മയക്കുമരുന്ന് പ്രതിയെ പോലീസിൽ നിന്ന് മോചിപ്പിച്ചത് സിപിഎം ഏസി അംഗം

കാഞ്ഞങ്ങാട്: സീഡി പാർട്ടിയിൽപ്പെട്ട രണ്ടുപേർ ബാവനഗറിൽ നിന്ന് കയ്യോടെ പിടികൂടിയ യുവാവ് നൗഷാദിനെ ആറു മണിക്കൂർ നേരത്തെ സമ്മർദ്ദത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോയത് മുൻ നഗരസഭ കൗൺസിലറായ സിപിഎം ഏരിയാ കമ്മിറ്റിയംഗം.

ജൂലായ് 31-ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞങ്ങാടിന്റെ തീരദേശമായ ബാവാനഗർ മുസ്്ലീം പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് നിന്നാണ് നൗഷാദ് എന്ന ഇരുപത്തിയേഴുകാരനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സീഡി പാർട്ടിയിൽപ്പെട്ട രണ്ടു പോലീസുദ്യോഗസ്ഥർ കയ്യോടെ പിടികൂടി ആൾട്ടോ കാറിൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

പിന്നാലെ തന്നെ നൗഷാദിനെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോകാൻ സിപിഎം ഏരിയാ കമ്മിറ്റിയംഗവും പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കൊണ്ടുപോയി സീഡി പാർട്ടിയുടെ നേതാവായ നീലേശ്വരം ഏഎസ്ഐ, നൗഷാദിനെ ചോദ്യം  ചെയ്തതും, അന്ന് വൈകുന്നേരം 6 മണിയോടെ നിരൂപാധികം വിട്ടയച്ചതും സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടറും, ഡിവൈഎസ്പിയും അറിയുന്നത് പിറ്റേന്നാണ്.

ബാവാ നഗറിൽ നൗഷാദ് മാരകമായ എംഡിഎംഏ മയക്കുമരുന്നുമായി ആവശ്യക്കാരെ കാത്തിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീഡി പാർട്ടി ഏഎസ്ഐയും, മറ്റൊരാളും ബാവനഗറിൽച്ചെന്ന് നൗഷാദിനെ മയക്കുമരുന്നുമായി കയ്യോടെ പൊക്കിയത്. നൗഷാദ് സ്ഥലത്ത് ബഹളം വെച്ചപ്പോൾ നാട്ടുകാരിടപെട്ട് സീഡി പാർട്ടിയെ ചോദ്യം ചെയ്തപ്പോൾ നൗഷാദിൽ നിന്ന് പിടികൂടിയ എംഡിഎംഏ മയക്കുമരുന്ന് സീഡി പാർട്ടി സംഘം നാട്ടുകാർക്ക് കാണിച്ചുകൊടുത്തിരുന്നു.

ഇതിന്  ശേഷമാണ് നൗഷാദിനെ ആൾട്ടോ കാറിൽ ഉച്ചയ്ക്ക് 12 മണിയോടെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെത്തിച്ചത്. ബാവാ നഗറിൽ യുവാക്കൾക്ക് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ ഈ സംഭവത്തിന് മൂന്നുനാൾ മുമ്പ് സ്ഥലത്ത് പോലീസ് വിരട്ടിയിരുന്നു. അന്ന് സംഘത്തിൽ പ്പെട്ട ചിലർ ഓടി രക്ഷപ്പെട്ടുവെങ്കിലും, സംഘത്തിലുൾപ്പെട്ട ഷാനി എന്ന യുവാവിനെ പോലീസിന് കിട്ടിയിരുന്നു.

ഷാനിയെ ചോദ്യം ചെയ്തപ്പോഴാണ് നൗഷാദാണ് തങ്ങളുടെ നേതാവെന്ന് ഷാനി വെളിപ്പെടുത്തിയത്. ഈ വിവരത്തിന്റെ ബലത്തിലാണ് സീഡിപാർട്ടി ജുലായ് 31-ന് ഞായറാഴ്ച ഉച്ചയ്ക്ക് നൗഷാദിനെ എംഡിഎംഏയുമായി പിടികൂടിയത്.ഷാനിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇഖ്ബാൽ ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന മറ്റു രണ്ട് എംഡിഎംഏ വിൽപ്പനക്കാരുടെ പേരുകളും പുറത്തുവിട്ടിരുന്നു.

മയക്കുമരുന്ന് ബന്ധം തെളിവുകളുടെ ബലത്തിൽ ബോധ്യപ്പെട്ടതിനെതുടർന്ന് ഐഎൻഎൽ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട യുവാവാണ് നൗഷാദ്. നൗഷാദിന്റെ കൈയ്യിൽ നിന്ന് നേരത്തെ പോലീസ് ഒരു എയർഗൺ പിടികൂടിയിരുന്നുവെങ്കിലും, പോലീസ് നടപടികളൊന്നുമുണ്ടായില്ല.

പോലീസ് സ്റ്റേഷനിൽ നിന്ന് 31-ന് വൈകുന്നേരം പുറത്തിറങ്ങിയ നൗഷാദ് ബാവാനഗർ പ്രദേശത്തെത്തി നാട്ടുകാരെ മുഴുവൻ വെല്ലുവിളിക്കുകയും ചെയ്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നൗഷാദിനെ സീഡി പാർട്ടി എത്തിച്ച സംഭവവും, വിട്ടയച്ച സംഭവവും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള ഇൻസ്പെക്ടർ കെ.പി. ഷൈൻ അറിയുന്നത് ആഗസ്ത് 1-ന് തിങ്കളാഴ്ചയാണ്.

മുൻ കൗൺസിലറായ സിപിഎം ഏസിയംഗം എന്തിന്, അറിയപ്പെടുന്ന മയക്കുമരുന്ന് കച്ചവടക്കാരനെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി എന്നാണ് തീരദേശവാസികളുടെ ന്യായമായ ചോദ്യം.

LatestDaily

Read Previous

കാട്ടിലെ രതി വീണ്ടും നാട്ടിൽ പാട്ട്

Read Next

ഇനി എനിക്ക് ദൈവ സന്നിധിയിൽ പോകണം ചാലിങ്കാൽ കൊല പ്രതി ഗണേശൻ ഭാര്യയോട് പറഞ്ഞത്