മയക്കുമരുന്ന് പ്രതിയെ മോചിപ്പിച്ച ഏസി അംഗത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം

കാഞ്ഞങ്ങാട്: മാരക മയക്കുമരുന്ന് എംഡിഎംഏയുമായി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സീഡിപാർട്ടി പിടികൂടിയ ബാവാനഗർ മുസ്്ലീം പള്ളിക്ക് സമീപം താമസിക്കുന്ന നൗഷാദിനെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു കൊണ്ടുപോയ സിപിഎം ഏസിയംഗത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം.

മുൻ നഗരസഭാ കൗൺസിലറായ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം നേരത്തെ മുസ്്ലീം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് നഗരസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ഇദ്ദേഹം സിപിഎമ്മിൽ ചേക്കേറിയത്.

തീരദേശ വാർഡിൽ നിന്ന് കടുത്ത പോരാട്ടത്തിൽ വിജയിച്ച് നഗരസഭയിലെത്തിയ ഇദ്ദേഹം നേരത്തെ ആരോപണ വിധേയനായിരുന്നു. കാഞ്ഞങ്ങാട്ടെ കിസ്സ എന്ന സംഘടനയ്ക്ക് വേണ്ടി നഗരത്തിലെ പെട്രോൾ പമ്പുടമയിൽ നിന്ന് 5000 രൂപ സംഭാവന പിരിച്ച സംഭവം അന്ന് പാർട്ടിയിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിൽ ഉത്തവാദപ്പെട്ട സ്ഥാനമുണ്ടായിരുന്ന ഈ നഗരസഭാ അംഗം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും തീരദേശത്തു നിന്ന് മത്സരിച്ചുവെങ്കിലും, മുസ്്ലീം ലീഗ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. നഗരസഭയിൽ ഭരണപക്ഷ അംഗമായിരുന്ന 5 വർഷക്കാലങ്ങളിലും, അന്ന് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്ന ഈ യുവാവ് തൊട്ടതിനും വെച്ചതിനുമെല്ലാം പോലീസിൽ ഇടപെട്ട പതിവുണ്ടായിരുന്നു.

ഇപ്പോൾ, ഏറ്റവുമൊടുവിൽ മയക്കുമരുന്ന് കേസിൽ സീഡിപാർട്ടി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച നൗഷാദിനെ മോചിപ്പിക്കാൻ സീഡിപാർട്ടിയുടെ മേധാവിയായ ഏഎസ് ഐയിൽ സമ്മർദ്ദം ചെലുത്തുകയും, നൗഷാദിനെ ജുലായ് 30-ന് ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പോലീസ് സ്റ്റേഷന്റെ ഒന്നാം നിലയിൽ പാർപ്പിച്ചതും, പിന്നീട്  സിപിഎം ഏസിയംഗം ഇടപെട്ട് മോചിപ്പിച്ചു കൊണ്ടു പോയതും സ്റ്റേഷൻ ഹൗസ് ഓഫീസറും കാഞ്ഞങ്ങാട് ഡിവൈഎസ്പിയും അറിഞ്ഞിരുന്നില്ല.

പോലീസ് സ്റ്റേഷനിൽ നിന്ന് മോചനം ലഭിക്കാൻ എംഡിഎംഏ കൈവശം വെച്ച യുവാവ് അരലക്ഷം രൂപ മുടക്കിയതായി ഇപ്പോൾ പുറത്തു വന്നു. ഈ അരലക്ഷം രൂപ കൈമാറാൻ ഇടനിലക്കാരനായി നിന്നത് പാർട്ടി ഏസിയംഗമായ യുവാവാണ്. സീഡി പാർട്ടിക്ക് നേതൃത്വം നൽകുന്ന നീലേശ്വരം കല്ലായി ഏഎസ്ഐയെക്കുറിച്ച് ഇതിന് മുമ്പും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

സംഭവ ദിവസം നൗഷാദിനെ പിടികൂടിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ കൈയ്യിൽ മയക്കുമരുന്ന്  ഉണ്ടായിരുന്നില്ലെന്നും, അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ നിന്ന് നിരുപാധികം വിട്ടയച്ചതെന്നും സിപിഎം ഏരിയാ വൃത്തങ്ങൾ ഇപ്പോൾ വെളിപ്പെടുത്തി. തൽസമയം, സംഭവ ദിവസം ഉച്ചയക്ക് 12 മണിക്ക് ബാവാനഗർ മുസ്്ലീം പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് നിന്നും നൗഷാദിനെ സീഡി പാർട്ടി കസ്റ്റഡിയിലെടുത്തപ്പോൾ, ഇരുപത്തിയേഴുകാരനായ ഈ യുവാവിന്റെ കൈയ്യിൽ എംഡിഎംഏ മയക്കു മരുന്ന് കണ്ടെത്തിയിരുന്നു.

സ്ഥലത്ത് നാട്ടുകാർ സംഘടിച്ചപ്പോൾ, നൗഷാദിന്റെ കൈയ്യിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് സീഡിപാർട്ടിയിലെ പോലീസ് ഉദ്യോഗസ്ഥൻ നാട്ടുകാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് പ്രതിയെ മോചിപ്പിക്കാൻ, സിപിഎം ഏസിയംഗം ഇടപെട്ടതിൽ പാർട്ടിക്കകത്ത് പൊട്ടലും ചീറ്റലുമുണ്ടാക്കിയിട്ടുണ്ട്. ഏസിയംഗത്തിനെതിരെ കർശ്ശന നടപടി വേണമെന്ന ആവശ്യം സിപിഎം അണികൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്.

LatestDaily

Read Previous

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് 3 മണിക്ക് തുറക്കും

Read Next

തൂങ്ങിമരിച്ചത് ബിരുദ വിദ്യാർത്ഥിനിയെ  ഇടവഴിയിൽ കയറിപ്പിടിച്ച യുവാവ്