സ്റ്റീൽബോംബ് പ്രതികളെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട് : പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ കേസ്സിൽ അറസ്റ്റിലായ രണ്ടുപ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ, കെ.പി. ഷൈൻ പയ്യന്നൂരിൽ ചോദ്യം ചെയ്തു.

ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലുള്ള വീടിന് 2021 ആഗസ്റ്റ് 27-ന് രാത്രി 11.20 മണിക്ക് സ്റ്റീൽ ബോംബെറിഞ്ഞ കേസ്സിലാണ് പയ്യന്നൂർ ബോംബേറ് കേസ്സിൽ പ്രതികളും ഡിവൈഎഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരുമായ പ്രതികളെ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ ചോദ്യം ചെയ്തത്.

2021- ആഗസ്ത് 27-ന് കാഞ്ഞങ്ങാട് വന്നിട്ടില്ലെന്ന് പ്രതികളായ കശ്യപും, ഗനിലും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം ഇരുവരുടെയും സെൽഫോൺ കോൾ ഡീറ്റെയിൽസ് പരിശോധിച്ചുവരികയാണ്. പയ്യന്നൂർ സ്റ്റീൽ ബോംബ് കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ കൂട്ടുപ്രതികളായ രണ്ടുപേർ ഒളിവിലാണ്.

രണ്ടുമോട്ടോർ സൈക്കിളുകളിൽ നാലുപേരാണ് ആർഎസ്എസ് കാര്യാലയത്തിന് ബോംബെറിഞ്ഞത്. 2021 ജുലായ് 12-ന് ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കാണ് കാര്യാലയത്തിന് രണ്ടു സ്റ്റീൽ ബോംബുകൾ എറിഞ്ഞത്.

പ്രതികൾ നാലുേപരും സ്ഥലത്തെത്തിയ ഇരുചക്ര വാഹനങ്ങളിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂർ മുകുന്ദ ആശുപത്രിക്കടത്തുനിന്ന് വടക്കോട്ട് പോകുന്ന റോഡിലാണ് രാഷ്ട്ര മന്ദിർ എന്ന് പേരിട്ടിരിക്കുന്ന പയ്യന്നൂർ ആർഎസ്എസ് കാര്യാലയം. ബോംബേറിൽ കാര്യാലയത്തിന്റെ മുൻഭാഗം ഇരുമ്പുഗ്രില്ലുകൾ  തകർന്നു പോയിരുന്നു. കേസ്സിൽ ഒളിവിലുള്ള പ്രതികൾക്ക് വേണ്ടി തെരച്ചിൽ നടത്തിവരികയാണെന്ന് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ  മഹേഷ്നായർ ലേറ്റസ്റ്റിനോട് പറഞ്ഞു.

പ്രതികൾ സഞ്ചരിച്ച ഇരുമോട്ടോർ സൈക്കിളുകളിൽ ഒന്ന് സ്പളെൻഡർ ആണെന്ന് സംഭവ ദിവസത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത പ്രതികളായ വെള്ളൂർ സ്വദേശി കശ്യപിനേയും, കരിവെള്ളൂർ പെരളം സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ഗനിലിന്റെയും കസ്റ്റഡി കാലാവധി തീർന്നതിനാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കി വീണ്ടും കണ്ണൂർ സബ് ജയിലിൽ റിമാന്റ് ചെയ്തു.

LatestDaily

Read Previous

ബിസിനസ് പങ്കാളിയെ വഞ്ചിച്ചതിന് കേസ്

Read Next

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ ടയര്‍