുണ്ടായിരുന്നു. പേരൂർ സദ്ഗുരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ജീവനക്കാരിയും ലിസ്റ്റിലുണ്ട്. മസ്റ്റർ റോളിൽ അനധികൃതമായി നുഴഞ്ഞു കയറിയവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണെന്നും, ഇതിന് ഒത്താശ ചെയ്തത് വാർഡംഗമായ കോൺഗ്രസ് നേതാവ് ഉമേശൻ വേളൂരാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

തൊഴിലുറപ്പ് ജോലിയെടുക്കാത്ത 9 പേരെ മസ്റ്റർ റോളിൽ ഒപ്പിടാൻ അനുവദിച്ചത് വേതനം തട്ടിയെടുക്കാനാണെന്നാണ് ആരോപണം. 15-ാം വാർഡ് മുതുകുറ്റി പാലിലോട്ടി റോഡിന്റെ സോളിങ്ങ് ജോലിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 51617 – 51621 മസ്റ്റർ റോളിൽ 44 പേരാണ് ഉൾപ്പെട്ടിരുന്നത്.

ലിസ്റ്റിൽ 26 പേരാണ് ഒപ്പിട്ടിരുന്നത്. ഇവരിൽ 17 പേർ മാത്രമാണ് ജോലി ചെയ്തിരുന്നതെന്ന് പഞ്ചായത്ത് സിക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 9 പേരാണ് മസ്റ്റർ റോളിൽ ഒപ്പിട്ട് ജോലിക്ക് വരാതെ മുങ്ങിയത്.

LatestDaily

Read Previous

കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

Read Next

ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു