ചാലിങ്കാൽകൊല: പോലീസ് ബംഗളൂരുവിൽ 

കാഞ്ഞങ്ങാട്  : പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ നമ്പ്യാർക്കാലിൽ തേപ്പുതൊഴിലാളി നീലകണ്ഠനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി മുങ്ങിയ പ്രതി ഗണേശനെ 50 കണ്ടെത്താൻ അമ്പലത്തറ പോലീസ് ബംഗളൂരുവിൽ തെരച്ചിൽ തുടങ്ങി. ബംഗളൂരു ബൊമ്മന ഹള്ളി പ്രദേശത്ത് പ്രതി ഗണേശന് ഭാര്യയും മക്കളുമുണ്ട്.

കർണ്ണാടകയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് പണിക്ക് വേണ്ടി ചാലിങ്കാലിലെത്തിയ ഗണേശൻ ബന്ധുവായ നീലകണ്ഠനെ ഉറക്കത്തിൽ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം ആഗസ്ത് 2– ന് തിങ്കളാഴ്ച പുലർകാലം കർണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗണേശനും നീലകണ്ഠനും ഒരുമിച്ചാണ് തേപ്പുജോലിക്ക് പോയിരുന്നത്.

നിത്യവും തേപ്പുജോലിക്ക് പോയാൽ ഒരാൾക്ക് 700 രൂപ പ്രതിഫലം ലഭിക്കുമായിരുന്നുവെങ്കിലും, ഈ തുകയിൽ നിന്ന് നീലകണ്ഠൻ 400 രൂപ മാത്രമാണ് ഗണേശന് നൽകിയിരുന്നത്. ഇക്കാര്യം അറിയാവുന്ന ഒരാൾ ഈ വിവരം പ്രതി ഗണേശന്റെ ചെവിയിലെത്തിച്ചതാണ് നീലകണ്ഠനെ വകവരുത്താൻ ഗണേശന് പ്രേരണയായത്.

ചാലിങ്കാൽ നമ്പ്യാർക്കാലിലെ വീട്ടിൽ കൊല നടന്നത് തിങ്കൾ പുലർകാലമാണ്. കൊലയ്ക്ക് ശേഷം വാക്കത്തിയിൽ  പറ്റിപ്പിടിച്ചിരുന്ന  മാംസവും രക്തവും വീടിന്റെ മുന്നിലുള്ള പൈപ്പിൽ കഴുകി  വൃത്തിയാക്കിയ ശേഷം കത്തി സ്ഥലത്ത് വള്ളിപ്പടർപ്പുകളിൽ ഉപേക്ഷിച്ച പ്രതി നേരം വെളുത്ത ശേഷം ചാലിങ്കാൽ ദേശീയപാത ജംഗ്ഷനിലേക്ക് നടന്നുപോവുകയും, കാസർകോട് ഭാഗത്തേക്ക് ആദ്യം കിട്ടിയ ബസ്സിൽ കയറിപ്പോവുകയുമായിരുന്നു.

ഗണേശൻ ഇന്നലെ അതിരാവിലെ ചാലിങ്കാൽ സ്റ്റോപ്പിൽ അതുവഴി വന്ന വാഹനങ്ങൾക്ക് കൈനീട്ടുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നുവെങ്കിലും, കൊല നടന്ന വിവരം പുറത്തുവന്നത് പിന്നീടാണ്. പ്രതിയെ തേടി അമ്പലത്തറ പോലീസ് ടീം ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. കൊല ചെയ്യപ്പെട്ട നീലകണ്ഠന്റെ  മൂത്ത സഹോദരീ ഭർത്താവാണ് ഇപ്പോൾ  കർണ്ണാടകയിലേക്ക് മുങ്ങിയ ഗണേശൻ.

ബംഗളൂരുവിലാണ് ഗണേശനും ഭാര്യയും മക്കളും വർഷങ്ങളായി താമസം. അവിടെ ജോലിയില്ലാത്തതിനാൽ, അളിയൻ ക്ഷണിച്ചതിനാലാണ് ചാലിങ്കാലിലെത്തി ഒപ്പം തേപ്പു പണിയിൽ വ്യാപൃതനായത്.

LatestDaily

Read Previous

ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി

Read Next

നീലേശ്വരം സ്വദേശിനി അൽഐനിൽ മരണപ്പെട്ടു