നീലേശ്വരത്തെ വികസന മുരടിപ്പിന് കാരണം ഭരണ സമിതിയുടെ അനാസ്ഥ

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ വികസന മുരടിപ്പിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പതിറ്റാണ്ടുകളായി നഗരസഭാ ഭരണം കൈയ്യാളുന്ന ഇടതുപക്ഷം ഭരണ നിർവ്വഹണത്തിൽ തികഞ്ഞ പരാജയമാണെന്നാണ് പൊതുജനം ആരോപിക്കുന്നത്.

നീലേശ്വരം പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയതിന് ശേഷം മൂന്ന് തവണ ഇടതുമുന്നണി അധികാരത്തിലേറിയിട്ടുണ്ട്. അതിന് മുമ്പത്തെ പഞ്ചായത്ത് ഭരണസമിതിയും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നീലേശ്വരം പഞ്ചായത്ത് നഗരസഭയായതിന് ശേഷം ഭരണകാര്യാലയത്തിന്റെ ഓഫീസ് ബോർഡിൽ മാത്രമാണ് വ്യത്യാസമുണ്ടായത്. രണ്ട് തവണ ഇടതു ഭരണ സമിതി അധികാരത്തിലിരുന്നിട്ടും സ്വന്തമായൊരു കൗൺസിൽ ഹാൾ പോലും നഗരസഭയ്ക്കുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

പഴയ പഞ്ചായത്ത് ഭരണ കാര്യാലയത്തിന്റെ മുഖം മിനുക്കിയാണ് നഗരസഭാ കാര്യാലയം ഒരുക്കിയിരിക്കുന്നത്. നഗരസഭയ്ക്ക് വേണ്ടി കടിഞ്ഞിക്കടവിൽ പുഴയോരത്ത് നിർമ്മിക്കുന്ന നഗരസഭാ ഓഫീസിന്റെ നിർമ്മാണവും നീണ്ടു പോവുകയാണ്. സംസ്ഥാനത്ത് സ്വന്തമായി ടൗൺ ഹാളില്ലാത്ത ഏക നഗരസഭയെന്ന അപമാനവും നീലേശ്വരം നഗരസഭയ്ക്ക് സ്വന്തം. നഗരസഭാ കൗൺസിൽ യോഗങ്ങൾ നടക്കുന്നതും നഗരസഭാ കാര്യാലയത്തിന് പുറത്തുള്ള ഹാളിലാണ്.

ഇടുങ്ങിയ റോഡുകളും, തകർന്ന  നടപ്പാതകളും കത്താത്ത തെരുവ് വിളക്കുകളുമുള്ള നീലേശ്വരം ടൗണിൽ തെരുവ് വിളക്ക് കത്തിക്കാനുള്ള നടപടി പോലും ഭരണസമിതി സ്വീകരിച്ചിട്ടില്ല. രാത്രിയിൽ ടൗണിലെത്തുന്ന കാൽനടയാത്രക്കാർ ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നതെന്നാണ് പൊതുജനത്തിന്റെ പരിഹാസം. അടിക്കടിയുണ്ടാകുന്ന ഗതാഗത സ്തംഭനം പരിഹരിക്കാനുള്ള പോംവഴികളെക്കുറിച്ചും നഗരസഭാ ഭരണസമിതി ഇതുവരെ ചിന്തിച്ചിട്ടില്ല.

മലയോര പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള കവാടമാണ് നീലേശ്വരം ടൗൺ. ഇടുങ്ങിയ റോഡുകളാണ് നീലേശ്വരത്തിന്റെ ഏറ്റവും വലിയ ശാപം. നീലേശ്വരം പേരോൽ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള ഇടുങ്ങിയ റോഡുകളിൽ അടിക്കടി ഗതാഗത സ്തംഭനമുണ്ടാകുന്നതും പതിവാണ്. നീലേശ്വരം ഇടത്തോട് റോഡ് വികസനവും സ്തംഭിച്ച നിലയിലാണ്. രാജാ റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്നും ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് വികസനം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

റോഡരികിൽ ഒരു സൈക്കിൾ നിർത്തിയിട്ടാൽ പോലും ഗതാഗത സ്തംഭനമുണ്ടാകുന്ന ടൗണാണ് നീലേശ്വരം. ദിനംപ്രതി ടൗണിലെത്തുന്ന നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നത് മൂലമുള്ള ഗതാഗത സ്തംഭനമാണ് നീലേശ്വരത്തിന്റെ മറ്റൊരു ശാപം. കാസർകോടിന്റെ സാംസ്ക്കാരിക തലസ്ഥാനമെന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ് നടക്കുന്ന നീലേശ്വരത്ത് സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ സ്വന്തമായി ഒരു ടൗൺഹാൾ പോലുമില്ല. സിനിമാശാലകളില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയും നീലേശ്വരമാണ്.

വാഗ്ദാനങ്ങൾക്കും പ്രസ്താവനകൾക്കും പഞ്ഞമില്ലെങ്കിലും നഗരസഭ ഇപ്പോഴും മുട്ടിലിഴയുകയാണ്. നഗരസഭാ ഭരണസമിതിയിലെ പ്രതിപക്ഷ കക്ഷികളും നീലേശ്വരത്തെ വികസന മുരടിപ്പിൽ കടുത്ത നിസ്സംഗതയിലാണ്.

LatestDaily

Read Previous

‘ലാൽ സിംഗ് ഛദ്ദ’യുടെ പുതിയ പ്രൊമോ പുറത്തു വിട്ടു

Read Next

നാടും നഗരവും തെരുവ് നായ്ക്കളുടെ പിടിയില്‍