എം.കെ. മുനീറിന്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പ്

കാഞ്ഞങ്ങാട്: കാറൽമാർക്സിനെ ആഭാസനായി ചിത്രീകരിച്ചും, ലിംഗ സമത്വത്തെ മതനിരാസമായി ചിത്രീകരിച്ചും, ലീഗ് നേതാവ് ഡോ. എം.കെ. മുനീർ നടത്തിയ പ്രസ്താവനകൾ എൽഡിഎഫിലേക്ക് നോട്ടമിട്ടിരിക്കുന്ന ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ.

മാർക്സിസ്റ്റ് പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് മുസ്്ലീം ലീഗിന് അപകടമാണെന്ന പൊതുബോധം അണികൾക്കിടയിൽ സൃഷ്ടിക്കാനാണ് എം.കെ.  മുനീർ ഇത്തരം പ്രസ്താവന നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.  മത വിശ്വാസത്തെ ഇളക്കി വിട്ട് അണികളെ പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗത്തിനെതിരെയാക്കി ലീഗിന്റെ എൽഡിഎഫ് പ്രവേശന മോഹം ഇല്ലാതാക്കുകയാണ് എം.കെ. മുനീറിന്റെ  ലക്ഷ്യം.

ലീഗ് യുഡിഎഫ് വിടുമെന്ന സംശയമുയരുന്നതിനിടെയിലാണ് എം.കെ. മുനീർ, കെ. എം. ഷാജി എന്നിവരടങ്ങുന്ന എതിർഗ്രൂപ്പ് പാർട്ടി സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്നത്. മുസ്്ലീം ലീഗിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യമായാണ് സംസ്ഥാന കമ്മിറ്റിയോഗത്തിൽ പരസ്യ വിമർശനമുണ്ടായത്.

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് ലീഗ് സംസ്ഥാന നേതാവിനെ സസ്പെന്റ് ചെയ്യുന്ന തരത്തിൽ ഗൗരവതരമായിരുന്നു  പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം. ഇനിയും യുഡിഎഫിനൊപ്പം നിന്നാൽ രാഷ്ട്രീയമായി ഗതിപിടിക്കില്ലെന്ന തിരിച്ചറിവാണ് പി.കെ. കുഞ്ഞാലിക്കുട്ടി വിഭാഗത്തെ എൽഡിഎഫിലേക്കാകർഷിക്കുന്നത്. എൽഡിഎഫിന്റെ വാതിലുകൾ ലീഗിന് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്ന ധ്വനിയിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പ്ലസ്ടു അഴിമതിക്കേസിലടക്കം കെ.എം. ഷാജിക്കെതിരെ വിജിലൻസ് നടപടിയുണ്ടായതിന്റെ പേരിലാണ് ഷാജി എൽഡിഎഫ് പ്രവേശനത്തെ എതിർക്കുന്നത്.

അണികളെ പിടിച്ചു നിർത്താൻ ഒരു മുഴം നീട്ടിയെറിഞ്ഞ രാഷ്ട്രീയ കൗശലമാണ് എം.കെ. മുനീറിന്റെ മാർക്സിസ്റ്റ് വിരുദ്ധ പ്രസ്താവനകളെന്നാണ് സൂചന. പാർട്ടിയെ മതവുമായി കൂട്ടിക്കെട്ടി നടത്തിയ പ്രസ്താവന അപകടകരമാണെന്നാണ് വിലയിരുത്തൽ. ലിംഗ സമത്വത്തെക്കുറിച്ചുള്ള ക്ലാസിലാണ് എം.കെ. മുനീർ കാറൽ മാർക്സിനെ വൃത്തികെട്ടവനായി ചിത്രീകരിച്ചത്. ലിംഗസമത്വം മതനിരാസത്തെ പ്രോത്സാഹിപ്പിക്കുമെന്ന വിചിത്രമായ കണ്ടെത്തലും എം.കെ. മുനീർ നടത്തിയിരുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയ ഒരു നേതാവിന്റെ നിലവാരത്തിൽ നിന്നും താഴ്ന്ന് നടത്തിയ പ്രസ്താവനകൾ വിവാദമായതോടെ അദ്ദേഹം നിലപാടിൽ നിന്നും മലക്കം മറിഞ്ഞു. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്റെ അവസ്ഥയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. യുഡിഎഫെന്ന  മുങ്ങുന്ന കപ്പലിൽ  നിന്ന് രക്ഷപ്പെടാനാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷം ശ്രമിക്കുന്നത്. പാർട്ടിക്കുള്ളിലെ ഇടതുപക്ഷ വിരുദ്ധർ ഇതിനെ എതിർത്തതോടെ ലീഗ് രണ്ടായി പിളർന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Read Previous

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു

Read Next

‘2024ല്‍ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേതിന് സമാനമാകും’