പൊരിച്ച കോഴിയിൽ പുഴു; ഹോട്ടലിനെതിരെ പ്രതിഷേധം കടുത്തു

ബേക്കൽ : തീൻ മേശയിൽ കൊണ്ടുവെച്ച അൽഫാമിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തിയ സംഭവത്തിൽ ക്വാളിറ്റി റസ്റ്റോറന്റിന് എതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമായി. ഇൗ ഹോട്ടലിൽ ജുലായ് 28-ന് രാത്രി 8 മണിക്ക് ഭക്ഷം കഴിക്കാനെത്തിയ ഏഴംഗ സംഘം തച്ചങ്ങാട് യുവാക്കളിൽ ഒരാളുടെ മേശപ്പുറത്ത് കിട്ടിയ അൽഫാമിലാണ് ജീവനുള്ള വെളുത്ത പുഴുക്കൾ നുരഞ്ഞുപൊങ്ങുന്നത് കണ്ടെത്തിയത്.

സംഭവത്തെ തുടർന്നുണ്ടായ കലഹം മർദ്ദനത്തിലും പിന്നീട് പോലീസ് കേസ്സിലുമെത്തി നിൽക്കുകയാണ്. പുഴുക്കൾ അരിക്കുന്ന അൽഫാം യുവാക്കൾ പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും, ഇവർ ഹോട്ടലിലേക്ക്  വരുമ്പോൾ പാന്റ്സിന്റെ കീശയിൽ കട്ടിയുള്ള എന്തോ സാധനം നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നുവെന്ന് ഹോട്ടലുടമ മുസ്തഫയുടെ മകൻ പുറത്തുവിട്ട പ്രത്യേക ചാനൽ ദൃശ്യത്തിൽ ആരോപിക്കുന്നുണ്ടെങ്കിലും, ഇൗ ആരോപണത്തിൽ അത്ര കണ്ട് സത്യമുണ്ടെന്ന് വിശ്വസിക്കാനാവില്ല.

പുറത്തുനിന്ന് പൊരിച്ചെടുത്ത അൽഫാമിൽ പുഴുക്കളെ  നിറച്ച് ഹോട്ടലിനകത്ത് കൊണ്ടുവന്ന് ഗൂഢോലോചന നടത്തിയെന്നാൽ അത് തീർത്തും അവിശ്വസനീയമാണ്. പുഴുക്കൾ കണ്ടെത്തിയ സംഭവത്തെ തുടർന്ന് പിറ്റേ ദിവസം ഇൗ ഹോട്ടൽ പരിശോധിക്കാനെത്തിയ മെഡിക്കൽ ഓഫീസറും, ഗ്രാമപഞ്ചായത്ത് അസി. സിക്രട്ടറിയും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇൗ ഹോട്ടലിൽ നിന്ന് മൂന്ന് നാൾ പഴക്കമുള്ള കോഴിയിറച്ചി പിടികൂടി നശിപ്പിച്ചിരുന്നു.

മാത്രമല്ല, കോഴിയിറച്ചി പൊരിക്കാൻ മൂന്നുദിവസം കോഴി പൊരിച്ചു പഴകിയ എണ്ണയാണ്  ഹോട്ടലിൽ ഉപയോഗിക്കുന്നതെന്നും തെളിവുകളുടെ ബലത്തിൽ കണ്ടെത്തുകയും ഹോട്ടലുടമയെ താക്കീതു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ, ഹോട്ടലിന്റെ ലൈസൻസ് തന്നെ റദ്ദാക്കുമെന്ന് ഉടമയെ താക്കീതു ചെയ്യുകയും ചെയ്തിരുന്നു.

പൊരിക്കാനുള്ള കോഴിയിറച്ചിയിൽ അരവു പുരട്ടി ഫ്രീസറിൽ സൂക്ഷിച്ച ശേഷം ദിവസങ്ങൾ കഴിഞ്ഞ് ഇൗ ഇറച്ചി പുറത്തെടുത്ത് ഗ്രില്ലിലിട്ട് ചൂടാക്കി തിന്നാൻ വിളമ്പുമ്പോൾ കാലപ്പഴക്കം കൊണ്ട് ഇറച്ചിയിൽ പുഴുക്കളുണ്ടാകാനുള്ള സാധ്യത ആരോഗ്യ വകുപ്പ് അധികൃതർ തള്ളിക്കളയുന്നില്ല.

ഇറച്ചി പുറമെ ചൂടാകുമ്പോൾ അകത്തുള്ള പുഴുക്കൾ പുറത്തേക്ക് വന്ന സംഭവമാണ് ക്വാളിറ്റി ഹോട്ടലിലുണ്ടായതെന്ന് കരുതുന്നതായി ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഹോട്ടൽ അടപ്പിക്കണമെന്ന ആവശ്യവുമായി ശനിയാഴ്ച ഇരുപതോളം വരുന്ന യുവാക്കൾ ഉദുമ ഗ്രാമപഞ്ചായത്ത്് ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് കുത്തി യിരുന്നുവെങ്കിലും, പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ക്വാളിറ്റി ഹോട്ടലുടമ മുസ്തഫ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണ് അതുകൊണ്ടുതന്നെ ഇൗ സംഭവം കണ്ടില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. ഹോട്ടൽ ഭക്ഷണത്തിൽ പുഴുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരുടെ മർദ്ദനമേറ്റ യുവാക്കൾ തച്ചങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്.

പാർട്ടി നേതൃത്വവും ഡിവൈഎഫ് നേതൃത്വവും മർദ്ദനമേറ്റ യുവാക്കൾക്കൊപ്പം നിൽക്കുമോ അതോ, പാർട്ടിയംഗമായ ഹോട്ടലുടമയ്ക്കൊപ്പം നിൽക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പുഴു സംഭവത്തെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചതിന്  ഹോട്ടലുടമ മുസ്തഫയടക്കം നാലുേപർക്കെതിരെ ബേക്കൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർട്ടിയും, ഡിവൈഎഫ്ഐയും ഹോട്ടലിലെ പുഴു വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണ്.

LatestDaily

Read Previous

കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

Read Next

ബൈക്കിലെത്തി മാല കവർന്നു