അഭിഭാഷകനെതിരെ പരാതി നൽകാൻ വക്കീൽ ഗുമസ്ഥയിൽ സമ്മർദ്ദം

കാഞ്ഞങ്ങാട്: നഗരത്തിലെ വക്കീലാപ്പീസിൽ ആരുമില്ലാതിരുന്ന നേരത്ത് വക്കീൽ ഗുമസ്ഥയെ കയറിപ്പിടിച്ച അഭിഭാഷകനെതിരെ പോലീസിൽ പരാതി നൽകാൻ ഗുമസ്ഥയിൽ കടുത്ത സമ്മർദ്ദം. ഒരു വിഭാഗം അഭിഭാഷകർ തന്നെയാണ് ഈ സമ്മർദ്ദത്തിന് പിന്നിലുള്ളത്. പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന തൊട്ടടുത്ത് 2 വക്കീലന്മാരുടെ ഓഫീസുകളിൽ ഒന്നിലാണ് 6 ദിവസം മുമ്പ് മുപ്പതുകാരിയായ വക്കീൽ ഗുമസ്ഥയെ തൊട്ടടുത്ത് സ്വന്തം ഓഫീസ് മുറിയുള്ള യുവ അഭിഭാഷകൻ കയറിപ്പിടിച്ചത്.

സംഭവം നടക്കുമ്പോൾ, യുവതി ജോലി നോക്കുന്ന ഓഫീസിലെ അഭിഭാഷകൻ കോടതിയിലായിരുന്നു. ഈ ഓഫീസിൽ തന്നെ സേവനമനുഷ്ടിക്കുന്ന മറ്റൊരു അഭിഭാഷകനും സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു.

തൊട്ടപ്പുറത്ത് ഓഫീസുള്ള അഭിഭാഷകൻ ഈ ഓഫീസിലെത്തി തന്നെ കയറിപ്പിടിച്ചുവെന്ന് ഗുമസ്ഥ സ്വന്തം വക്കീലിനോട് അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു. പോലീസിലോ വക്കീലന്മാരുടെ സംഘടനയായ ബാർ അസോസിയേഷനിലോ പരാതി കൊടുക്കേണ്ടതുണ്ടോ എന്ന് ഗുമസ്ഥ  അന്ന് തന്നെ സ്വന്തം അഭിഭാഷകനോട് ചോദിച്ചിരുന്നുവെങ്കിലും, ”ആലോചിച്ച് ചെയ്യാമെന്നായിരുന്നു” സ്വന്തം വക്കീൽ മറുപടി നൽകിയത്.

ഈ ഓഫീസിൽ തന്നെ ജോലി നോക്കുന്ന മറ്റൊരു അഭിഭാഷകനോട് മാനഭംഗ സംഭവത്തെക്കുറിച്ച് പുറത്തുള്ള ചിലർ ആരാഞ്ഞപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന് പറഞ്ഞ് ഈ അഭിഭാഷകൻ നിഷേധിക്കുകയായിരുന്നു.

ഇപ്പോൾ, തന്റെ ശരീരത്തിൽ കയറിപ്പിടിച്ച അഭിഭാഷകനെതിരെ പോലീസിലോ, ബാർ അസോസിയേഷനിലോ പരാതി നൽകാൻ അഭിഭാഷകർക്കിടയിൽ നിന്ന് തന്നെ വക്കീൽ ഗുമസ്ഥയിൽ സമ്മർദ്ദം ഏറിയിട്ടുണ്ട്.

LatestDaily

Read Previous

75-ാം സ്വാതന്ത്ര്യവാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Read Next

പാര്‍ട്ടി കമ്മിറ്റികള്‍ ചിട്ടി നടത്തരുത്: സിപിഎം